Author: Anamika S

എഴുതാൻ ഇഷ്ടം....

തീരെ അപരിചിതമായൊരു രൂപം കാലങ്ങൾക്കിപ്പുറം നിലക്കണ്ണാടിക്ക് മുൻപിൽ എന്നോട് കൊഞ്ഞനം കുത്തുന്നു. വധുവിന്റെ രൂപത്തിൽ നിന്നും അടുക്കളക്കാരിയിലേക്കുള്ള രൂപമാറ്റം സംഭവിച്ചപ്പോൾ പ്രിയപ്പെട്ടവരെ കാത്തുപരിപാലിക്കാൻ, നിമിഷ നേരം കൊണ്ട് ആയിരിക്കുന്ന രൂപത്തിനൊപ്പം മാറും ജലം പോൽ കെട്ടിയാടേണ്ടിവന്ന പല പല രൂപങ്ങൾ സ്വന്തം രൂപം ശ്രദ്ധിക്കാൻ നേരമൊക്കാതെയുള്ള ഓട്ടപ്പാച്ചിലുകൾക്കവസാനം വിരൂപിയായപ്പോൾ ” ഇതെന്തൊരു രൂപം എന്തൊരു കോലം” എന്നുരചെയ്തതൊക്കെ ആ പ്രിയപ്പെട്ടവരൊക്കെത്തന്നെ ഇന്നിപ്പോൾ ആർക്കും മുഖം കൊടുക്കാതൊരു അരൂപിയായി മാറാൻ മനം കൊതിക്കുന്നു

Read More

അവിചാരിതമായി അടുത്തവർ ഒരിക്കൽ ഒരു പെരുമഴ കണ്ണിൽ നിറച്ചു പരസ്പരം വിട പറഞ്ഞകന്നവർ ഓട്ടോഗ്രാഫിന്റെ താളുകളിൽ കണ്ണുനീരാൽ പടർന്ന മഷികൊണ്ട് മറക്കാൻ മരിക്കണം എന്നെഴുതിയവൻ ഒരു നിമിഷംപോലും കാണാതിരിക്കാൻ കഴിയില്ലെന്ന് എഴുതിയവൾ കാലങ്ങൾക്കിപ്പുറം അവിചാരിതമാമൊരു കണ്ടുമുട്ടലിൽ കണ്ണുകൾ കോർത്തപ്പോൾ വിളറിയൊരു പുഞ്ചിരിപോലും നൽകാതെ ഒപ്പമുള്ളവർക്കൊപ്പം രണ്ടപരിചിതരെപ്പോലെ ഇരുവഴി പിരിഞ്ഞവർ

Read More

“കഴിച്ചോ? ഒപ്പമില്ലാത്തപ്പോളൊക്കെ ഒന്ന് വീതം മൂന്ന് നേരം ഇക്കാലമത്രയും ചോദിച്ചിട്ടും തിരിച്ചൊരിക്കൽ പോലും നീ കഴിച്ചോ എന്നൊരു ചോദ്യം അയാൾ അവളോട് ചോദിക്കാൻ മറന്നു. “കഴിച്ചോ?” അയാളുടെ ഫോണിൽ എത്രയെത്ര വേണ്ടപ്പെട്ടവർക്ക് അയാൾ അയച്ച സന്ദേശങ്ങൾ വായിച്ചു മാത്രം എത്രയോ ദിവസങ്ങൾ അവൾ അവളുടെ കണ്ണും വയറും നിറച്ചിരിക്കുന്നു. സ്വന്തം വയർ കത്തിക്കാളുമ്പോളും അയാളുടെ വരവിനായി കാതോർത്തു കഞ്ഞിക്കലത്തിൽ വെള്ളമൊഴിക്കാതെ അടുക്കള ഭിത്തി ചാരി ഉറക്കമിളച്ചു നോക്കിയിരിക്കുമ്പോൾ നിലത്തുറയ്ക്കാത്ത കാലുകളോടെ ആടിയാടി എത്തി ‘കഴിച്ചോ?’എന്ന ചോദ്യത്തിനുത്തരം പറയാതെ കട്ടിലിലേക്ക് മറിയുന്ന അയാളുടെ നിശ്വാസങ്ങളിൽ ഏമ്പക്കങ്ങളിൽ അതിനുള്ള ഉത്തരം കിട്ടിയിട്ടും ഒരുപിടി വറ്റ് കഴിക്കാതെ അവൾ ഉറക്കത്തെ തിരഞ്ഞിരിക്കുന്നു.

