“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക് പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ ഫയലുകൾ മേശപ്പുറത്തേക്കു വച്ച് അവർ വന്ന് അരികിലിരുന്നു. സൂചിത്തണുപ്പുള്ള അവരുടെ വിരൽസ്പർശത്തിൽ ശരീരമാസകലം വൈദ്യുതി കടന്നു പോയത് പോലെ പെരുത്തു. നിഷേധശബ്ദത്തോടെ കൈകൾ പിന്നിലേക്കു വലിച്ചു. പിന്നെ സ്വതേയുള്ള സംയമനത്തിലേക്കു നൂണ്ടു. മുഖഭാവങ്ങൾ വായിക്കാനാവാതെ ഇരുട്ട് പുതച്ച രണ്ടു സ്ത്രീകൾ. ഇരുവർക്കും അന്നേരം ആ അന്ധകാരം വലിയൊരനുഗ്രഹമായിത്തോന്നി. കലഹിക്കാനും തുറന്നു സംവദിക്കാനും ഇരുട്ടിനോളം വലിയൊരു കൂട്ടുണ്ടാവുമെന്നു തോന്നുന്നില്ല. ഇരുട്ടിലായിരിക്കുമ്പോൾ രൂപവും മനസും എല്ലാം അതിനോടു ലയിക്കും. ഭയക്കാതിരുന്നാൽ തൊട്ടിലാട്ടും പോലെ നമ്മെ തലോടിയുറക്കും. ഇപ്പോൾ ഈ ഇരുട്ടാണെനിക്കിഷ്ടം. ഭയപ്പെടുത്തുന്ന വെളിച്ചങ്ങൾ ഇനിയുമെന്നിലേക്കു വരാതിരിക്കട്ടെ. പ്രിയയുടെ നെടുവീർപ്പിന്റെ അർത്ഥതലങ്ങൾ മനസിലായെന്ന വണ്ണം അവിടെ ഇരുട്ടിന്റെ ഘനം അല്പം പോലും ഉലയാതെ നിന്നു. തന്റെ കൈകളിൽ തെരുപ്പിടിച്ചിരിക്കുന്ന വിരലുകളിൽ കൊരുത്തിട്ടിരിക്കുന്ന ഒരുപാട് ചോദ്യങ്ങളെ അവൾ കണ്ടു.…
Author: Lekha Justin
നിശബ്ദതയുടെ ആഴങ്ങളിലേക്ക് മനസ് കൂപ്പുകുത്തിയ ദിവസങ്ങളാണ് കടന്നു പോകുന്നത്. വിസ്മയ, ഉത്ര, അർച്ചന, സുചിത്ര എന്നിവർക്കു പിന്നാലെ ഇന്ന് ഡോക്ടർ ഷാഹ്‌ന. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ പൊലിഞ്ഞ എത്രയോ പെൺകുട്ടികളെ നാം കണ്ടുകഴിഞ്ഞു. അവർക്കു വേണ്ടി ഘോരഘോരം എഴുതിയും ഉച്ചത്തിൽ ആക്രോശിച്ചും പ്രതികരിച്ചു. എന്നിട്ടും ഇന്നും സ്ത്രീധനം എന്ന ഭീകരത അതേ വീര്യത്തോടെ പെൺകുട്ടികളുടെ ജീവനു നേരെ ഭീഷണി ഉയർത്തി നിലകൊള്ളുന്നു. എന്തുകൊണ്ടെന്ന ചോദ്യത്തിലൂന്നിത്തന്നെ മുന്നോട്ടു പോകണം. ഡോക്ടർ ഷഹന സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കും മുൻപ് അവൾക്കു വേണ്ടി, അല്ലെങ്കിൽ ഇത്തരം മാനസികപീഡ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നാം