അക്ഷരങ്ങൾ കൊരുത്തൊരു മാല്യമതിൽ അർത്ഥങ്ങൾ തിരയുന്നു, നിയമങ്ങളാൽ രൂപം ചമയ്ക്കുന്നു, അതിരുകൾ താണ്ടാതെ കാച്ചിക്കുറുക്കി കുറിക്കുകൊള്ളും വാക്കുകളാൽ അസ്ത്രം തൊടുക്കുന്നു, ലക്ഷ്യം ഭേദിച്ചതു ആവനാഴി പൂകുന്നു. നിയമസംഹിതയ്ക്കപ്പുറം ചിന്തകൾ ചിത്രം ചമയ്ക്കുന്നു, കാലം പൊളിച്ചെഴുതുന്നു കാഴ്ച്ചപ്പാടുകൾ, കാറ്റിൽ പറക്കുന്നു മാമൂലുകൾ- അതോ അജ്ഞതയുടെ ആൾരൂപങ്ങളേറുന്നതോ, ചിന്തകൾ പകർത്തുവാനെന്തിനൊരു ചട്ടക്കൂടെന്നതൊരു ന്യായമെങ്കിലും മഹാരഥർ നടന്നവീഥികള-വരുടെ കാലാതീതമാം വാഗ്വൈഭവങ്ങൾ വിസ്മരിക്കാനാവുമോ, അജ്ഞതയാൽ അക്ഷരപിശാചുകൾക്കു ജന്മമേകാതെ, അറിവിൻ പൊരുളിൽ മനം നിറയ്ക്കാം, ക്ഷരമില്ലാത്തൊരക്ഷരവെളിച്ചത്തിലഹംഭാവം വെടിയാം, വാഗ്ദേവതാവൈഭവം വരമെന്നറിയാം, വരികളിലതു വരിവരിയായൊഴുകട്ടെ അർത്ഥശങ്കയ്ക്കിടവരാതെ… ★★★നിഷിബ എം നിഷി★★★
Author: Nishiba M
കൊഴിഞ്ഞുപോവുമോ അതോ പൊഴിഞ്ഞുപോവുമോ ഈ മാമ്പഴക്കാലവും സ്മൃതിമധുരമേകി… ഋതുഭേദങ്ങളുടെ കാലഗണനകൾ കാലഹരണപ്പെടുമ്പോൾ, കാലം കടുത്തമഷിയിൽ തിരുത്തലുകൾ രേഖപ്പെടുത്തുമ്പോൾ, മറിയുന്നോരോ താളുകളും മാറ്റങ്ങളുടെ മാറ്റൊലിയുമായി… ഇനിയൊരിക്കലും കൈവരാത്തയോർമ്മത്താളുകളിലോർമ്മകളായി കൊഴിയുന്നിതു ചിലർ, ഇന്നീ നിമിഷമെന്നോർക്കിലും മാത്രയതൊന്നിലതുമൊരോർമ്മയാകും… നാളെയെന്ന കരുതലിൽ നാളിതുവരെയറിഞ്ഞില്ലിന്നിനെ, ഇന്നലെകളുടെ ഭാരം പേറി തളരുന്നു, പിഴയ്ക്കുന്ന ചുവടുകളുടെ ശിഷ്ടവും ഭാണ്ഡത്തിൻ ഭാരമേറ്റുന്നു… ഓർമ്മകൾ വേണമതെന്നാകിലും മാറാപ്പുകൾ പേറണോ അനുനിമിഷം, മറക്കുക, പൊറുക്കുകയീ മാനവജീവനിൽ, അനുദിനമുണരുക, നവസൗകുമാര്യമോടെ, വിടർന്നുല്ലസിക്കുകയീ ജീവിതവാടിയിൽ… ★★★നിഷിബ എം നിഷി★★★
ഹൃദയമായവനേ, സത്യത്തിൽ ഇങ്ങനെയൊരു സംബോധന തന്നെയാണ് ഏറ്റവും അനുയോജ്യമായത്. നീയും നിന്നോർമ്മകളും ഹൃദയവാടിയിൽ വസന്തമായി നിറയുന്നില്ലെങ്കിൽ ഞാനെന്നേ ഇല്ലാതായേനേ. ജീവിതം നമ്മളെ ഒരിക്കലും ഒന്നുചേരാനനുവദിക്കില്ലെന്നറിഞ്ഞു തന്നെയാണ് നമ്മൾ പരസ്പരം അടുത്തത്. പ്രണയത്തിന്റെ പാരമ്യത്തിൽ അതു തുറന്നുപറഞ്ഞൊന്നാവാൻ കൊതിക്കുന്ന മുഹൂർത്തങ്ങളിൽ പോലും മനസ്സിനെ പിടിച്ചു നിർത്തിയത് അതിന്റെ അനന്തരഫലങ്ങളോർത്തായിരുന്നു. അന്നൊരുവേള