നീതിപാലിച്ചിടേണ്ട നീതിപീഠംപോലും നേരിനെ വളച്ചൊടിക്കുന്ന നേരും നെറിയുംകെട്ട ഇക്കാലത്ത്, നേരുതേടി അലഞ്ഞിടാം. നേരിന്റെ പാതയിൽ നടന്നിടാം, നേരിനായ് ശബ്ദമുയർത്തിടാം . കർമ്മമണ്ഡലങ്ങളിൽ സത്യവും ധർമ്മവും നിറച്ചിടാം. അധർമ്മം അടിത്തറയാക്കി പണിതുയർത്തിയതൊന്നും വാഴില്ല ഒരു കാലത്തും. റംസീന നാസർ
Author: Ramzeena Nasar
ജീവിതത്തിൽ ആദ്യമായി അടിവസ്ത്രത്തിൽ പറ്റിയ ചുവന്നകറ കണ്ട് ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടിവന്ന അമ്മയുടെ മുമ്പിലേക്ക് അടിവസ്ത്രം നീട്ടിക്കാണിച്ചതും കരഞ്ഞതും ഒന്നിച്ചായിരുന്നു. വളരെ ചെറുപ്രായത്തിൽ വയസ്സറിയിച്ച മകളെ നോക്കി അമ്മയും കൂടെക്കരഞ്ഞു. അമ്മയുടെ പഴയൊരു കോട്ടൺസാരി മുറിച്ചു അടിവസ്ത്രത്തിൽ ചേർത്തുവെക്കാൻ പറഞ്ഞപ്പോൾ അന്നുവരെ തോന്നാത്ത ഒരു അറപ്പ് ഉടലെടുത്തിരുന്നു ഉള്ളിന്നുള്ളിൽ. ആരും കാണതെ, അറിയാതെ കഴുകി ഒളിപ്പിച്ചുവെക്കാൻ വിധിക്കപ്പെട്ടതായിരുന്നു അവ. പക്ഷേ ജീവിതത്തിന്റെ വഴിയാത്രയിൽ തിരിച്ചറിഞ്ഞ സത്യമായിരുന്നു ഏറ്റവും മൂല്യവും ശുദ്ധിയും വൃത്തിയും നൽകേണ്ടവയാണ് അവയെന്ന്. ഇന്നും മനസ്സിൽനിന്ന് ഉയർന്നുവരുന്ന ചോദ്യമുണ്ട്. അടിവസ്ത്രങ്ങളെപ്പറ്റി പറയുമ്പോൾ പലരുടെയും ചുണ്ടിൽവിരിയുന്ന ചിരിയുടെ അർത്ഥം എന്താണെന്ന് ? അത്രയ്ക്കു മാന്യത അർഹിക്കാത്ത വസ്ത്രമാണോ അടിവസ്ത്രം. റംസീന നാസർ
മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ. മനംമടുപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് ജീവിതം മടുത്തവർ പ്രതിസന്ധികളിൽ തകർന്നടിഞ്ഞവർ ജീവതത്തിൽ മറ്റൊരു പൊൻപുലരിവരുമെന്ന് സ്വപ്നകണ്ടുറങ്ങുന്നവർ നിരാശരായി ഉറക്കം നഷ്ടപ്പെട്ടു അലഞ്ഞു നടന്നേനെ. അസ്തമയങ്ങളെ അത്രമേൽ മനോഹരമാക്കുന്നതും പുലരിയെന്ന പ്രതീക്ഷയാണ്. പൊന്നിൽചാലിച്ചെടുത്ത പുലരികൾ കണ്ടുണരാൻ സാധ്യമാകട്ടെ ഓരോ അസ്തമയങ്ങൾക്കും. ജീവിതത്തിന്റെ പൊൻ പുലരിക്കായ് കാത്തിരിക്കാം പ്രതീക്ഷയോടെ. റംസീന നാസർ
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കുന്നോളമുള്ള സങ്കടങ്ങളുടെയും ഊരാക്കുടുക്കിൽ പെട്ടു പിടയുന്ന മനുഷ്യനോടും ചോദിക്കും സുഖമാണോ? അവനു സുഖമില്ല എന്ന മുൻവിധിയുണ്ടായിട്ടും അവൻ ഏറ്റു വാങ്ങിയ ചോദ്യങ്ങളിൽ ആവർത്തിക്കപ്പെട്ടത്. മനസ്സിൽ അണകെട്ടി നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകിയാൽ കണ്ണുനീരിന്റെ ജലസാഗരമുണ്ടാവുന്നത്ര പ്രശ്നങ്ങളുണ്ടായിട്ടും അവൻ നിർവികാരതയോടെ പറഞ്ഞു സുഖമെന്ന്. റംസീന നാസർ
എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ അവൾക്ക് പഴയ ഉത്സാഹം നഷ്ടപ്പെട്ടപോലെ ഉണ്ടോ? തന്റെ തോന്നലാവുമെന്ന് മനസ്സിനെ തിരുത്താൻ ശ്രമിക്കവേ മോൾനടന്നു വരുന്നതു കണ്ടതും മനസ്സിനൽപ്പം ആശ്വാസം വന്നത്. പക്ഷെ മുറിയിൽ കയറിയതുമവൾ വാതിലടച്ചു . മകളുടെ സ്വഭാവത്തിലെ പെട്ടന്നുള്ളമാറ്റം അമ്മയായ അവൾ പെട്ടെന്ന്തിരിച്ചറിഞ്ഞു. എപ്പോഴും കളിയും ചിരിയുമായി തന്റെ പിറകെ നടന്നിരുന്ന കുഞ്ഞാണ്. കുറച്ചു ദിവസമായി അവളുടെ മൗനം അമ്മയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകി. നാളെ എന്തായാലും അവളുടെ സ്കൂൾവരെ പോയി അന്വേഷിക്കണമെന്നു തീരുമാനമെടുത്താണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് മകൾ ഉണരുന്ന സമയംകഴിഞ്ഞിട്ടും കാണാതായപ്പോൾ മുറിയിലേക്ക് ചെന്നത്. മനസ്സിനെ നടുക്കുന്ന ആ കാഴ്ച കണ്ട് അവൾ അലറിക്കരഞ്ഞു. ചോരയിൽമുങ്ങിക്കിടക്കുന്ന തന്റെ മകൾ, നേരിയ ഒരു ചലനംമാത്രം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഫലത്തിൽ മരണത്തിൽ അസ്വഭാവീകതയുണ്ടെന്ന് കണ്ടെത്തി.…
ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു. ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്. അന്നുവരെയനുഭവിക്കാത്ത സുഗന്ധവും പ്രകാശവും ജാലകത്തിലൂടെ അവളെത്തേടിയെത്തി. വെളിച്ചത്തിന്റെ മറ്റൊരുലോകം ആ ചില്ലുജാലകത്തിനപ്പുറമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നുവത്. “മരണം നൃത്തംവെക്കുന്ന സമയത്ത് നാമജപം നടത്തി വീട്ടിലിരിക്കണം അപ്പോഴാണ് സ്വന്തത്തെ തേടിയുള്ള യാത്ര”. സമൂഹം അവളെനോക്കി പരിഹസിച്ചു തന്റെ ഏകാന്തതയിൽ ഒരു നോട്ടംകൊണ്ടുപോലും തനിക്കാശ്വാസമാവാത്ത ആ സമൂഹത്തെനോക്കി അവൾ സഹതാപത്തോടെ പുഞ്ചിരിതൂകി . അവരുടെ കരാളഹസ്തങ്ങൾക്ക് അവളെ ചങ്ങലയ്ക്കിടാൻ കഴിഞ്ഞില്ല . തിരിച്ചറിയാൻ വൈകിയ പുതുലോകത്തിലേക്ക് അവൾ യാത്രതുടർന്നു. അപ്പോഴും അവൾക്കു തുണയായി ആ ജാലകപ്പാളികൾ തുറന്നുതന്നെ കിടന്നിരുന്നു. റംസീന നാസർ
തുടക്കം നന്നായാൽ ഒടുക്കം വരേനന്നായിടും. നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് സമ്പന്നമാവട്ടെ പുതുവത്സരം. ശുഭപ്രതീക്ഷയും ശുഭകാര്യങ്ങളും വന്നു ചേരട്ടെ ജീവിതത്തിൽ. മാറ്റങ്ങൾ അനിവാര്യമായിടത്തെല്ലാം മാറ്റത്തിൻ കാറ്റൊലി വീശിടട്ടെ. സ്നേഹത്തിന്റെ വെളിച്ചംകൊണ്ട് പ്രകാശിച്ചിടട്ടെ പുതുവത്സരം. റംസീന നാസർ
ആഘോഷങ്ങൾ ഏതായാലും അതിന്റെ തലേന്നുള്ള ഒരുക്കവും തയ്യാറെടുപ്പുമാണ് അതിന്റെ മാറ്റുകൂട്ടുന്നത്. പണ്ടുകാലത്ത് കല്യാണത്തലേന്നുകളായിരുന്നു കല്യാണ ദിനത്തേക്കാൾ ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെപ്പോലെ ഇവന്റ്മാനേജ്മെന്റും കാറ്ററിങ് സർവീസുകളും ഇല്ലാത്തകാലം. മുളയും മുടഞ്ഞെടുത്ത ഓലയുംകൊണ്ട് പണിതപന്തൽ വാഴക്കുലയും കുരുത്തോലയും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും, അയൽവാസി ചേച്ചിമാരുടെ സാരികൾകൊണ്ടാണ് പന്തൽചുറ്റും മറക്കുന്നത്. പന്തൽകെട്ടൽതന്നെ ഒരുത്സവമായിരുന്നു നാട്ടുകാരും അയൽവാസികളും ചേർന്നു നടത്തുന്ന ഉത്സവം. അടുത്തരസം പണ്ടാരിപ്പണിയിലാണ്. നാട്ടിലുള്ള അമ്മിയും ചിരവയും