എന്തു ചെയ്യുന്നുണ്ട് എന്നത് ഇനിയെങ്കിലും ചിന്തിക്കേണ്ട വിഷയമാണ്. പെൺകുട്ടികൾ ആത്മാഭിമാനത്തോടെ പഠിച്ച്, മറ്റാരുടെയും ആശ്രയത്തിലല്ലാതെ തലയുയർത്തി നിന്നു ജീവിക്കണം എന്ന വീറ് ഓരോ അദ്ധ്യാപകരും വീട്ടുകാരും കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കണം. കാമ്പില്ലാത്ത പ്രണയങ്ങളിൽ തകർന്നു പോകേണ്ടതല്ല അവരുടെ മനസ് എന്ന് പഠിപ്പിച്ചു കൊടുക്കണം. ടോക്സിക് ആയ ബന്ധങ്ങളിൽ…
ഒരു മനുഷ്യജീവിതത്തിന്റെ ദുരിതകാല ഓർമ്മകൾ അതിന്റെ അനുഭവസ്ഥനെക്കാൾ ഒരുപക്ഷേ ചുറ്റുമുള്ളവരെ കൂടുതൽ ഭാരപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കുക അത്രകണ്ട് സ്വാഭാവികമല്ല. പ്രൊഫ. ടി ജെ ജോസഫിന്റെ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകം സമ്മാനിക്കുന്നത് അത്തരം ഒരു മനസികാവസ്ഥയാണ്. വായനാവസാനം കണ്ണുകൾ ആകാശത്തേക്കുയർത്തി “ഇത്ര നീചരോ മനുഷ്യർ” എന്നു വിലപിച്ചു പോകാത്ത മനുഷ്യരുണ്ടാവില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്. നിഷ്ഠകളോടെ ജീവിതത്തെ പരിപാലിക്കുക എന്ന ഉദ്ദേശ്യത്തിൽ പിറന്ന മതങ്ങൾ പിൽക്കാലത്ത് മനുഷ്യനെ എത്രത്തോളം അന്ധരാക്കി മാറ്റി എന്നതിന് ലോകത്തിൽ നടന്നിട്ടുള്ള അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതഗ്രന്ഥങ്ങൾ പൊതുവേ ഉയർത്തിപ്പിടിക്കുന്ന പരസ്പരം സ്നേഹിച്ചു വർത്തിക്കുക എന്ന ആത്യന്തിക സന്ദേശത്തിനു വിപരീതമായി തങ്ങളുടെ മതവിശ്വാസസംരക്ഷണത്തിനായി മറ്റൊരു മനുഷ്യനെ പൂർണ്ണമായും തച്ചുടയ്ക്കുക എന്നത് എത്രയോ വേദനാജനകമാണ്. ഇവിടെ മതമൗലികവാദികളുടെ ക്രൂരതയെക്കാൾ ഏറെ ദുഃഖിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം മതത്തിലെ തന്നെ പുരോഹിതപ്രമാണിമാരുടെയും സഭയുടെയും പ്രവൃത്തികളാണ്. വേട്ടയാടപ്പെടുന്നവനെ ചേർത്തു പിടിക്കുക എന്നതിനേക്കാൾ അവനെ ഒറ്റപ്പെടുത്തി ക്രൂശിക്കുക എന്ന നയം ഇവരൊക്കെ…
