അവസ്ഥാന്തരങ്ങൾ പാർട്ട് 1
കോഫി മഗിൽ ഒഴിച്ചുവെച്ച കാപ്പിയുമായി അനുപമ ബാൽക്കണിയിൽ വന്നു നിന്നു. സാവധാനം കുടിച്ചു കൊണ്ട് റോഡിലേക്ക് നോക്കി. നഗരത്തിലെ തിരക്ക് കൂടി കൂടി വരുന്നു. നാട്ടിൽ പോകുന്നത് കൊണ്ട് ഇന്ന് ലീവ് എടുത്തു.. വൈകുന്നേരമാണ് ഫ്ലൈറ്റ്. അതിനുള്ളിൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെയ്ക്കണം. സന്ദീപിന് രാവിലെ മീറ്റിംഗ് ഉണ്ട്. ഉച്ചക്ക് വരാം എന്നും പറഞ്ഞാണ് പോയിരിക്കുന്നത്.
ഒരു വർഷത്തിലേറെയായിരിക്കുന്നു നാട്ടിലേക്കു പോയിട്ട്.
കഴിഞ്ഞ ആഴ്ച സ്മിത ചേച്ചി വിളിച്ചിരുന്നു. നാട്ടിലോട്ട് വരാൻ നിർബന്ധിച്ചു. അവരും നാളെ എത്തും. മഹേഷേട്ടന് നാട്ടിലേക്ക് ട്രാ ൻസ്ഫർ ആയി. നാട്ടിലോട്ട് പോകാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അച്ഛനെഅഭിമുഖീകരിക്കുന്നത് ഓർക്കുമ്പോൾ ഒരു പരവേശം….. മനസ്സ് പെട്ടെന്ന് അശാന്തമാകുന്നു.
അമ്മേ….. മോളുണർന്നു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു. അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു.
“പെട്ടെന്ന് ബ്രഷ് ചെയ്തിട്ട് വാ കുട്ടാ. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഹോംവർക്ക് വ ല്ലതും ഉണ്ടോന്ന് നോക്ക്. തിരിച്ചു വന്നു കഴിയുമ്പോൾ ഒന്നിനും നേരം കിട്ടത്തില്ല. അമ്മക്ക് കുറച്ചു പണി ഉണ്ട്. അച്ഛൻ വന്നാൽ ഉടനെ നമുക്ക് ഇറങ്ങണം. “
എല്ലാം ഒന്ന് അടുക്കി പെറുക്കി ഒതുക്കി വെച്ചിട്ട്, മോളെ കൂട്ടി താഴത്തെ സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങിച്ചു കൊണ്ടു വെച്ചു. നാട്ടിൽ കൊണ്ടു പോകാനുള്ള ബാഗ് ഇന്നലെ തന്നെ റെഡി ആക്കി വെച്ചിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വഴിയിലോട്ട് നോക്കി ഇരിപ്പായി. സന്ദീപ് വന്ന് ലഞ്ച് കഴിച്ചപ്പോഴേക്കും ടാക്സി എത്തി.
പെട്ടെന്നു തന്നെ മെയിൻ ഡോർ അടച്ച് താക്കോൽ, തൊട്ടടുത്തു താമസിക്കുന്ന തൃശൂർക്കാരി ചേച്ചിയെ ഏൽപ്പിച്ചിട്ട് ഇറങ്ങി. സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞിട്ട് ബാഗും മറ്റും എടുത്ത് ടാക്സിയിൽ കയറി. ഡ്രൈവറും സന്ദീപും കൂടി ബാംഗ്ലൂറിലെ ട്രാഫിക്ജാമിനെ കുറിച്ച് ആവേശത്തോടെ ചർച്ച ചെയ്യുന്നു.
തിരക്കേറിയ വഴിയിലോട്ട് കണ്ണുംനട്ട് ഇരുന്നപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമകളിൽ കണ്ണ് നിറഞ്ഞു.
