ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച് കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും ആകാശവും കാണാതെ ഞാൻ നിധിയൊളിപ്പിച്ച ചുഴികൾ, കയങ്ങൾ, പവിഴപ്പുറ്റുകൾ… നിന്റെ വേലിയേറ്റങ്ങളാൽ സമുദ്രാതിർത്തികൾ മാറ്റിയെഴുതുക… നിരന്തരമെന്നെ പുതുക്കി അങ്കനമായ് പ്രണയക്കല്ലിടുക… ഹവിസ്സാവുക നീ പ്രണയം ജ്വലിക്കും അഗ്നിപർവതങ്ങളിൽ… ഹിമാനിയാവുക നീ പ്രണയശേഷം തിളച്ചു പൊന്തും ആഴിയിൽ… നിന്റെ പ്രേമം പച്ച കുത്തിയ വെൺകൊടിയൊന്ന് പാറിക്കുകയെൻ സമുദ്രഹൃദയത്തിൽ…!
Author: Sheeba Prasad
നീയില്ലായ്‌മയുടെ പൊള്ളലേറ്റും വരണ്ടുണങ്ങിയും ജീവന്റെ അവസാന പച്ചയും കൊഴിയാൻ തുടങ്ങവേ നിന്റെയോർമ്മകൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നു… നീ ചുംബിച്ച പാടുകളിൽ വേര് മുളയ്ക്കുമ്പോൾ പിന്നെയും ജീവന്റെ പച്ച തിരയുന്നു….!
നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ വെച്ച്, വസന്തത്തെയൊന്നാകെ ഉടലിൽ നിറച്ച് നമ്മൾ വാസനിക്കും.. ശിശിരമായ് കൊഴിഞ്ഞ് ആത്മാവോളം നഗ്നരാകും.. ആനന്ദങ്ങളുടെ ആയത്തിൽ വേരോളമാഴ്ന്ന്, ചില്ലകളോളം ഉയർന്ന്, ഉമ്മകൾ കൊണ്ട് മൂടി, ആയുസ്സിലെ അവസാന അത്താഴമുണ്ണുന്ന വിശപ്പോടെ, രുചിയോടെ നമ്മൾ ഇണ ചേരും… മഷി വറ്റും മുൻപേ ഉത്തമഗീതമെഴുതും.. ഉടലൊരു ഉല്ലാസ നൗകയാക്കി ഏഴാം കടല് താണ്ടും.. പിരിയുന്നേരം ഇനിയൊരിക്കലും കണ്ടു മുട്ടില്ലെന്നൊരു ഭാരത്താൽ നെഞ്ച് കടയും… ഹൃദയം നൊന്ത് താഴും.. കണ്ട് കൊതി തീരാഞ്ഞും മിണ്ടി മതി വരാഞ്ഞും കടയുന്ന കണ്ണിൽ നിന്നെ നിറച്ച് യാത്ര പറയാതെ ഞാൻ മടങ്ങിപ്പോകും…
എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ ഞാനെന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… അലയടങ്ങാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച ഉമ്മച്ചുന പൊട്ടിയ പൊള്ളലുകളെ… പേരറിയാ നോവിനെ.. പേരിടാത്ത ആഹ്ലാദങ്ങളെ… നീയിറങ്ങിപ്പോയിട്ടും മിച്ചമായ ഉത്സവബാക്കികളെ ഞാനെന്ത് ചെയ്യും..?
അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!
തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്നിൽ ചേർന്നിരിക്കുക.. കല്പനകളിൽ പൂവിടാനായ് ഒരു വിത്ത് മാത്രം എനിക്കായ് കരുതുക.. അറ്റു വീഴാത്ത നീർവേരുകളാൽ ഗാഢമായെന്നെ പുണരുക.. ഉയിർപ്പിൻ ഉടയോനെ.. വിടയെന്നൊരു വാക്കിനാൽ എന്റെ പ്രാണൻ കവരാതിരിക്കുക.. ചിരകാലം ശലഭച്ചിരിയോടെന്നിൽ നിറഞ്ഞേയിരിക്കുക…
എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ് പ്രണയവനമൊരുക്കുക…!
ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!
നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!
നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…