Read More

തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു നിൽക്കുന്ന എല്ലുന്തി വളഞ്ഞൊരു രൂപം,അമ്മ.. കണ്ണാപ്പയിൽ കോരിയെടുത്തു വാഴയിലയിൽ നിരത്തിവെച്ച മൊരിഞ്ഞ നെയ്യപ്പങ്ങൾ കട്ടെടുത്തോടുന്ന കലപില കുഞ്ഞുങ്ങൾ കഴിച്ച് തീർത്ത ശേഷം കൈയ്യിലെ എണ്ണമയം മൊരി പിടിച്ച കാലിൽ അമർത്തി തിരുമ്മി ഒരു വാക്കും മിണ്ടാതിറങ്ങി പോകുന്ന അച്ഛൻ ഒരിക്കൽപോലും അമ്മയാ നെയ്യപ്പങ്ങൾ രുചിച്ചിരുന്നില്ല നന്നായിരുന്നെന്നൊരു വാക്ക് പറയാൻ ഞാനടക്കം എല്ലാരും മറന്നു ആരും അമ്മയ്ക്കായി ഒന്നും ബാക്കിവെച്ചിരുന്നുമില്ല അതിലൊന്നും ഒരു പരിഭവവും കാട്ടാതെ എന്നിട്ടും ബാക്കി എല്ലാവർക്കുമായി വൈകുന്നേരങ്ങളിൽ അമ്മ നെയ്യപ്പം ചുട്ടിരുന്നു അകം പുറം വെന്തു നീറുന്ന അവഗണനയിൽ പൊന്തി വീർത്ത ഹൃദയം മിടിക്കാൻ മറന്നിടം വരെ

Read More

ഒരിടത്ത് ഒരിക്കൽ ഒരുവൾ ജീവിച്ചിരുന്നു ഓണത്തുമ്പിയുടെയും ഓലേഞ്ഞാലിയുടെയും പിന്നാലെ ഓടി മതിയാവാത്തൊരുവൾ… ഒളി മങ്ങാത്ത ചിരിയോടെ ഓർമ്മകളുടെ ഓരത്തു ഒരിടത്ത് അവളിപ്പോഴുമുണ്ട് ഒരിടത്ത് ഇപ്പോഴും ഒരുവൾ ജീവിക്കുന്നുണ്ട് ഒന്നുറങ്ങാനും ഒരുവേള ഒന്നുറക്കെചിരിക്കാനും ഒരുപാടു പേരുടെ ഇഷ്ടങ്ങൾ ഒത്തു നോക്കി ഒടുവിൽ ഒന്നുമല്ലാതായിപ്പോയൊരുവൾ

Read More

പാറിപ്പറന്നു നടക്കേണ്ട പതിനാറിന്റെ പാവാട ചെറുപ്പത്തിൽ അവൾ കേട്ടു “പ്രായമായി അടങ്ങിയൊതുങ്ങി നടന്നോണം” ആധിമൂത്തു നര കയറി തുടങ്ങിയ അൻപതുകളുടെ തുടക്കത്തിലും കേട്ടു “പ്രായമായി കുറച്ചൊക്കെ അടങ്ങിയൊതുങ്ങി ജീവിച്ചൂടെ ” അവസാന കാലത്തും ആ പല്ലവിക്കൊരു മാറ്റമുണ്ടായില്ല “പ്രായമെത്രയായെന്നു വല്ല വിചാരവുമുണ്ടോ? പ്രായം പലപ്പോഴും അവൾക്കുമാത്രമുള്ള ഓർമ്മപ്പെടുത്തലാണ് പ്രായത്തിന്റെ ഓരോ നാൾ വഴിയിലും അവളങ്ങനെ അടങ്ങി ഒതുങ്ങി ഒടുങ്ങി