നമ്മൾ നമ്മെ മറന്നിരുന്നുവെങ്കിൽ ഒരുപാടു നഷ്ടങ്ങളിൽ നമ്മുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുമായിരുന്നു. ഇന്നിപ്പോൾ ഇങ്ങനെയൊരു കത്തെഴുതാൻ കാരണം, അന്നു നമ്മളെ തടഞ്ഞിരുന്ന ഒന്നും ഇന്നവശേഷിക്കുന്നില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, അന്തസ്സ്, സമൂഹം, കെട്ടുപാടുകൾ ഒന്നും ഇന്നെന്നെ ബാധിക്കുന്നില്ല. ഓരോരുത്തരായി കൊഴിഞ്ഞുപോയ ശൂന്യതയിൽ, ഒറ്റപ്പെടലിന്റെ തീവ്രതയിൽ ഞാൻ പോലുമറിയാത്തൊരജ്ഞാതവാസത്തിലായിരുന്നു. വേരുകളെല്ലാം അറുക്കപ്പെട്ടുവെന്ന മിഥ്യാബോധവുമായി എവിടെയൊക്കെയോ അലഞ്ഞു. കർമ്മബന്ധങ്ങളിൽ നിന്നും മുക്തമായി മോക്ഷമാർഗ്ഗം തേടിയപ്പോഴാണ്, എന്നെ കാലുറപ്പിച്ചു നിർത്തുന്ന അടിവേരുകളുടെ സഞ്ചയമുണ്ടെന്നു തിരിച്ചറിഞ്ഞത്. അതിൽ നിന്നൊരു മോചനമില്ലെന്ന തിരിച്ചറിവാണെന്നെ എന്റെ തറവാട്ടുമുറ്റത്തെത്തിച്ചത്. എല്ലാമൊന്നൊതുക്കി വെക്കുന്നതിനിടയിലാണ് ഈ വിലാസം എന്റെ കണ്ണിൽപ്പെട്ടത്. ഇതെഴുതി തന്നു നീ പറഞ്ഞ…
മനുഷ്യശക്തിയുടെ പൂർണ്ണമായ ഉപയോഗം നടന്നിരുന്ന കാലത്തുനിന്നും പടിപടിയായി മാറ്റങ്ങളിലൂടെ ഇന്നത്തെകാലത്തു വന്നു നിൽക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടമാവാമല്ലേ. നാൽക്കാലികളിൽ നിന്നും ഇരുകാലികളിലേക്കുള്ള പരിണാമം. അതിനപ്പുറം സുപ്രധാനമാറ്റമായിരുന്നു അഗ്നിയുടെ കണ്ടുപിടുത്തം. അതു മാറ്റങ്ങളുടെ വലിയൊരു പാത തന്നെ വെട്ടിത്തുറന്നു. വേട്ടയാടാനായി കല്ലും മരങ്ങളും വിവിധരൂപങ്ങളിലേക്കു പരിണമിച്ചു ആയുധങ്ങളായി. ദേഹം മറയ്ക്കാനുള്ള വസ്ത്രങ്ങളായി ഇലകളും മരത്തൊലികളും മൃഗത്തോലുകളും പരിണമിച്ചു. കൃഷിയുടെ ആരംഭം ഗോത്രരൂപീകരണത്തിനു വഴിമാറി. പ്രവൃത്തികൾ ആയാസരഹിതമാക്കാൻ പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് മനുഷ്യർ എത്തിച്ചേർന്നു. ജലയാനങ്ങൾ ദൂരങ്ങളെയകറ്റി പുതിയ സംസ്കൃതികൾക്ക് പ്രാരംഭമേകി. മൃഗങ്ങൾ മനുഷ്യയാത്രയുടെ യന്ത്രങ്ങളായി. അപ്പോഴും മനുഷ്യശക്തി എല്ലാത്തിന്റേയും ആധാരമായി നിലകൊണ്ടു. കാലം കടന്നു പോകവേ ആവി യന്ത്രങ്ങളുടെ വരവിൽ പുരോഗതിയുടെ വൻകുതിച്ചുചാട്ടമാണ് നടന്നത്. സുപ്രധാനമായ മറ്റൊരു കണ്ടുപിടുത്തമായിരുന്നു