മുഴുവൻ കല്യാണത്തലേന്ന് കല്യാണവീട്ടിലുണ്ടാകും. നിരനിരയായിരുന്ന് തേങ്ങചിരവിയെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. ശേഷം തേങ്ങ നീട്ടിയരക്കുന്ന പെണ്ണുങ്ങളുടെ കലാവിരുത് എത്രവർണ്ണിച്ചാലും തീരുന്നതല്ല അത്രയും ഐക്യമായാണവർ ആ അരക്കല്‍ കർമ്മം നിർവഹിക്കുന്നത്. പായസത്തിനുള്ള തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നമുതൽ സദ്യവിളമ്പാനുള്ള ഇലവരേ മുറിച്ചുതുടച്ചു വെക്കുന്നത് അയൽവാസികളൊന്നിച്ചു കല്യാണത്തലേന്നു തന്നെ. അക്കാലത്ത് പന്തൽപണിമുതൽ താലികെട്ടുവരേയുള്ള ചടങ്ങുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും അവകാശവും അയൽവാസികൾ തങ്ങളുടെ കടമകളാണെന്ന് കരുതി ആകോഷിക്കുമായിരുന്നു. പരസ്പരമുള്ള സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങളുടെ തലേന്നുള്ള ഒത്തുചേരൽ ഏറെ സഹായകമായിരുന്നു. റംസീന നാസർ
കാലമേ ഞാൻ വിടചൊല്ലിടട്ടേ . എനിക്കുചിതമല്ലാത്ത ഇടങ്ങളിൽനിന്ന്. കൂടെനിന്ന് കുതികാൽ വെട്ടിയ ബന്ധങ്ങളിൽനിന്ന്. മനശ്ശാന്തി നൽകാത്ത ഓർമ്മകളിൽനിന്ന്. എന്റെ വ്യക്തിത്വം പണയപ്പെടുത്തി അഭിനയിക്കേണ്ടിവന്ന വേഷങ്ങളിൽനിന്ന്. കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച ജീവിതമേ നിന്നോടും വിട ചൊല്ലിടുന്നു. പകരം ഇനിയൊരു യാത്രയാണ് എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും സഫലമാക്കുന്ന മറ്റൊരിടം തേടി. അതേ എനിക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന പുതിയൊരിടം. റംസീന നാസർ
മുണ്ടക്കൽഗ്രാമം മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു രാമൻനായരുടെ മകൾക്ക് ലോട്ടറിയടിച്ചൂന്ന്. അല്ലെങ്കിൽ കറുത്ത മെലിഞ്ഞ ആ പെണ്ണിന് എവിടെനിന്നു കിട്ടാനാ എംഡികഴിഞ്ഞ ഒരുഡോക്ടറെ. ചിലരതു ശരിവെച്ചു , എന്നാൽ മറ്റുചിലർ “കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ അപ്പോളറിയാം ലോട്ടറി ആണോന്ന് ” “നായരുടെ സ്വത്ത് കണ്ടാണ് ആ ചെറുക്കൻ ഈ കല്യാണത്തിനു സമ്മതിച്ചെതെന്ന ഒരു പറച്ചിലും കേൾക്കുന്നുണ്ടേ ” ആളുകളുടെപക്ഷം ചേർന്നുള്ള സംസാരം അവിടെയാകേ അലയടിച്ചു . അമ്മയെ കൊന്നാലും രണ്ടു പക്ഷംപറയാൻ ആളുണ്ടാവുമല്ലോ . അല്ലെങ്കിലും ആ ഗ്രാമത്തിനു കിട്ടിയ ലോട്ടറി തന്നെയായിരുന്നു ആ ഡോക്ടർ !രാമൻനായർക്കും മകൾക്കുംമാത്രമായിരുന്നില്ല . രോഗം വന്നാൽ നാട്ടുവൈദ്യമല്ലാതെ വേറെ പോംവഴിയില്ലാത്ത ആ ഗ്രാമത്തിലേക്കാണ് എംഡി കഴിഞ്ഞ ഒരു ഡോക്ടർ വരുന്നത്. രാമൻനായർ മരുമകനുവേണ്ടി ആശുപത്രിതന്നെ പണിതു. ഗ്രാമത്തിലുള്ള നിർദ്ധനകുടുംബങ്ങൾക്ക് സൗജന്യചികിത്സാ സഹായം ഏർപ്പെടുത്തി. വിദ്യാഭ്യാസമുള്ള ഒരാൾ ആ ഗ്രാമത്തിൽ വന്നത്തിന്റെ മാറ്റം ഗ്രാമീണരിലും കണ്ടു. യഥാർത്ഥത്തിൽ ലോട്ടറി അടിച്ചത് രാമൻനായർക്കും മകൾക്കുമല്ല മറിച്ചു മുണ്ടക്കൽഗ്രാമത്തിനായിരുന്നു .…