Read More

“നിനക്കവൻ ആരാണ്? “എന്റെ എല്ലാം.. എന്റെ പ്രിയപ്പെട്ടവൻ” “നിന്റെ നെറ്റിയിലെന്താ ഒരു മുറിവ്? “അതിന്നലെ എന്തോ പറഞ്ഞപ്പോൾ അവൻ..” “നിന്റെ ഫോൺ എവിടെ?” “അത് കഴിഞ്ഞ ദിവസം അവനു ദേഷ്യം വന്നപ്പോൾ…” “കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഡ്രസ്സ്‌ ഇട്ടുകണ്ടില്ലല്ലോ?” “അതവന് ഇഷ്ടപ്പെട്ടില്ലന്ന്.. അതാ ഞാൻ..” “എന്റെ പെണ്ണേ…. നിനക്കവൻ പ്രിയപെട്ടവൻ ആയിരിക്കും പക്ഷേ അവനു നീ പ്രിയപ്പെട്ടതായിരുന്നുവെങ്കിൽ നിന്റെ മനസ്സും ശരീരവും അവൻ നോവിക്കില്ലായിരുന്നു നിന്റെ ഇഷ്ടങ്ങളെ ചവിട്ടി അരയ്ക്കില്ലായിരുന്നു നിന്റെ കണ്ണ് നിറയ്ക്കില്ലായിരുന്നു… നിന്നെ നീയായി നിലകൊള്ളാൻ സമ്മതിക്കുന്നവനല്ലേ നിന്റെ പ്രിയപ്പെട്ടവൻ ആവേണ്ടത്? നിനക്കേറ്റം പ്രിയപ്പെട്ടത് നീ തന്നെയാവട്ടെ ആ നിന്റെ ഇഷ്ടങ്ങൾ നീ മടിയ്ക്കാതെ ചെയ്യൂ….”

Read More

അലിവോലുന്നൊരു നോക്കോ അനുഭാവത്തോടുള്ളൊരു വാക്കോ അകം നിറഞ്ഞൊരുചേർത്തുപിടിക്കലോ അത്ര മാത്രം മതിയാവും അവൾക്ക് അതുവരെ അനുഭവിച്ച അവഹേളനങ്ങളും അല്ലലും അഭിമാനക്ഷതങ്ങളും അരണയെപ്പോലെ മറന്നുകളഞ്ഞ് അവനെ പിന്നെയും സ്നേഹിക്കാൻ

Read More

പാതിരാവിന്റെ പടിവാതിലിൽ കൺചിമ്മിത്തുറക്കുന്ന വെണ്മയേറും മുല്ലപ്പൂവിൻ ഗന്ധം അങ്ങേലെ തൊടിയും കടന്നെന്റെ മുടിയിൽ നിറയാൻ ഒരു കുഞ്ഞുപൂവട്ടിയിൽ അവനേകും മുല്ലപ്പൂമൊട്ടുകൾ എന്റെ പുലരികളിൽ നിറഞ്ഞോരു കാലം മുടിമറഞ്ഞു ചൂടിയ പൂക്കൾക്കൊപ്പം കഴുത്തിലെ വരണമാല്യത്തിലും പിന്നൊരുനാൾ മുല്ലപ്പൂക്കൾ ചിരിച്ചു ചൂടിയ പൂ വാടും മുൻപേ തനിച്ചാക്കി പോയവന്റെ ഓർമ്മകളിൽ ഒരു മുല്ലപ്പൂക്കാലം തിരഞ്ഞിന്നും ഞാൻ തനിച്ച്

Read More

ആരോ ഒരാളിന്നെന്റെ അകതാരിൽ പാതി മഞ്ഞോരോർമ്മചിത്രമായി മെല്ലെ തെളിയുന്നു പരസ്പരം കൈമാറിയ പുഞ്ചിരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടങ്ങൾ കൊതിയോടെ കാത്തിരുന്ന സംസാരങ്ങൾ ഭ്രമിപ്പിച്ച സാമിപ്യങ്ങൾ ഒടുവിൽ ഒരിക്കലും ഒന്നിക്കാനാവാത്ത രണ്ട് സമാന്തര രേഖകൾപോലെ ഇരുവഴി പിരിഞ്ഞ പ്രണയം എല്ലാമെല്ലാമാണെന്ന് ആയിരം വട്ടം പറഞ്ഞവന് ഞാനും എനിക്കവനും ഇന്ന് വെറും ആരോ ഒരാൾ

Read More