പ്രിയപ്പെട്ട സുമൻ, ഒരു സുഖാന്വേഷണത്തിൽ തന്നെ തുടങ്ങാം. അതാണല്ലോ പതിവ്. നമ്മുടെ കത്തുകൾക്കിടയിൽ ഇത്രയും ദീർഘമായ ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല. അതിന്റെ കാരണവും നിനക്കറിയാവുന്നതല്ലേ. നീണ്ട മുപ്പതുവർഷം കഴിഞ്ഞു നമ്മൾ ഈ കത്തെഴുത്ത് തുടങ്ങിയിട്ട്. എന്നിട്ടും ഒരു ഫോട്ടോയിൽ പോലും നമ്മൾ നേരിട്ടു കണ്ടിട്ടില്ല എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ! എന്നായിരുന്നു നമ്മൾ ആദ്യമായി കത്തെഴുതി തുടങ്ങിയതെന്നോർമ്മയുണ്ടോ. ഞാൻ പത്താംക്ലാസിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപുള്ള വെക്കേഷൻ സമയം. ന്യൂസ് പേപ്പറിൽ വന്നിരുന്ന പെൻഫ്രണ്ട് പരസ്യത്തിൽ കണ്ട അഡ്രസ്സിലേക്ക് തമാശയ്ക്കു അയച്ചു തുടങ്ങിയതായിരുന്നു. ഒന്നു രണ്ടു കത്തുകൾ കഴിഞ്ഞപ്പോൾ വീട്ടിലറിയുകയും അതു വലിയ പ്രശ്നമായി മാറുകയും ചെയ്തു. പോസ്റ്റ്മാൻ നീയയച്ച കത്തുകൾ അമ്മയുടെ കൈയിൽ കൊടുത്തു. പിന്നെ പുകിലു പറയണോ. എന്നാൽ അച്ഛൻ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. കത്തുകൾ അച്ഛനെ കാണിക്കാമെന്ന വാക്കിൽ തുടർന്നെഴുതാൻ അനുവാദം തന്നു. നമ്മൾ ഇംഗ്ലീഷിൽ ആയിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പൊടി ഇംഗ്ലീഷുകൊണ്ട് എല്ലാം നേടിയെന്ന അഹങ്കാരത്തിന്…
Author: Nishiba M
ഇന്ന് നാളെയിലേക്ക് വഴിമാറുമ്പോൾ ചരിത്രമാവുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതിനു ഒരുപാട് വൈതരണികൾ തരണം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളുടെ തന്നെ പ്രയാണം അതിന്റെ പിറകിലുണ്ട്. ഒരുനാൾ നമ്മൾ ചരിത്രമായാലും ജീവിതത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. കാലത്തിനു ചേരാത്തതൊക്കെ മറ്റൊരു ചരിത്രമായി വിസ്മൃതിയിലാഴും, ഉള്ളിൽ ഓർമ്മകളുടെ സാഗരമവശേഷിപ്പിച്ച്. വാമൊഴികളിലൂടെ വരമൊഴികളിലൂടെ ചരിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. അവിടെയും നേതൃനിരയുടെ നാമങ്ങൾ മാത്രം തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുന്നു. സഹനപാത താണ്ടിയവർ വിസ്മൃതിയിലാവുന്നു. സൃഷ്ടികൾ പുന:സൃഷ്ടിക്കാതിരിക്കാൻ കരച്ഛേദവും ഗളച്ഛേദവും ചരിത്രത്തിന്റെ ഇടനാഴികളിൽ രക്തച്ഛവി പടർത്തുന്നു. രക്തരൂക്ഷിതയുദ്ധങ്ങളുടേയും അധികാരകൈമാറ്റങ്ങളുടേയും നിരവധി ചരിത്രങ്ങൾ ഭാരതഭൂവിലുറങ്ങുന്നു. വ്യത്യസ്തസംസ്ക്കാരങ്ങൾ അധികാര കേന്ദ്രങ്ങളിലൂടെ നമ്മുടെ മണ്ണിലലിഞ്ഞു. മാനസാന്തരത്തിന്റെ ഏടുകൾ ചരിത്രത്തിലെ തിരിച്ചറിവുകളായി. അധിനിവേശത്തിന്റെ എത്രയോ ഏടുകൾ. അതിജീവനത്തിന്റെ മുൾപ്പാതകൾ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തേർവാഴ്ചയുടെ നൂറ്റാണ്ട്. സ്വാതന്ത്യ പോരാട്ടത്തിന്റെ കനൽവഴികൾ. സഹനപാതയുടെ സ്നേഹമുഖവുമായി പൊരുതി നേടിയ സ്വാതന്ത്യം. വിഭജനത്തിന്റെ കണ്ണുനീർ. ഇന്നുമണയാത്ത വിദ്വേഷത്തിന്റെ കനലുകൾ. ഓരോ അധിനിവേശങ്ങളും പകർന്നു നൽകിയ…
