“തങ്കം പോലത്തെ ചെക്കനും പൊന്നു പോലത്തെ പെണ്ണും. ഇതെന്തായാലും നടക്കും. ” കണാരേട്ടൻ പുറത്ത് തകർക്കുകയാണ്. “എന്റെ കണാരേട്ടാ, എന്റെ മോള് പൊന്ന് തന്നെയാണ് എനിക്ക്. അവൾക്ക് വേണ്ട പൊന്ന് ഞാൻ കൊടുക്കുകയും ചെയ്യും. ചെക്കൻ തങ്കമാവണമെന്നൊന്നുമില്ല. അവളെ പോറ്റാനുള്ള തന്റേടവും കാര്യപ്രാപ്തിയും സ്വഭാവഗുണവുമുണ്ടായാൽ മതി.” “നീ വിഷമിക്കാതിരിക്ക് സുരേന്ദ്രാ. നമ്മൾക്ക് നോക്കാം. എന്റെ മോളെപ്പോലെയല്ലേ. ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണമെന്നാണല്ലോ. ഇവിടെയതു നമ്മൾക്കു കണ്ണടയ്ക്കാവുന്നതല്ലല്ലോ.” “കുറവിനു കൂടുതൽ കേട്ടു ആരും ഇങ്ങോട്ടു വരണ്ട. അവൾക്ക് ആവശ്യത്തിനു വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ പി എസ് സി റാങ്ക് ലിസ്റ്റിൽ അവളുണ്ട്. ജീവിച്ചു പോവാനുള്ള സാഹചര്യവുമുണ്ട്. ഞങ്ങളുടെ കാലം കഴിഞ്ഞാൽ അവൾക്ക് ഒറ്റപ്പെട്ടു പോവരുത്. അതാണ് കണാരേട്ടനോട് തന്നെ പറയുന്നത്.” “ശരി, സുരേന്ദ്രാ. ഞാൻ ഇറങ്ങുകയാണ്. ഒന്നു രണ്ടിടത്ത് പോവാനുണ്ട്. ” ……………………. അകന്നു പോവുന്ന കാലൊച്ചയ്ക്ക് കാതോർത്തു എന്തോ ചിന്തയിൽ മുഴുകിയിരുന്നപ്പോഴാണ് ‘എന്താ എന്റെ മിത്തൂട്ടൻ ആലോചിക്കുന്നത്’ എന്നു ചോദിച്ചു…
Author: Nishiba M
സിൻ – വായനാനുഭവം ഹരിതസാവിത്രി എഴുതിയ നോവൽ ‘സിൻ’ വായനയ്ക്കപ്പുറം ആരുടെയൊക്കെയോ തെറ്റിന്റെ പാപഭാരം പേറുന്നവരെയോർക്കുമ്പോൾ, ഞാനും ഭാഗഭാക്കാവുന്ന സമൂഹത്തെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധത്തിലെരിയുന്നു മനം. യുദ്ധം, അതിന്റെ അന്തരഫലങ്ങളുടെ ആഴവും വ്യാപ്തിയും ഇന്നു നമ്മൾക്കന്യമല്ല. ദിവസവും നിറയുന്ന വാർത്തകളിൽ നമ്മളറിയുന്ന അർദ്ധസത്യങ്ങളിൽ യുദ്ധം മായ്ക്കാനാവാത്തൊരേടാണ്. യഥാർത്ഥത്തിൽ യുദ്ധം ആരംഭിക്കുന്നതു മനസ്സുകളിലാണ്. മനുഷ്യമനസ്സുകളിലുയരുന്ന മതിലുകൾ രാജ്യങ്ങളെ വേർത്തിരിക്കുന്ന മതിലുകളാവുന്നതിനുമുന്നേ തന്നെ മനുഷ്യരെ വേർത്തിരിക്കുന്നു. കാരണം