പ്രവാസം ! ജനിച്ചിടത്തു നിന്ന്, വസിച്ചിടത്തു നിന്ന് ദേശവും ഭാഷയും മറികടന്നൊരിടം അന്നത്തിനും അർത്ഥത്തിനുമായി തെരഞ്ഞെടുത്തു കൊണ്ടു തുടരുന്ന ജീവിതം. പ്രവാസത്തിലേക്കൊരുവൻ കാലെടുത്തു വയ്ക്കുമ്പോൾ മുതൽ അവന്റെ ഉറ്റവരും ഉടയവരുമടക്കം പ്രിയപ്പെട്ട ഓരോ മനുഷ്യരും ഇടങ്ങളും അവനിൽ ഹൃദയപ്രവാസം ആരംഭിക്കുകയായി. അവനു മാത്രം കാണാവുന്ന, സംവദിക്കാവുന്ന വേറിട്ട പ്രവാസികൾ. സദാസമയവും അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ട്, അവർക്കായി കരുതിക്കൊണ്ട്, സ്വയം മറന്ന് ജീവിച്ചു തുടങ്ങുകയാണ്. അത് മനസിലാക്കാൻ മറ്റൊരു പ്രവാസിക്കേ കഴിയൂ. കഴിഞ്ഞ അവധിക്കാലത്ത്, ഒരു സുഹൃത്തിനെ കണ്ടപ്പോൾ പഴയ ഒരുപാട് കാര്യങ്ങൾ സംസാരത്തിലേക്ക് വന്നു. “നിനക്കെങ്ങനെയാണ് ജീവിതത്തെ ഇത്രകണ്ട് ഓർത്തു വയ്ക്കാൻ കഴിയുന്നത്?” അതിശയപ്പെടലിന്റെ ആ കൺവെളിച്ചത്തെ സ്നേഹത്താൽ ഞാൻ കോരിയെടുത്തു. ഇരുപത് വയസിൽ തുടങ്ങിയ പ്രവാസമാണ്. അന്നു മുതൽ ഇന്നേ വരെ ഓരോ ദിവസത്തെയും എന്റെ ജീവിതം ഇന്നുകളിലേ അല്ല… അതിനും മുൻപത്തെ അന്നുകളിലാണ്. എന്റെ നാലു ചുവരുകൾക്കുള്ളിൽ, ഓഫീസ് മുറിയിൽ ഒക്കെ ഞാൻ പേറി നടന്നിരുന്ന,…
ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുള്ള ഓരോ മനുഷ്യരെയും നോക്കിക്കാണാൻ പ്രത്യേക രസമാണ്. അതിൽ കൂടെയുള്ളവർക്ക് ശവപ്പെട്ടി ഒരുക്കാൻ പോന്നത്ര ദുഷ്ടതയുടെയും വൃത്തികേടുകളുടെയും പ്രതിരൂപങ്ങളായ മനുഷ്യരെ(?) തൊടാൻ അശേഷം താല്പര്യമില്ലാത്തതു കൊണ്ട് അവരിലേക്കു പോകുന്നില്ല. സ്നേഹിതർ! നമ്മിലേക്ക് വിരുന്നു വന്ന് പലപ്പോഴും പ്രതീക്ഷിക്കാത്തത്ര സ്‌നേഹം കൊണ്ട്, പരിഗണന കൊണ്ട് അതിശയപ്പെടുത്തുന്നവർ. നമ്മുടെ കാഴ്ചപ്പാടിന്റെ എല്ലാ കോണളവുകളിലും അവർ നമ്മോടു നൂറു ശതമാനവും ചേർന്നു പോകുന്നവരല്ലായിരിക്കാം. ഒന്നിച്ചുള്ള യാത്രയിൽ വിയോജിപ്പുകളുടെ നേർത്ത പൊട്ടും പൊടിയും അവിടവിടെ തൂവി വീണുകൊണ്ടേയിരിക്കും. എവിടൊക്കെയോ ഒട്ടിച്ചേരാത്ത പോലെ ചെറുവിള്ളൽ അനുഭവവേദ്യമാകും. എന്നാലും വേനലിലെ നേർത്ത മഴപോലെ അവരുടെ സ്‌നേഹം ഇടയ്ക്കിടെ ചാറി വീഴും. വല്ലാതൊന്നു കുളിർപ്പിച്ച് അതങ്ങനെ നമ്മിലേക്ക് ചേർന്നലിയും. ചേർച്ചയില്ലായ്മകൾ മറക്കും. ഒരിക്കലും അവസാനിക്കില്ല എന്നൊരു പ്രതീക്ഷ എപ്പോഴും അവിടെ നാമ്പിട്ടു നിൽക്കും. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. ഒരു പുഞ്ചിരിയുടെ അടുപ്പമേ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടാൻ ഏറെ കാരണങ്ങളുണ്ടാവും എന്നാലും ഒരു…
ഒറ്റയ്ക്കുനിൽക്കുമേതു മരവും ഉള്ളിലൊരു കാടുപോറ്റുന്നുണ്ട്. മനുഷ്യനും അതേ. ഒറ്റയാവും തോറും ഉള്ളുകൊണ്ട് അവനൊരു ആൾക്കൂട്ടത്തെ പോറ്റും. ജീവിതത്തിന് അർത്ഥമുണ്ടാവുക ഒറ്റയാവലുകളാലല്ല. ഹൃദ്യസൗഹൃദങ്ങൾ മുളപൊട്ടുന്നിടത്ത് മനുഷ്യൻ അനുഭവിക്കുന്നൊരു പായൽത്തണുപ്പുണ്ട്. അതിനോടു ചേർന്നൊട്ടിയൊട്ടി ഏകാന്തതയുടെ തീച്ചൂടിനെ അവൻ മറി കടക്കും. അതത്ര ലാഘവത്വം പേറുന്ന ഒന്നാണോ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല. തനിക്കുനേരെ വരുന്ന സകലയുദ്ധങ്ങളെയും മറികടക്കാനുള്ള ഒരുതരം ആയുധനിർമ്മിതിയാണത്. അസാധാരണ അദ്ധ്വാനം വേണ്ടത്ര ഈടുനില്പ് അത് ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തിൽ പ്രിയപ്പെട്ടതും അല്ലാത്തതുമായ വളരെയധികം സൗഹൃദങ്ങൾ വന്നു പോയിരിക്കുന്നു. ഒരു കണികപോലും അടർന്നു പോകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദയത്തിൽ കൊരുത്തുകെട്ടിയ സൗഹൃദങ്ങൾ. തിരക്കുപിടിച്ച യാത്രാവഴികളിലവിടവിടെ കൊഴിഞ്ഞുപോയ സൗഹൃദങ്ങൾ. നേർത്ത നിദ്രയുടെ ശാന്തതാളങ്ങൾക്ക് കൊഴുപ്പുകൂട്ടി ഇടയ്ക്കിടെ വന്നു തൊട്ടുതലോടി കടന്നുപോകുന്ന സൗഹൃദങ്ങൾ. പിന്നെ, ചേർച്ചയില്ലായ്മകളാൽ ചെടിച്ചുപേക്ഷിച്ച കൂട്ടുകെട്ടുകൾ. അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടവയെ അല്ലെങ്കിൽ വിഷയാടിസ്ഥാനത്തിൽ ചേർന്നു നിന്നിരുന്നവയെ സൗഹൃദം എന്നു വിളിക്കാൻ പാടില്ലത്രേ. ചതി, സ്വാർത്ഥത, തിന്മ മറ്റു ചില ‘അവനവനിസങ്ങൾ’ ഇവയിൽനിന്നൊക്കെ വിട്ടുനിൽക്കുന്ന ബന്ധമെന്തോ…