വൈദ്യുതി. ലോകത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ കെൽപ്പുള്ളതായി ആ കണ്ടുപിടുത്തം. മനുഷ്യശക്തി ഉപകരണങ്ങളിലേക്ക് പരിണമിക്കുന്നതിനു ആ കണ്ടുപിടുത്തം നിദാനമായി. ടെലിഫോണിന്റെ കണ്ടുപിടുത്തം , ‘ഹലോ’യിലൂടെ ലോകത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി. യാത്രാ വിമാനങ്ങളുടെ വരവോടെ കൂടി ലോകത്തിന്റെ…
ഓർമ്മകൾക്കെന്നും പൂക്കാലമാണല്ലോ. കരഞ്ഞും ചിരിച്ചും അതെന്നുമുള്ളിൽ പൂത്തു നിൽക്കും. തിരിഞ്ഞുനോട്ടമല്ലാതെ തിരിച്ചുനടത്തമാവില്ലെന്ന തിരിച്ചറിവിലും മനസ്സൊരു ഓണത്തുമ്പിയായി ഓരോ പൂക്കളിലും മധു തേടിയലയും. നേർത്തനൊമ്പരത്തിന്റെ പൂമ്പൊടികലർന്നൊരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു കാലം പിന്നേയും മുന്നോട്ടു കുതിക്കും. മാറ്റങ്ങൾ ക്ഷണവേഗത്തിൽ വന്നണയുമ്പോഴും കൊഴിഞ്ഞുപോയ ദിനങ്ങളിലെവിടെയോ മറന്നുവെച്ചൊരെന്നിടം തിരയുന്നെന്നും ഞാൻ. ബാല്യമെന്നും മധുരമാർന്നൊരോർമ്മയാകവേ, പൂവിളിയുടെ താളമുള്ളിൽ നിറയുന്നു. കൊമ്മയുമേന്തി(തെങ്ങോലയാൽ മെടഞ്ഞ പൂക്കുട) കൂട്ടരോടൊത്ത് പൂക്കൾ തേടിയലഞ്ഞ കാലം. തുമ്പയും മുക്കുറ്റിയും ചെക്കിയും അരിപ്പൂവും എരോക്കയുമൊക്കെ കൊമ്മയിൽ നിറച്ചു, പങ്കുവെക്കലിന്റെ സ്നേഹം പകുത്ത് പരീക്ഷാച്ചൂടിലും പൂക്കളങ്ങളിലെ വർണ്ണങ്ങളെയുള്ളിൽ നിറച്ച കാലം. വല്ലപ്പോഴും ലഭിക്കുന്ന കോടിഉടുപ്പിന്റെ ഗന്ധം ഉള്ളിലേക്കാവാഹിക്കുമ്പോൾ മനസ്സു ആഹ്ലാദഭരിതമായി നിറഞ്ഞു തുളുമ്പുമ്പോൾ മിഴികളും നിറഞ്ഞു തുളുമ്പും. സദ്യയിലെ വിഭവങ്ങൾ രസനയെ ത്രസിപ്പിക്കും. അവധിയുടെ ആരവത്തിൽ ഓണദിനങ്ങൾക്കു പൊലിമയേറും. ഓർമ്മകൾ അവനവന്റെ മാത്രം നിധികുംഭമാണ്. അതൊരിക്കലും മറ്റൊരാൾക്ക് അതേ തീവ്രതയോടെ പങ്കിട്ടെടുക്കാനാവില്ല. ഒരേ കാലഘട്ടത്തിലെ ചിലതൊക്കെ തൊട്ടറിയാമെന്നല്ലാതെ, കേൾക്കുന്നവർക്ക് കഥയായും അതിലൂടെ കടന്നു പോയവർക്ക് അനുഭവമായും തോന്നുന്ന…
നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ നിറയുന്നു.. ★★★നിഷിബ എം നിഷി★★★
ഞാനാരാണെന്നു തേടുന്നു, ജ്ഞാനബുദ്ധനേപ്പോലെ, ഞാനെന്നതു നീയെന്നു ചൊല്ലുന്നാരോ, ഞാനറിയാതെ പോവുന്നതു എനിക്കുള്ളിലെയെന്നെ മാത്രമെന്നു തിരുത്തുന്നുള്ളം…. ★★★നിഷിബ എം നിഷി★★★