പ്രത്യേകം തിരയേണ്ടതില്ലല്ലോ. വർണ്ണവർഗ്ഗജാതിമതഭാഷാസംസ്ക്കാരഭേദങ്ങൾ ആളുകളിൽ മുളപ്പിക്കുന്നതു ഭേദഭാവങ്ങളുടെ വിത്തുകളാണല്ലോ. പണവും അധികാരവും വിധിയെഴുത്തു നടത്തുമ്പോൾ അടിച്ചമർത്തപ്പെടുന്നതു പാർശ്വത്ക്കരിക്കപ്പെടുന്ന ഒരുകൂട്ടം ജനതയാവുന്നതെത്ര വേദനാജനകം. തകർന്നടിഞ്ഞ ജീവിതങ്ങളുടെ ചരിത്രശേഷിപ്പുകളിൽ ഉയർന്നു വന്ന മിനാരങ്ങളിലും തിരുത്തിയെഴുതപ്പെട്ട ചരിത്രങ്ങളിലും അർദ്ധസത്യങ്ങളുടെ മുഖംമിനുക്കലിനുമപ്പുറം യാഥാർത്ഥ്യം കുഴിച്ചുമൂടപ്പെട്ട ശവക്കല്ലറകളാവുന്നു. അടിച്ചമർത്തലിന്റേയും അധികാരത്തിന്റേയും ഗാഥകൾ വിജയഭേരി മുഴക്കുമ്പോൾ ചിന്തിയൊഴുകുന്ന ചോരച്ചാലുകളിലൂടെ അതിജീവനത്തിനായി പൊരുതുന്നവരുടെ നിസ്സഹായത. കാലികപ്രസക്തമെന്നല്ല, ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടാത്ത സംഭവവികാസങ്ങൾ. താങ്ങാവേണ്ടവർ മുഖം തിരിക്കുമ്പോൾ ഒറ്റയ്ക്കൊരു ജീവന്മരണപോരാട്ടത്തിൽ സ്വയം കുരുതി കൊടുക്കേണ്ടി വരുന്നവർ. വേട്ടക്കാരുടെ ശൗര്യത്തിനപ്പുറവും ഇര…
വളർന്നു വന്ന സാഹചര്യമാണോ എന്റെ സ്വഭാവസവിശേഷതയാണോയെന്നറിയില്ല പൊതുവേ ഒരു അന്തർമുഖത്വം ഉണ്ടായിരുന്നു എനിക്ക്. അതെന്റെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ ഉയർന്നു വന്ന പ്രണയാഭ്യർത്ഥനകൾക്കെതിരെ മുഖം തിരിച്ചായിരുന്നു എന്റെ ഇടപെടൽ. അച്ഛനമമ്മമാരെ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞയുമുണ്ടായിരുന്നു. പ്രായപൂർത്തിയാവുന്നതിനു മുൻപ് തന്നെ ആലോചനകൾ വന്നു തുടങ്ങിയിരുന്നെങ്കിലും പെണ്ണുകാണൽ ചടങ്ങുകൾ ഒരു നിത്യസംഭവമായി മാറിയത് ഡിഗ്രി പഠനസമയത്തായിരുന്നു. അങ്ങനെ നിരന്തരം തുടർന്നു വന്ന സപര്യയ്ക്ക് അവസാനമായത് ഇരുപത്തിനാലാം വയസ്സിലായിരുന്നു. ആൾ ഒരു വട്ടം വന്നപ്പോൾ ഞാൻ വീട്ടിലില്ല. പിന്നീട് രണ്ടാം വട്ടം വന്നു. സാധാരണ പോലെ ചായയൊക്കെ കൊടുത്തു. പക്ഷേ എന്തോ ആ ശബ്ദം എന്നെ ഹഠാദാകർഷിച്ചു. അതേപറ്റി തമാശരൂപത്തിൽ പറഞ്ഞു ഞങ്ങളെല്ലാവരും ചിരിക്കുകയും ചെയ്തു. കാര്യം സീരിയസ്സായത് വളരെ പെട്ടെന്നായിരുന്നു. 