Author: KRISHNAN M.K.

കേരള സ്റ്റേറ്റ് എക്സൈസ് ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമിച്ചതാണ്. എഴുത്തും വായനയും എൻ്റെ പാഷനാണ്. നേരും നെറിയും ന്യായവുമുള്ള കാര്യങ്ങൾ നർമ്മം ചേർത്തെഴുതുക എന്നതാണ്‌ ശീലം. നിഷ്പക്ഷ രാഷട്രീയമാണ് അഭികാമ്യം. അടിമകക്ഷിരാഷ്ട്രീയം എഴുതുന്നതും വായിക്കുന്നതും പിന്താങ്ങുന്നതും അറപ്പുളവാക്കും.

നട്ടുച്ചയ്ക്ക് ഇരുട്ടു പരക്കുന്നത് സമൂഹത്തിൻ്റെ കൊടിയ ഗ്രഹണ സമയത്താണ്. വെളിച്ചങ്ങൾ മുഴുവൻ മറച്ചുകൊണ്ട് CCTV ക്യാമറകളുടച്ച് ദൃക്സാസാക്ഷികളെ വരിയുടച്ച് ചെമ്പുപൂശിയ മഹസ്സറെഴുതി ദ്വാരപാലകരുടെ തുണിയുരിഞ്ഞ് വിശ്വാസികളുടെ സ്വർണ്ണം കവരുന്ന അധികാരമീമാംസയുടെ പുതിയ രസതന്ത്രത്തിലും ഇരുട്ടുപരക്കും. നട്ടുച്ച ഒരുന്മാദം കൂടിയാണ്. ഉറക്കത്തിലേയ്ക്കും പുനർജന്മത്തിലേയ്ക്കും പുരാവൃത്തങ്ങളിലേയ്ക്കും ജീവിതത്തിൻ്റെ ഇരുട്ടടഞ്ഞ അബോധത്തിലൂടെ കയറിപ്പോവുന്നത്. നൻ പകൽ നേരത്തെ മയക്കത്തിലൂടെ ജയിംസ് ബസ്സിറങ്ങി തമിഴ്നാട്ടിലെയേതോ ഗ്രാമത്തിലേയ്ക്കും ഭാഷയിലേയ്ക്കും ജൈവികത്തിലേയ്ക്കും നടന്നു പോകുമ്പോലെ. ഞാൻ മറന്നു പോയച്ഛാ… എന്നു പറഞ്ഞുകൊണ്ട് രഘുനാഥ് പലേരിയുടെ കഥയിലെ മകൾ അപ്പോൾ കണ്ട ഒരു വീടിൻ്റെ പടി കടന്നു പോവുമ്പോലെ. അതേ, അത്തരം ഇരുട്ടുകളുമുണ്ട് നട്ടുച്ചയ്ക്ക്. ഏകാന്തമായ സ്ഥലങ്ങളിൽ ഉച്ചസൂര്യൻ്റെ തീക്ഷ്ണതയിൽ ഒറ്റയ്ക്കായിപ്പോകുനൊരാൾ എളുപ്പം ഭീതിയുടെ ഇരുട്ടിലായിപ്പോവുമെന്നു പറഞ്ഞത് എത്ര ശരിയാണ്. ഇനി ഇരുട്ടായാലോ??? മേലായാൽ കഴുകിക്കളയണം… തുണിയിലായാൽ അലക്കിയെടുക്കണം… എഴുത്തിലായാൽ തിരുത്തി വലിച്ചെടുക്കണം.. വായനയിലായാൽ വലഞ്ഞുപോവും… ഓരോരോ ഉച്ചക്കിറുക്കുകളേയ്… നന്ദി. #എന്റെരചന #നട്ടുച്ചക്ക് ഇരുട്ടായാൽ

Read More

എൺപതുകളിലെ ഒരു വിരസമായ സന്ധ്യയ്ക്ക് ഞാനും കൂട്ടുകാരനും കൂടി ഒരു സിനിമ കാണാനിറങ്ങിയതാണ്. അന്ന് കറുകുറ്റിയിൽ ജയൻ എന്നൊരു സിനിമാതീയേറ്ററുണ്ടായിരുന്നു. ഹൈവേയിൽ നിന്നും വലത്തോട്ട് തിയേറ്ററിലേയ്ക്ക് വണ്ടി വളച്ചതേ ഓർമ്മയുള്ളൂ, ഒരു കാറു വന്നിടിച്ചു. റോട്ടിൽ തെറിച്ചു വീണു. എൻ്റെ കയ്യും കൂട്ടുകാരൻ്റെ കാലും ഒടിഞ്ഞു. പിറ്റേന്ന് മെഡിക്കൽ ട്രസ്റ്റിലെ ബെഡിൽ ഓപ്പറേഷനും കഴിഞ്ഞ് വച്ചുകെട്ടിയ കയ്യുമായി കണ്ണുതുറന്നപ്പോൾ ആരോ ചോദിച്ചു. ‘ഹോസ്പിറ്റലിൽ കൊണ്ടുവന്നതാരാണ്?’ ‘ഇടിച്ചിട്ട വണ്ടിക്കാരായിരിക്കും…’ ‘അവരല്ലാന്നാ പറഞ്ഞത്…’. ‘പിന്നെ ആരായിരിക്കും. അവിടത്തെ ഓട്ടോറിക്ഷക്കാരോ ടാക്സിക്കാരോ ആയിരിക്കുമോ?’ ‘ആരായാലും വണ്ടിക്കാശു വാങ്ങാൻ വരാതിരിക്കില്ലല്ലോ?’ ആരും വന്നില്ല. സംഭവസ്ഥലത്തും ആശുപത്രിയിലും അറിയാവുന്നയിടങ്ങളിലും ഒക്കെ അന്വേഷിച്ചു. കൂട്ടുകാരനെ മെഡിക്കൽ ട്രസ്റ്റിൽ നിന്നും സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. അവനും പറഞ്ഞു അതാരാണെന്ന് അറിയില്ലെന്ന്. ആരായാലും അയാൾക്ക് സർവ്വേശ്വരൻ നന്മകൾ നൽകട്ടെ. ഇതു വായിച്ചിട്ട് ആർക്കെങ്കിലും ഓർമ്മ കിട്ടിയാൽ, അറിയാമെങ്കിൽ, ഒന്നു പറയണേ…. നന്ദി.

Read More