മനസ്സിനെ അടുത്തറിയുമ്പോഴാണ് അതെത്ര വിചിത്രമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. ചിന്തകളുടെ ഒരു സഞ്ചയം തന്നെയാണ് മനസ്സ്. ശാസ്ത്രീയമായി പറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനമാണ് മനസ്സ് എന്ന പ്രതിഭാസമെന്നു പറയാം. അതൊരു പരിധി വരെ ശരിയുമാണ്. നമ്മുടെ ശരീരവും മനസ്സുമായി അഭേദ്യമായ ബന്ധമാണ്. ഒന്നിലുണ്ടാവുന്ന മാറ്റങ്ങൾ മറ്റേതിനെ ആഴത്തിൽ സ്വാധീനിക്കും. ശാരീരികമായ പല അസുഖങ്ങളുടേയും ഹേതു മാനസികപ്രയാസങ്ങളാവുന്നത് അതുകൊണ്ടാണ്.അതേ സമയം ശാരീരിമായ അസുഖങ്ങളെ പൊരുതി തോൽപ്പിക്കുന്ന മനകരുത്തുകൾ നമ്മുക്കെന്നും മാതൃകയാവാറുണ്ട്. മനസ്സിനെ അടുത്തറിയാൻ നമ്മൾ ശ്രമിക്കും തോറും അതു വഴുതിമാറിക്കൊണ്ടേയിരിക്കും. അതിന്റെ ശക്തി നമ്മളറിയുന്നത് പലപ്പോഴും പ്രതിസന്ധിഘട്ടങ്ങളിലാണ്. അതിജീവനം മാത്രം മുന്നിൽ ദൃശ്യമാവുമ്പോൾ എവിടെ നിന്നെന്നറിയാത്ത വിപദിധൈര്യം കൈവരുന്ന അനുഭവങ്ങളുണ്ടാവാറില്ലേ. ഒരുപക്ഷേ അതുകടന്നുപോയാൽ പിൻ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം ബാക്കിയാക്കുന്ന അനുഭവങ്ങൾ. പ്രതിസന്ധികൾ ജീവിതത്തിന്റെ ഉരകല്ലാവുന്നതും അതുകൊണ്ടു തന്നെ. നമ്മുടെ വളർച്ചയുടെ ഘട്ടങ്ങളിൽ, ഉരുവപ്പെടുന്ന കാഴ്ച്ചപ്പാടുകളും വളർന്നുവരുന്ന സാഹചര്യങ്ങളും പഠിച്ചെടുക്കുന്ന കാര്യങ്ങളുമൊക്കെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ഇന്നത്തെ ലോകം പിൻതുടരുന്നതും അതേ സത്യത്തെയാണ്.…
ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് സീതയേയാണ്, അതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി. എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച്, അകത്തേക്ക് കയറിവന്നു കൈയിൽ തല താങ്ങി സെറ്റിയിലേക്കിരുന്നു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവളുടെ അരികിലെത്തി തോളിൽ സ്പർശിച്ചു. വിചിത്രമായ നോട്ടത്തോടെയവൾ മുഖമുയർത്തി. കേസ്നമ്പർ 107/2017 ശ്രീധർ, ഭാര്യ സീത. ആദ്യമായി സീതയെ കണ്ടതു ഞാൻ ഓർത്തെടുത്തു. അന്നും ആശങ്കാകുലമായ മുഖവുമായാണ് അവൾ തന്റെ മുമ്പിലിരുന്നത്. അവളിലൂടെയറിഞ്ഞ ശ്രീധറിന്റെ സ്വഭാവസവിശേഷതകൾ. ഏറെ നേരത്തെ സംഭാഷണങ്ങൾക്കു ശേഷം, വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച്, ചികിത്സ തുടങ്ങാൻ നിർദ്ദേശിച്ചു. നാലു വർഷങ്ങളായി ഇടവേളകളിൽ വന്ന് കൗൺസിലിങ്ങും മറ്റു തെറാപ്പികളും മെഡിസിനും കൃത്യമായി പിൻതുടർന്നു വന്നു. കുട്ടികൾ ഉണ്ടാവുന്നതിനെ കുറച്ചു കാലത്തേക്ക് മാറ്റിവെക്കാൻ നിർദ്ദേശിച്ചിരുന്നു. രണ്ടാഴ്ച മുൻപ് നടന്ന ഒരു സംഭവമാണ് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയത്. ഗർഭിണിയാണെന്ന സീതയുടെ ഫോൺ കോൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാര്യങ്ങൾ കൈവിട്ടു പോവുന്നതിന്റെ ആദ്യലക്ഷണം അവിടെ തുടങ്ങി. ശ്രീധറിനെ…