2006 ഒക്ടോബർ മാസം അവസാനമായിരുന്നു പെണ്ണുകാണൽ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആളിന്റെ വീട്ടിൽ നിന്നും മറ്റുള്ളവരും വന്നു. വീടും പരിസരവും എന്നെയുമൊക്കെ കണ്ടവർ തിരിച്ചു പോയി.…
ഒരായിരം കഥകളുടെ ഒരു വസന്തകാലവുമായി, അനുഭവങ്ങളുടെ വഴിത്താരകളിലൂടെയൊരു പഴയകാലം കാത്തു വെച്ചിട്ടുണ്ട് പൂർവികർ നമുക്കായി. അവർ നടന്നവീഥികളുടെ പിൻതുടർച്ചയാണ് നമ്മുടെ വഴികൾ. ഈ കഥ നടക്കുന്നത് അങ്ങനെയൊരു കാലത്താണ്. അമ്മയുടെ ബാല്യകാലം. വീട്ടിൽ അമ്മയുടെ അച്ഛൻ, അമ്മ,അച്ഛമ്മ, സഹോദരങ്ങൾ എല്ലാവരുമുണ്ട്. വലിയൊരു പറമ്പിൽ ഒരു വീടാണ്. പഴയ രീതിയിലുള്ള വീട്. അടുത്തടുത്തുള്ളവരെല്ലാം ബന്ധുക്കൾ. അങ്ങനെ എല്ലാവരും ഒരേ വീടു പോലെ കഴിയുന്ന കാലം. ഒരു സ്കൂൾ അവധിക്കാലം. താഴെയുള്ള വീട്ടിൽ എന്തിനോ വേണ്ടി പോയപ്പോൾ പെട്ടെന്ന് അകത്തെമുറിയിൽ ഇരുണ്ട രൂപം കണ്ടു പേടിച്ചു. അവിടെയൊരാൾക്ക് ചിക്കൻപോക്സ് വന്നിരുന്നു. ഇതറിയാതെയാണ് അമ്മ അവിടെ പോയത്. ആ ആൾ പുതച്ചു മൂടി കിടന്നതായിരുന്നു അമ്മ കണ്ടത്.. ആ പേടിയോടെ വീട്ടിൽ വരികയും പനിയോടുകൂടി അമ്മയ്ക്ക് ചിക്കൻപോക്സ് പിടിപെടുകയും ചെയ്തു . അടുക്കളയോട് ചേർന്ന മുറിയിൽ അമ്മയെ ഒറ്റയ്ക്ക് കിടത്തി. കാര്യമായി തന്നെ രോഗം ബാധിച്ചിരുന്നു. എന്നാൽ പതിയെ ആ ദിവസങ്ങൾ കടന്നു പോയി.…
അക്ഷരങ്ങൾ കൂട്ടിയെഴുതാൻ തുടങ്ങിയതു മുതൽ വായന ജീവിതത്തിന്റെ ഭാഗമായി. എന്നും രാവിലെ മാതൃഭൂമി പത്രത്തിന്റെ തലക്കെട്ടുകൾ ഉച്ചത്തിൽ വായിക്കാൻ അച്ഛന്റെ സ്നേഹശാസനയുണ്ടായിരുന്നു. ആ ശീലം അക്ഷരസ്ഫുടതയോടെ വാക്കുകളുച്ചരിക്കാനും അക്ഷരത്തെറ്റില്ലാതെ എഴുതുവാനുമുള്ള പ്രാഥമികഘട്ട പരിശീലനമായിരുന്നു. അതിരുകളില്ലാത്ത കാലത്തിൽ പങ്കുവെക്കലിന്റെ സ്നേഹത്തിൽ പുസ്തകങ്ങളും ഭാഗഭാക്കായി. ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്താണ് തുളസി കോട്ടുക്കൽ എഴുതിയ ‘കൃഷ്ണായനം’ എന്ന നോവൽ അച്ഛൻ വാങ്ങിച്ചു തരുന്നത്. ഏഴുഭാഗങ്ങളായുള്ള കൃഷ്ണന്റെ ജീവിതകഥ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. കൗമാരത്തിലേക്കു കാലൂന്നുന്ന സമയം മനസ്സെപ്പോഴോ വിഷാദത്തിലാണ്ടപ്പോൾ വാക്കുകൾ വരികളായി ഡയറിത്താളുകളെ അലങ്കരിച്ചു. കൈയിൽ കിട്ടുന്ന പേപ്പർകഷണങ്ങളടക്കം എന്തും വായിക്കുന്ന വായനാശീലം ആ കാലങ്ങളിൽ കൂട്ടുവന്നു. ഏട്ടന്മാർ കൊണ്ടുവരുന്ന ലൈബ്രറിപുസ്തകങ്ങളും സ്കൂളിലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും വായനയുടെ ഭാഗമായി. കാലം ഒഴുകുന്നതിനനുസരിച്ച് ഏറ്റക്കുറച്ചിലോടെ വായനയും കൂടെകൂടി. കുറ്റാന്വേഷണവും പുരാണങ്ങളും പ്രേതകഥകളും എന്തുകൊണ്ടോ ഇഷ്ടവിഷയങ്ങളായി മാറി. ജീവിതത്തിന്റെ ഗതിമാറിയൊഴുകുന്നതിനനുസരിച്ചു വായന തീരെയില്ലാതായി. ഒരു വ്യാഴവട്ടക്കാലം ശുഷ്കമായ വായനാക്കാലമായിരുന്നു. ലോകം ഒറ്റപ്പെടലിന്റെ ഒറ്റതുരുത്തിലൊതുങ്ങിയ കോവിഡ്കാലം സാമൂഹികമാധ്യമങ്ങളിലേക്കുള്ള…
നഷ്ടപ്പെടലുകളൊരു ശൂന്യതയാണ്, ഉള്ളിലൊരു തോരാമഴപ്പെയ്ത്താണ്, ഓർമ്മകളുടെ തിരതല്ലലിൽ ചിതറിവീഴുന്ന മിഴിനീരലകളാണ്, ദിനം ചെല്ലുംതോറും ഭാരമേറ്റിയുറയുന്ന അഴലിന്റെ അലിയാത്ത മഞ്ഞുമലകളാണ്… കെട്ടഴിഞ്ഞ പട്ടം പോലെയലയുന്നൊരോർമ്മയുടെയറ്റത്തൊരു നൂലിഴയായാകുന്നാ മുഖങ്ങൾ, ജീവിതപ്പാതയോരങ്ങളിലെ തണലിന്റെ തണുപ്പായി, നേർവഴിനയിക്കുന്നവഴിവിളക്കായി, ചൂരൽക്കഷായത്തിന്റെ കയ്പ്പിലും തലോടലിന്റെ മാധുര്യമായി… തെറ്റിപ്പോയ കാലത്തിന്റെ കണക്കുകൾ തെറ്റായ ദിശയിലൂടൊഴുകും നേരം, കൂട്ടിയെഴുത്തുകൾ വികലമായി പടരുമ്പോൾ, അറിയാനോവിന്റെ ചരടിൽ ജീവിതം ഉത്തരമില്ലാ സമസ്യ പോലെ ഇരുൾതേടിയലയുന്നു… ജന്മമൊടുങ്ങുവോളം തീരാത്ത കർമ്മപഥങ്ങളിൽ, അനുയാത്രചെയ്തവരൊരുനാൾ മടങ്ങുന്നു യാത്രാമൊഴിയേകാതെ, ശൂന്യമാമിടങ്ങളിൽ വറ്റാത്തൊരുറവയായി കിനിയുന്നു നോവ്… മറവിയുടെ കയങ്ങളിൽ ആഴത്തിലൊളിപ്പിച്ചാലും ഓർമ്മയുടെ കരങ്ങളിൽ സുഭദ്രമീ കാഴ്ചകൾ, നോവു തിരഞ്ഞതിലലിഞ്ഞൊഴുകിയാലും നേരറിയുന്നതവരില്ലാത്തൊരസ്തിത്വമില്ലെന്നൊരുൾബോധത്തിൽ നഷ്ടബോധത്തിന്റെ ചുഴിയിലമരുന്നു മൂകം… ★★★നിഷിബ എം നിഷി★★★