എൻ ഐ ടി യിൽ നിന്നും പാസ്സ് ഔട്ട് ആയിട്ടു ക്യാമ്പസ് സെലെക്ഷൻ വഴി ഇവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി വന്നത് പെട്ടെന്ന് ഓർത്തു പോയി. അന്ന് സകുടുംബം ആണ് ജോയിൻ ചെയ്യാൻ എത്തിയത്.
ഞങ്ങൾ 5 പെൺകുട്ടികൾ ആണ് ഒരുമിച്ച് ജോയിൻ ചെയ്തത്. ഒരു പെൺകുട്ടി മലയാളി ആയിരുന്നു വടക്കാഞ്ചേരിക്കാരി. മറ്റു മൂന്നു പേരും വടക്കേ ഇന്ത്യ ക്കാർ.
കമ്പനി വക ഒരു ഫ്ലാറ്റ് ഒത്തുകിട്ടി. രണ്ടു ബാത്ത് അറ്റാച്ച്ഡ് മുറിയും കിച്ചണും. സുഖം.. സന്തോഷം. ആവശ്യത്തിന് പണം. ചെലവ് കഴിഞ്ഞുള്ള പണം ചോദിക്കാതെ തന്നെ എല്ലാ മാസവും അച്ഛന്റെ കയ്യിലേൽപ്പിക്കും. അച്ഛൻ അഭിമാനപൂർവം അത് വാങ്ങി വെക്കും. അപ്പച്ചിയുടെ മകൾ സ്മിത ചേച്ചിയ്ക്ക് അന്ന് ജോലി ആയിട്ടില്ലായിരുന്നു.
ആദ്യ ശമ്പളം കിട്ടി വീട്ടിൽ ചെന്ന അന്ന് അച്ഛൻ വിനീതിനെ വിട്ട് ഒരു വലിയ കേക്ക് വാങ്ങിച്ചു കൊണ്ടു വന്നു. തറവാട്ടിൽ ചെന്ന് അച്ഛച്ഛനെയും അച്ഛമ്മയെയും അപ്പച്ചിയേയും സ്മിതച്ചേച്ചിയെയും വിളിച്ചു കൊണ്ട് വന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.
“എന്റെ മോളെ കണ്ടോ….. ഇത്ര ചെറുപ്പത്തിലേ അവൾ ഒരു കരിയർ ഡെവലപ്പ് ചെയ്തിരിക്കുന്നു. ഞാൻ ഇന്ന് എത്ര സന്തുഷ്ടനാണെന്നു എനിക്ക് പോലും അറിയില്ല. ഇനി പറ്റിയ ഒരു പയ്യനെ കൂടി കണ്ടെത്തണം. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല. ഇത്രയും മിടുക്കി ആയ, ഇത്രയും ഉയർന്ന ശമ്പളം വാങ്ങിക്കുന്ന കുട്ടിയെ ആളുകൾ കൊത്തി ക്കൊണ്ട് പോകും.. “
അച്ഛൻ ആവേശം കൊണ്ട് സംസാരിച്ചു കൊണ്ടേ ഇരുന്നെങ്കിലും വേറെ ആരും ഒന്നും മിണ്ടിയില്ല. സ്മിതച്ചേച്ചി എന്റെ അടുത്തു വന്ന് എന്നെ ചേർത്ത് പിടിച്ച് കണ്ണുകളിലേക്ക് നോക്കി, “മിടുക്കിക്കുട്ടി ” എന്ന് പറഞ്ഞു. കേക്ക് കഴിച്ചിട്ട് എല്ലാവരും പിരിഞ്ഞു.