ഇറാഖിൽ വിവാഹപ്രായം ഒൻപതുവയസ്സാക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സു വല്ലാതെയൊന്നുലഞ്ഞു. സത്യത്തിൽ മനുഷ്യരാശിയുടെ പോക്ക് എങ്ങോട്ടാണ്. നമ്മൾ നേടിയെന്നഹങ്കരിക്കുന്ന മൂല്യങ്ങളൊക്കെ വെറും കെട്ടുകാഴ്ച്ചകളോ. ഇങ്ങനെയെത്രയോ അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടമാടുന്നുണ്ട്. അതിൽ പലതും വിശ്വാസങ്ങളുടെ പുറന്തോടിൽ സുരക്ഷിതവുമാണെന്നതാണ് യാഥാർത്ഥ്യം. ഒൻപത് വയസ്സ് എന്നു കേട്ടപ്പോൾ ഒരുപാടു കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി. പണ്ട് എന്റെ അച്ഛന്റെയൊക്കെ ചെറുപ്പകാലത്ത് അച്ഛന്റെ സഹോദരിമാരുടെ വിവാഹം അങ്ങനെ കഴിഞ്ഞിട്ടുണ്ട്. അവർ ഋതുമതിയായതു പോലും ഭർത്തൃഗൃഹത്തിൽ വെച്ചാണത്രേ. കാലങ്ങൾക്കിപ്പുറം പിറന്നവീടിനോടോ സഹോദരങ്ങളോടോ ഒരിറ്റു മമതയില്ലാത്തവിധം മാനസികമായ അകൽച്ച വന്നതിനെ പഴി പറയാനാവുമോ. ഞങ്ങളുടെയൊക്കെ കാലമെത്തുമ്പോഴേക്കും ഏഴാംക്ലാസോ എട്ടാംക്ലാസോ സ്ക്കൂൾപൂട്ടൽ സമയമാണ് കൂടുതൽ പേരും ഋതുമതിയാവുക. ശാരീരിക വളർച്ചയും മറ്റു ലക്ഷണങ്ങളും അതിനു മുന്നോടിയായുണ്ടാവും. മാറ്റങ്ങളുടെയൊരുകാലം. മുതിർന്നയാളുകളുടെ ഭരണത്തിലിരിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയിൽ, അന്നത്തെ ആചാരങ്ങളിൽ ആർത്തവത്തേപ്പോലും വെറുത്തുപോയിരുന്നു. സത്യത്തിൽ സാധാരണദിവസത്തിനപ്പുറം അതിനെന്തിനാണിത്ര പ്രത്യേകതയും മാറ്റിനിർത്തലുമെന്നെനിക്കു മനസ്സിലായിട്ടില്ല. ന്യായീകരണങ്ങൾ പലതുണ്ടാവാം. പക്ഷേ അതൊന്നും അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് പകരമാവില്ല. വിവാഹശേഷം പക്ഷേ…
ഒരു തീർത്ഥാടനയാത്രയ്ക്കിടയിലാണ് പത്തുവയസ്സുകാരൻ അക്ഷയ് അച്ഛനമ്മമാരുടെ കൈവിട്ടു പോവുന്നത്. തമിഴ്നാട്ടിലെ തീർത്ഥാടനത്തിനിടയിലായിരുന്നു സംഭവം. പോലീസ് എല്ലാരീതിയിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മൂന്നുമാസത്തെ അന്വേഷണം വഴിമുട്ടി നിന്നു. സമാനമായ പല സംഭവങ്ങൾ പോലെ ദിശയറിയാതെ അതും അവസാനിച്ചു. അക്ഷയുടെ അച്ഛനമ്മമാരായ ആരതിയും അഖിലും അന്വേഷണം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതേ അനുഭവങ്ങളുള്ള മറ്റുള്ളവരെ കണ്ടുപിടിച്ചു അവരുമായി