പഞ്ഞകാലത്തിൻ പഷ്ണിയും മാറി സമൃദ്ധി തന്നോളമിട്ടോണമിങ്ങെത്തി ഓണക്കോടിയുടുത്തു കൊണ്ടേ ആടണം പാടണം തുള്ളിത്തിമിർക്കണം പിന്നെ- ഓണത്തപ്പനെ വരവേൽക്ക വേണം പണ്ടൊക്കെയാകെയൊരിക്കൽ മാത്രം വന്നണയുന്നൊരു സൗഭാഗ്യമത്രേ ഈ പുത്തൻമണമോലും പൊൻപുടവ. കൊല്ലമൊന്നങ്ങനെ കാത്തിരിപ്പൂ തൊട്ടും പിടിച്ചും ഭംഗി നോക്കാൻ, പിന്നെ- കണ്ണാടി നോക്കി ചന്തമളക്കാൻ ഇക്കാലമക്കൊതിയെങ്ങോ മറഞ്ഞു പോയ് പുതുമയും പുത്തനങ്ങറ്റു പോയി ആഘോഷമനവധി വസ്ത്രങ്ങളനവധി അതിലൊന്നു മാത്രമാണിന്നീയോണക്കോടിയും മുത്തശ്ശി ചൊല്ലുന്നു പായാരമെങ്കിലും സത്യകഥയും മറ്റൊന്നുമല്ല പുതുമയൊന്നുമേ ചൊല്ലുവാനില്ലാത്ത പുടവകളായിരമതിലൊന്നു മാത്രം ഇന്ന് ഓണക്കോടിയീയുത്സവക്കോടി ! ലേഖാ ജസ്റ്റിൻ
രാവിലെ തന്നെ കയ്യിലൊരു ബാഗും ഒതുക്കിപ്പിടിച്ച് ഉമ്മറത്തേക്കിറങ്ങി വന്ന ഊർമ്മിളയെ കണ്ട് കുടുംബാംഗങ്ങൾ അമ്പരന്നു. തലേദിവസം പോസ്റ്റ് മാൻ കൊണ്ടു വന്ന അപ്പോയിന്റ്മെന്റ് ലെറ്റർ അവളുടെ കൈകൾക്കുള്ളിലിരുന്നു വിറച്ചു. ” ശിവ..ശിവ ! എന്തായീ കാണണേ ? അശ്രീകരം. അതങ്ങട് വിട്ടു കളഞ്ഞേക്കു കുട്ടീ. വെറുതെ കുടുംബത്ത് അനർത്ഥങ്ങളൊന്നും വരുത്തി വയ്‌ക്കേണ്ട. അകത്തേക്കു പോകൂ.” തന്റെ നിറുകയിലെ സിന്ദൂരം മായ്ക്കാൻ, കൈത്തണ്ടയിൽ കലപില ചൊല്ലിയ കുപ്പിവളകൾ തല്ലിയുടയ്ക്കാൻ, ഇടതൂർന്ന മുടി മുറിച്ചു കളയാൻ, വെള്ളയുടുപ്പിക്കാൻ തിടുക്കം കാട്ടിയ അംബാലികാമാമിയുടേതാണ് ആ ഉഗ്രശബ്‌ദം. ഉള്ളു നീറിയെങ്കിലും കരിങ്കല്ലിന്റെ ഉറപ്പോടെ ഒരുനിമിഷം അവൾ നിന്നു. “ഇല്ല മാമീ..ഭർത്താവിന്റെ മരണത്തോടെ അകത്തളങ്ങളുടെ ഇരുളു ഭക്ഷിച്ചു ജീവിക്കുന്ന മറ്റനേകം പെൺകുട്ടികൾ ഉണ്ടാവും. അവരിലൊരാളാവാൻ ഞാനില്ല. എനിക്കു ജീവിക്കണം.” മറുപടിക്കു കാക്കാതെ, ദുരാചാരങ്ങളുടെ ആ നരച്ച ഭൂമിയിൽ നിന്നും കടുംനിറങ്ങൾ മാത്രം നിറഞ്ഞ ആകാശത്തിലേക്ക് തന്റെ സ്വപ്നങ്ങളെയും ചേർത്തു വച്ച് ഊർമ്മിള മെല്ലെ പടിയിറങ്ങി.
കാലഭേദങ്ങൾ മൂന്നായ് പിരിയുമ്പോൾ ഓർമ്മകളത്രയും ഭൂതമത്രേ ഭാവിയെന്നാൽ സങ്കല്പവും ഇന്നിന്റെ ആത്മാവു തുടിച്ചു നിൽക്കുന്നതും ഞാനുണ്ടെന്നൊരടയാളമൊപ്പു ചാർത്തുന്നതും വർത്തമാനത്തിലതൊന്നു മാത്രമേ !