അമ്മ അടുത്തു വന്നു പറഞ്ഞു, “അനൂ, നിന്റെ ആദ്യ ശമ്പളം അച്ഛച്ഛന്റെ കയ്യിൽ കൊടുത്ത് അനുഗ്രഹം വാങ്ങണമായിരുന്നു. ഗുരുത്വം ഒക്കെ വേണം മോളെ”
ഞാൻ അച്ഛനെ നോക്കി. അച്ഛൻ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…
സന്ദീപ് കാറിന്റെ ഡോറിൽ മുട്ടി വിളിച്ചു. “ഇറങ്ങി വാ ഉമാ, എയർപോർട്ട് എത്തിയെടോ., ” ഞെട്ടി ഉണർന്നു.. മോളുടെ കയ്യിൽ പിടിച്ച് വേഗം ഇറങ്ങി.. ടാക്സി പറഞ്ഞു വിട്ടിട്ട് വേഗം കൌണ്ടറിലേക്ക് നടന്നു. ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞിട്ട് യാത്രക്കാരുടെ ലോഞ്ചിലേക്ക് പോയി. ഫ്ലൈറ്റ് എത്തിയിട്ടില്ല. സന്ദീപും മോളും കൂടി അതിലെ ഇതിലെ കറങ്ങി നടക്കുന്നു. സീറ്റിലേക്ക് ചാരി കണ്ണടച്ച് കിടന്നു.
സന്ദീപും മോളും തമ്മിൽ നല്ല അറ്റാച്ച്മെന്റ് ആണ്. പലപ്പോഴും ഞാൻ എടുക്കുന്നതിലും കൂടുതൽ കരുതൽ എല്ലാ കാര്യത്തിലും സന്ദീപ് എടുക്കാറുമുണ്ട്. പക്ഷേ മോളെ സംബന്ധിച്ച ഏതൊരു കുഞ്ഞു കാര്യത്തിന് പോലും എന്റെ അഭിപ്രായം തേടിയിരിക്കും. എന്നാൽ എന്റെ വീട്ടിൽ എല്ലാ കാര്യങ്ങളും അച്ഛൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. ഞാനുൾപ്പടെ ആരോടും ഒന്നും ആലോചിച്ചിരുന്നില്ല. “അച്ഛൻ മോൾ “എന്ന് എല്ലാവരും പറയുമ്പോൾ അച്ഛൻ അതിൽ അതിയായി ആഹ്ലാദിച്ചിരുന്നു….
അച്ഛൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാനും അത് വഴി അച്ഛന്റെ ഗുഡ് ബുക്സിൽ തന്നേ നിലനിൽക്കാനും ഞാനും വളരെ അധികം ശ്രദ്ധിച്ചിരുന്നു എന്നതാണ് സത്യം. എന്റെ റോൾ മോഡൽ എന്നും അച്ഛനായിരുന്നു. വിനീത് ആണെങ്കിൽ നേരെ തിരിച്ചും. ഒരു പന്ത്രണ്ടു വയസ്സിനു ശേഷം അവൻ അച്ഛനോട് അധികം ഒന്നും സംസാരിക്കാറേ ഇല്ലായിരുന്നു. അമ്മയുടെയും അപ്പച്ചിയുടെയും പുറകെയായിരുന്നു എപ്പോഴും.
എനിക്ക് അറിവായ കാലം തൊട്ട് അച്ഛമ്മയോട് അച്ഛമ്മയുടെ നിറത്തെ ചൊല്ലി അച്ഛൻ വഴക്കുണ്ടാക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അച്ഛമ്മയുടെ ഇരുണ്ട നിറമാണ് എന്റെ മോൾക്ക് കിട്ടിയതെന്നു പറഞ്ഞു എന്നും ദേഷ്യപ്പെടുന്നത് കേട്ടു കേട്ട് ചെറിയ ഒരു അപകർഷതാ ബോധം എന്നിൽ ഉടലെടുത്തിരുന്നുവെന്നതാണ് സത്യം.
ഒരിക്കൽ സ്കൂളിൽ നിന്നും വന്ന ഞാൻ കുളിയൊക്കെ കഴിഞ്ഞ് തറവാടിന്റെ പൂമുഖത്തിരിക്കുന്ന അച്ഛമ്മയെ കണ്ട് പൊട്ടിത്തെറിച്ചു. “യൂ ഗെയ്വ്വ് മി ദിസ് ഡേർട്ടി കളർ “എനിക്ക് ഈ നിറം വേണ്ടാ. എനിക്ക് സ്മിത ചേച്ചിയുടെ നിറം വേണം. വിനീതിനും നല്ല നിറം ഉണ്ട്. ഐ ഹേയ്റ്റ് യൂ അച്ഛമ്മാ “
പിന്നെയും എന്തൊക്കയോ പറഞ്ഞ എന്നെ അമ്മ ഓടിവന്ന് അകത്തോട്ടു കൊണ്ടുപോയി. ” ഇനിയും നീ അച്ഛമ്മയോട് ഇങ്ങനെ വല്ലതും പറഞ്ഞാൽ വിവരമറിയും ” എന്ന് പറഞ്ഞിട്ട് ഓടി തറവാട്ടിലോട്ട് പോയി.
അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് അമ്മ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടു. ചെറിയ ഒരു കുറ്റബോധം. തറവാടിന്റെ അടുക്കളപ്പുറത്തൂടെ ചെന്ന് ഒളിഞ്ഞു നോക്കി. അമ്മയുടെ പ്രതികരണത്തിൽ ഞാനും ഭയന്ന് പോയിരുന്നു.
അപ്പച്ചി അമ്മയോട് പറയുന്നു. “പദ്മിനി വിഷമിക്കേണ്ട, അമ്മയ്ക്ക് ഇത് പുത്തരിയല്ല.. ചേട്ടൻ പണ്ട് മുതലേ അമ്മയെ നിറത്തിന്റെ പേരിൽ കുത്തിനോവിക്കാറുണ്ട്. അനുവിന് അമ്മയുടെ നിറമാണ് കിട്ടിയതെന്ന് പലവട്ടം പിള്ളേരുടെ മുമ്പിൽ വെച്ച് പറഞ്ഞിട്ടുമുണ്ട്.
ചേട്ടൻ വെളുത്ത നിറമുള്ള പെണ്ണിനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് അച്ഛനോട് എന്നും പറയുമായിരുന്നു. അച്ഛൻ എന്തിനാ നിറമില്ലാത്ത ആളെ കല്യാണം കഴിച്ചെ എന്ന് ചോദിച്ച ചേട്ടനെ അവൾ എൻറ കൂടെ അല്ലേ കഴിയുന്നത് എന്ന് ചോദിച്ചു വാ അടപ്പിച്ചതാ അച്ഛൻ. അനുവിന്റെ മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്തകൾ വല്ലതും ഉണ്ടെങ്കിൽ അത് മാറ്റണം. അതാണ് നമ്മൾ ചെയ്യേണ്ടത്. “
തോളിൽ ആരോ തട്ടിയെന്ന് തോന്നി, കണ്ണ് തുറന്ന് നോക്കി. സന്ദീപും മോളും. “എന്താടോ വലിയ ആലോചനയിൽ ആണല്ലോ. ?”
വെറുതെ കണ്ണ് ചിമ്മി കാണിച്ചു.
“എഴുന്നേൽക്ക്, ഫ്ലൈറ്റിന്റെ അനൗൺസ്മെന്റ് വന്നു. വാ പോകാം. “
എഴുന്നേറ്റ് ബാഗും എടുത്ത് നടന്നു.
മോൾ അച്ഛന്റെ കൈയും പിടിച്ച് ചാടി ചാടി ആണ് പോകുന്നത്. ഏതായാലും മൂന്നു പേർക്കും അടുത്തടുത്ത സീറ്റ് ആണ്.
സീറ്റിൽ ചാരി കണ്ണടച്ച് ഇരുന്നു. മോൾ വലിയ ഉത്സാഹത്തിൽ ആണ്. അച്ഛനോട് എന്തൊക്കെയോ പറഞ്ഞു തകർക്കുന്നു. ഒന്നര വർഷം മുമ്പ് മോളും സന്ദീപും ഇല്ലാതെ അച്ഛനൊപ്പം നടത്തിയ ഒരു യാത്ര ഓർമ്മയിൽ തെളിഞ്ഞു. സന്ദീപ് പിണങ്ങി പോയി ഒരാഴ്ച കഴിഞ്ഞ്അച്ഛൻ എന്നെ കൊണ്ട് ചെന്ന് ബാംഗ്ലൂരിൽ ആക്കി. മോളെ നാട്ടിൽ അമ്മയെഏൽപ്പിച്ചു.