ചേർന്നു കാര്യങ്ങൾ വിലയിരുത്തി പുതിയ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. അതു ചങ്ങലക്കണ്ണികളായി ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചു. നിയമപാലകരുടെ നിസ്സഹകരണം അന്വേഷണപാതകൾ ദുഷ്ക്കരമാക്കിയെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി ലഭിച്ച സൂചനകളും അന്വേഷണം അവസാനിപ്പിക്കാനുള്ള സമ്മർദ്ദവും പോവുന്നതു ശരിയായ ദിശയിലേക്കാണെന്ന തെളിവു നൽകി. ഇതേ സമയം അക്ഷയ് പല കൈ മറിഞ്ഞു എത്തിച്ചേർന്നതു ഉത്തരേന്ത്യയിലെ ഒരു വ്യവസായിയുടെ കൈയിലായിരുന്നു. അയാളുടെ വ്യവസായ സ്ഥാപനങ്ങളിലെ വിവിധ ജോലികൾക്കായി അവൻ നിയോഗിക്കപ്പെട്ടു. അവിടെ പല കുട്ടികളേയും അവൻ കണ്ടുമുട്ടി. അമ്മയും അച്ഛനും പറഞ്ഞുതന്നതും സിനിമയിലൊക്കെ കണ്ടതുമായ പല കാര്യങ്ങളും അവനു…
ശ്രീ സോമൻ കടലൂർ എഴുതിയ നോവൽ ‘പുള്ളിയൻ’ വായിച്ചു. കടലിന്റേയും കടലിന്റെ മക്കളുടേയും ജീവിതം തൊട്ടറിഞ്ഞു പകർത്തിയ അക്ഷരങ്ങൾ. കാണുന്നവന്റെ കണ്ണിലാണ് കടലെന്നു പറയും. അറിയുംതോറും വിസ്മയമാവുന്ന കടലിന്റേയും തിരതല്ലുന്ന തീരത്തിന്റേയും കടലുതന്നെ ജീവിതമാവുന്ന കടലിന്റെ മക്കളുടെയും ജൈവവും അജൈവവുമായ കടൽ സംസ്കൃതിയുടേയും ചരിത്രത്തിന്റേയും ആഴത്തിലുള്ള ഓർമ്മപ്പെടുത്തൽ. ജീവിതത്തിന്റെ ഉപ്പുകുറുക്കിയ അനുഭവങ്ങളുടെ നേർക്കാഴ്ചകളുമായി ചിരുകണ്ടൻ തന്റെ തോണിതുഴയുമ്പോൾ അനുവാചകരും അറിയാക്കടലിന്റെ അത്ഭുതം തേടി പതിയേ തുഴയുന്നു. ഒടുവിൽ തന്മയീഭവിക്കലിന്റെ ഇഴചേരലിൽ ആ ജീവിതം തൊട്ടറിയുമ്പോൾ ചുഴികളിൽ പെട്ടുഴലുന്ന തോണി പോലെ ആടിയുലയുന്ന മനസ്സിൽ നൊമ്പരത്തിരയിളക്കമായി കടലും തീരവും കടൽമക്കളും മീനുകളുമൊക്കെ പറഞ്ഞാൽ തീരാത്ത കഥകളുമായി വേലിയേറ്റമാവുന്നു. കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്ത ജീവിതയാത്രയുടെ രേഖപ്പെടുത്തലിൽ “മീൻപണിക്കാർക്ക് എയുത്തില്ല. വെള്ളത്തിൽ വരച്ച വര പോലെ എല്ലാം മാഞ്ഞുപോവുന്നു” എന്ന ഐങ്കരമുത്തപ്പന്റെ വാക്കുകൾ, വരമൊഴിയില്ലാത്ത കാലത്തിന്റെയേടുകളുടെ നേർച്ചിത്രമാവുന്നു. അമ്മസ്നേഹത്തിന്റെ ഗർഭച്ചുഴിയിൽ മുങ്ങിനിവരുമ്പോൾ സമത്വത്തിന്റെ സന്ദേശമേകി ഓർമ്മയുടെ മഴയൊഴുകി ഒന്നായിച്ചേരുന്ന കടലും ആകാശവും…