സംയമനമുത്തമമെവിടേയും, കാര്യകാരണവിചിന്തനമോടെ പ്രതികരിക്കാം, അല്ലായ്കിൽ ഫലം വിപരീതമായിടാം, സൂചിയാൽ എടുക്കേണ്ട കരടുകൾ ഒരിക്കലും മായാത്ത വടുക്കളാക്കാതിരിക്കാം, വീൺവാക്കുകൾ വമിപ്പിക്കും വിഷത്താൽ കലുഷിതമാക്കാതിരിക്കാം ജീവിതം, ആത്മസംയമനം ശീലിച്ചീടിൽ നിർമമത്വമോടെയുള്ള മനനം സ്വായത്തമാവും, സംയമനം സമാധാനഹേതുവാകും, ജീവിതവഴികൾ സരളമാവും.. ★★★നിഷിബ എം നിഷി★★★
നാട്ടുകാരെന്തു ചൊല്ലും നാവടക്കിയില്ലെങ്കിൽ, നാടുനീളെ പറഞ്ഞുനടന്നീടും വീട്ടുവിശേഷമെല്ലാം, നാട്ടുകാരെ ഭയന്നിട്ടയ്യോ, നാക്കടക്കി, വാക്കടക്കി, എന്നിട്ടും നാട്ടുകാരുടെ വായടങ്ങിയില്ല, കുറ്റങ്ങൾ കേൾക്കാൻ കുതൂഹലമോലും കാതുകൾ കാതുകൾ തമ്മിൽ രഹസ്യം കൈമാറി, ഒടുവിൽ പരസ്യമായൊരു രഹസ്യമായി, ആ രഹസ്യമറിയാത്തതെന്റെയീ കാതു മാത്രം, ഒന്നായി തൊടുക്കുകിൽ നൂറാകും വിദ്യയിതൊരുനാൾ തിരിച്ചെത്തീടും ആയിരം നാവിൻ പ്രഹരശേഷിയോടെ, തൊടുക്കുമ്പോഴോർക്കുക വിപത്തിന്റെയാഴം, തന്റെ ഒരു മുറം വച്ചിട്ടു, ആരാന്റെ അര മുറം ചികയുമ്പോഴോർക്കുക, വിരലുകൾ ചൂണ്ടുന്നതാർക്കുനേരെയാവാം… ★★★നിഷിബ എം നിഷി★★★
ശ്യാമവർണ്ണത്തിനഴകുമായി, വൃത്തി തൻ പര്യായമായി, പൊൻപുലരിയിൽ കണിയായി, കർണ്ണകഠോരമെങ്കിലും ഉണർത്തുപാട്ടിൻ താളവുമായി, കാകനോട്ടത്തിൻ കൂർമ്മതയുമായി അനുദിനം വിരുന്നുവന്നിരുന്നൊരുകാലം. സ്വത്വം തിരിച്ചറിഞ്ഞൊരുനാൾ തന്നിൽ നിന്നുമൊരു നാളിലകലും പൂങ്കുയിൽ കുഞ്ഞിനും മാതൃത്വത്തിന്റെ മധുരമേകുന്നവർ. വർണ്ണവിവേചനത്തിന്റെ പ്രത്യക്ഷരൂപം പോൽ അവഗണനയുടെ വേദനയാവുന്നടുക്കളപ്പുറങ്ങളിൽ. വിരുന്നുകുറിക്കലിനീണവും ഒരുമയുടെ കലപിലയും ഏറെയുണ്ട് പാഠങ്ങൾ. ആയുസ്സറിയാതെ, ആയുസറ്റവരുടെ പ്രതിരൂപമായി, ആണ്ടുബലിയിൽ ഒരുരുളച്ചോറിന്റെ അവകാശിയായി, കാകൻ ചേക്കേറുന്നു കാലത്തിൻ വഴികളിൽ, പകരം വെക്കാനില്ലാത്ത പുണ്യം. ★★★നിഷിബ എം നിഷി★★★
എന്തിനെന്നറിയാത്തൊരു നൊമ്പരമിടനെഞ്ചിൽ, വിഷാദച്ഛവി കലരുന്നു ചിന്തകളിൽ കാരണം തേടുകിൽ ഒന്നല്ലൊരായിരം, വീണ്ടും തിരയുകിൽ ഇന്നലെകളുടെ സ്മൃതിതീരം തെളിയുന്നു മുന്നിൽ, ഇന്നിലേക്കൊഴുകാനാവാതെ തടയണ കെട്ടുന്നോർമ്മകൾ, നോവിൻ കാൽചിലമ്പണിയിക്കുന്നു, ഇന്നലെകളെ തർപ്പണം ചെയ്യണം, ഇന്നിനെയറിയാൻ, വ്യർത്ഥമീ അർത്ഥമില്ലാത്ത ചിന്തകൾ, അനുഭവങ്ങളെ പാഠങ്ങളാക്കാം, അന്യമായതൊക്കെ മറവിയിലെരിക്കാം.. ★★★നിഷിബ എം നിഷി★★★