ഞങ്ങൾ താമസം രണ്ടിടത്താക്കി. ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് ഞാൻ മാറി. ഞാനുംസന്ദീപും പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു എന്ന് തന്നെ പറയാം. സന്ദീപിന്റെ ഫ്ലാറ്റിൽ നിന്നും എന്റെ സാധനങ്ങൾ എടുക്കാൻ പോലും അച്ഛനാണ് പോയത്.
ദീപാവലിക്ക് രണ്ടാഴ്ച അവധിയെടുത്ത് വീട്ടിൽ വന്നു നിന്നു. മോൾ എല്ലാവരോടും നന്നായി ഇണങ്ങിയിരുന്നു. രണ്ടു വീട്ടിലെയും എല്ലാവരുടെയും ദിനചര്യകൾ പോലും മോൾ മാറ്റിയെന്ന് പറയാം.
എല്ലാവരും മോളുടെ പുറകെ ആയിരുന്നു. ആരും എന്നോട് സന്ദീപി നെക്കുറിച്ച് ഒന്നും ചോദിച്ചില്ല എന്നുള്ളത് വലിയ ആശ്വാസം ആയിരുന്നു.
ആ രണ്ടാഴ്ചയാണ് ഞാൻ സ്മിതചേച്ചിയും മഹേഷേട്ടനും തമ്മിലുള്ള ആ പ്രണയം കണ്ടത്. ഇങ്ങനെ ഉള്ള ഒന്ന് എനിക്ക് എന്നും അന്യമായിരുന്നു. ഞാൻ കണ്ടിട്ടോ അനുഭവിച്ചിട്ടുള്ളതോ അല്ലാത്ത ഒരു മാസ്മരികത. ശരിക്കും ഞാൻ അതിൽ വീണുപോയി. അവർ തമ്മിലുള്ള ഒരു നോട്ടത്തിൽ പോലും പ്രണയം വിടർന്നു പൂക്കുന്നത് ഞാൻ കണ്ടു. ഞങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ പോലും പലപ്പോഴും അവർ അവരുടേതായ ഒരു ലോകം മെനഞ്ഞെടുത്ത് അതിനുള്ളിലായിരുന്നു.. പ്രണയം കൊണ്ട് ഒരു വസന്തം തീർക്കുന്നവർ. എല്ലാം എനിക്ക് ഒരു പുതുമ ആയിരുന്നു.
ഒരു നിമിഷം എന്റെയും സന്ദീപിന്റെയും ജീവിതം ഓർമ്മ വന്നു. എനിക്ക് സന്ദീപിനോട് ഉള്ള ബന്ധം എന്തായിരുന്നു? പ്രണയം ഉണ്ടായിരുന്നോന്നു ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമില്ല എന്നതാണ് സത്യം.
എനിക്ക് ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ബാംഗ്ലൂരിൽ തന്നെ ജോലി ചെയ്യുന്ന സന്ദീപിന്റെ ആലോചനയുമായി അച്ഛൻ വന്നു. ഇപ്പോഴേ വേണ്ടാ, കുറച്ചു കഴിയട്ടേ എന്ന് ഞാനും അച്ഛച്ഛനും അമ്മയും അപ്പച്ചിയും ഒക്കെ പറഞ്ഞുവെങ്കിലും അച്ഛൻ സമ്മതിച്ചില്ല. പെട്ടെന്ന് തന്നെ കല്യാണവും നടത്തി. സന്ദീപിന്റെ ഫ്ലാറ്റ് എന്റെ ഓഫീസിന്റെ അടുത്ത് ആണ്. അതിനാൽ കാര്യങ്ങൾ എളുപ്പമായി.
എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അച്ഛൻ വിളിക്കും. ഓരോരോ കാര്യങ്ങൾ ചോദിക്കും. എന്റെയും സന്ദീപിന്റെയും ശമ്പളം എങ്ങനെയാണു മാനേജ് ചെയ്യുന്നത്? സന്ദീപിന്റെ വീട്ടിൽ നിന്ന് ആരൊക്ക വിളിച്ചു? വീട്ടിൽ സന്ദീപ് പണം കൊടുക്കുന്നുണ്ടോ? എനിക്കറിയാവുന്നതെല്ലാം ഞാൻ വള്ളി പുള്ളി വിടാതെ പറയും. പണ്ടേ ഞാൻ അങ്ങനെ ആയിരുന്നു.
എന്റെ വീട്ടിലെ അത്രയും സാമ്പത്തിക ഭദ്രത സന്ദീപിന്റെ വീട്ടിൽ ഇല്ലായിരുന്നു. അത് അച്ഛന് അറിയുകയും ചെയ്യാമായിരുന്നു. എല്ലാ ദിവസവും എന്നെ ഓഫീസിലേക്ക് വിളിച്ച് ‘സന്ദീപിന്റെ പണം നീ അറിയാതെ എങ്ങോട്ടും പോകരുത് എന്നും നീ വേണം അവനെ നിയന്ത്രിച്ചു കാര്യങ്ങൾ നടത്താൻ’ എന്നും പറഞ്ഞു കൊണ്ടേ ഇരുന്നു. അനുസരിക്കുന്നില്ല എന്ന് പറഞ്ഞ് എന്നോട് ദേഷ്യപ്പെടുമെങ്കിലും അത് ശരിയല്ല എന്ന് എനിക്ക് തോന്നിയതിനാൽ ഞാൻ ഒന്നും സന്ദീപിനോട് പറഞ്ഞില്ല.
പക്ഷേ അടുത്ത അവധിക്ക് നാട്ടിൽ വന്നപ്പോൾ അച്ഛൻ ഈ കാര്യം സന്ദീപിനോട് പറഞ്ഞു. സന്ദീപ് വളരെ കൂൾ ആയിട്ട് പറഞ്ഞു. “എന്റെ വീട്ടിൽ എനിക്ക് പണം കൊടുത്തേ പറ്റൂ. ഉമയുടെ ഒരു പൈസ പോലും ഞാൻ വാങ്ങുന്നില്ല. എന്റെ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കും. “
അച്ഛന് അത് ഇഷ്ടമായില്ല. “എന്റെ മകൾ വളരെ ബ്രില്ലിയന്റ് ആണെന്നും, NIT യിൽ നിന്നും പഠിച്ചിറങ്ങിയതാണെന്നും നിന്റെ അത്ര ശമ്പളം അവൾക്കുണ്ടെന്നും നിന്റെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് അവൾ അറിയാണമെന്നും ഒക്കെ പറഞ്ഞു. ”
ഒന്നും രണ്ടും ഒക്കെ പറഞ്ഞ് വഴക്കായി. സന്ദീപ് പിണങ്ങി ഇറങ്ങി വീട്ടിൽ പോയി. “നീ വരുന്നെങ്കിൽ ഇപ്പോൾ എന്റെ കൂടെ വരണം ” എന്ന് പറഞ്ഞു എന്നെ നോക്കി..
“എന്റെ മോളെ നിന്റെ വീട്ടിലോട്ട് ഞാൻ വിടുന്നില്ല. ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ച അവൾ അവിടെ വന്നു താമസിക്കില്ല. ഞാൻ അവളെ ബാംഗ്ലൂരിൽ കൊണ്ട് വിടും… “
സന്ദീപ് അച്ഛനെയും എന്നെയും മാറി മാറി നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.
പിറ്റേ ദിവസം ഫ്ലാറ്റിലെത്തിയ ഞങ്ങൾ രണ്ടു പേരും ഒന്നും സംഭവിക്കാത്തത് പോലെ ആണ് പെരുമാറിയത്. എങ്കിലും എന്തോ ഒരു കരട് ലൈഫിൽ ഉണ്ടായതു പോലെ! പക്ഷേ അതിനെകുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും സമയമില്ലാത്തവർ ആയതുകൊണ്ട് അത് അങ്ങനേ പോയി.