“നിനക്കെന്താ ഇത്ര ഈഗോ” ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്യാണം കഴിഞ്ഞ അന്നു മുതലിന്നോളം ഓരോ സന്ദർഭങ്ങളിലും ഈഗോ എന്ന വാക്ക് കടന്നു വരും. അച്ഛനമ്മമാരുടെ തണലിൽ വളർന്ന ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം കുറ്റം ചെയ്യാതെ ശിക്ഷയനുഭവിക്കുകയാണ്. പഠിച്ചു നല്ലൊരു ജോലി നേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന എന്റെ കഴുത്തിൽ കുരുങ്ങിയ കുരുക്കായിരുന്നു അനിയേട്ടന്റെ താലി. പഠനവും ജോലിയുമൊക്കെയായി വയസ്സ് ഇരുപത്തിയെട്ടായത് ഞാൻ അറിഞ്ഞില്ല. അല്ലെങ്കിലും എനിക്കതൊരു വിഷയമായിരുന്നില്ല. പക്ഷേ നാട്ടുകാർക്കും വീട്ടുകാർക്കും അതൊരു ആഗോളപ്രശ്നമായി. അധ്യാപകദമ്പതികളായിരുന്നിട്ടും ഒറ്റമകളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക അച്ഛനമ്മമാരെ വിഷമവൃത്തത്തിലാക്കി. തിരക്കിട്ട കല്യാണാലോചനകളിൽ എന്റെ ഒഴിവുദിനങ്ങൾ സംഘർഷഭരിതമായി. അങ്ങനെയാണ് അച്ഛന്റെ സുഹൃത്തിന്റെ മകന്റെ ആലോചന വന്നത്. സുമുഖൻ, സുന്ദരൻ, നല്ലൊരു ജോലിയുണ്ട്. കുടുംബവും കൊള്ളാം. സാമ്പത്തികമായും സാമൂഹികവുമായി നല്ല ചുറ്റുപാട്. എനിക്കും ഇഷ്ടക്കേടുണ്ടായില്ല. ജീവിതത്തിൽ എന്നായാലും വിവാഹം നടക്കേണ്ടതല്ലേയെന്ന ചിന്തയായിരുന്നു. പിന്നെ അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന അടിയുറച്ച വിശ്വാസവും. അങ്ങനെ വിവാഹം കഴിഞ്ഞു. വിശ്വാസത്തകർച്ച ആദ്യദിവസം…
“ഹരീ, നീ സുമയെ വിളിക്കാൻ പോയോ?” “ഇല്ല, ശാന്തേടത്തി .ഇനി അവൾക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ. എത്രയെന്നു വെച്ചാണ് സഹിക്കുന്നത്. കല്യാണം കഴിഞ്ഞ അന്നുതൊട്ട് തുടങ്ങിയതാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ എല്ലാം കെട്ടിപ്പെറുക്കി മുഖവും വീർപ്പിച്ചൊരു പോക്ക്. മക്കളുണ്ടായാലൊരു മാറ്റമുണ്ടാവുമെന്നു വിചാരിച്ചു. എവിടെ, കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഇതിനിടയിൽ തൃശങ്കുസ്വർഗ്ഗത്തിലാവുന്നതെന്റെ ചിന്നുവും മിന്നുവുമാണ്. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അവൾക്കാണെങ്കിൽ സ്വത്തും ബന്ധുബലവുമെല്ലാമുണ്ട്. എന്റെ വരുമാനത്തിനനുസൃതമായി നല്ല രീതിയിൽ തന്നെ അവളേയും മക്കളേയും ഞാൻ നോക്കുന്നുണ്ട്. പരമാവധി താണു കൊടുക്കാറുമുണ്ട്. കുറ്റം പറയരുതല്ലോ. കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് എന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞിട്ടില്ല, അവളുടെ അച്ഛനുമമ്മയും.” “ഹരീ, നിന്റെ വിഷമം എനിക്ക് മനസ്സിലാവും. നിന്റെയമ്മയും അച്ഛനും നിന്നെ വിട്ടു പോവുമ്പോൾ നിനക്ക് പത്തു വയസ്സാണ്. അന്നുമുതൽ മക്കളില്ലാത്ത എനിക്കും ഗോപാലേട്ടനും നീ മകൻ തന്നെയാണ്. ഒടുവിൽ ഗോപാലേട്ടൻ പോയപ്പോൾ മകനായി നീ തന്നെയല്ലേ കർമ്മങ്ങൾ ചെയ്തത്. നിന്റെ ഏടത്തി വിളി ‘അമ്മ’…