നഗരമദ്ധ്യത്തിലെ മരത്തണലിൽ എരിയുന്നവെയിലിലും ഒരിറ്റു തണലിന്റെ സാന്ത്വനത്തിൽ തന്റെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു മുരുകൻ. ചുറ്റും നിരത്തിയിട്ടിരിക്കുന്ന ചെരിപ്പുകളുടെ കേടുപാടുകൾ അതിവിദഗ്ദ്ധമായി തീർക്കുകയാണയാൾ. ഒപ്പം ഷൂ പോളിഷും കുടകളുടെ റിപ്പയറിംഗും ഉണ്ട്. കാലിൽ കൊലുസ്സും മനോഹരമായ ഡിസൈനർ ചെരിപ്പുമിട്ട് തന്റെയടുത്ത് വന്ന പെൺകുട്ടിക്ക് ബാക്കി കൊടുക്കുന്നുവെന്ന വ്യാജേന മുന്നിലെ ചെറിയ പെട്ടിയിൽ നിന്നും കാശെടുത്തു കൊടുക്കുമ്പോൾ അയാളുടെ കണ്ണുകൾ വാത്സല്യത്താൽ നിറഞ്ഞു. നിറകണ്ണു തുടച്ച് കണ്ണെത്തും ദൂരത്തോളം ആ കാലുകളുടെ ചലനത്തിൽ കണ്ണുനട്ടപ്പോൾ ഉള്ളിൽ തെളിഞ്ഞത് കുഞ്ഞിളം പാദങ്ങളായിരുന്നു. ഒരു ചെരുപ്പുമായി അടുത്തുവന്ന ഒരാളുടെ ശബ്ദമാണ് അയാളെയുണർത്തിയത്. “താൻ ആളു കൊളളാലോ. ചെരുപ്പ് റിപ്പയർ ചെയ്യാൻ വരുന്നവരെ ഇങ്ങനെ നോക്കിയാൽ താമസിയാതെ ഈ പണി മതിയാക്കി പോവേണ്ടി വരും”. ചുറ്റുമുള്ളവർ തമാശ പോലെയതു ആസ്വദിച്ചപ്പോൾ ഉരുകിയത് ഒരച്ഛന്റെ മനസ്സായിരുന്നു. നോവൊതുക്കിയ പുഞ്ചിരിയിലും മിഴിയിൽ നിന്നടർന്ന നീർത്തുള്ളിയിൽ ഒരായുസ്സിന്റെ ക്ലേശം എരിഞ്ഞടങ്ങി. വൈകുന്നേരം കയ്യിലെ പൊതിയിൽ എണ്ണപലഹാരവുമേന്തി പാതി തേഞ്ഞ ചെരുപ്പണിഞ്ഞ് വീടണയാൻ ധൃതിയിൽ…
ജനലഴിയോരം മുഖം ചേർത്തു വച്ച ശ്രീലതയുടെ കവിൾത്തടങ്ങളെ നനച്ചൊഴുകിയ ചുടുകണ്ണുനീരിൽ മഴചാറ്റലുകളുടെ തണുത്തകരങ്ങൾ തഴുകി. സാന്ത്വനങ്ങളുടെ ചേർത്തു നിർത്തലുകളൊന്നും അവളുടെ മാതൃമനത്തെ ശാന്തമാക്കാനുതകിയില്ല. പുറത്തും ആ മനസ്സിലും ശക്തമായ മഴ പെയ്യുകയായിരുന്നു. ആറുമാസങ്ങൾക്കു മുൻപ് ഒരു സായാഹ്നം. മാന്തോപ്പിൽ തറവാട്ടിൽ വലിയൊരു ചർച്ച നടക്കുകയാണ്. ശ്രീലതയുടേയും അഡ്വക്കേറ്റ് ജനാർദ്ദനന്റേയും മകനായ ശരണിന്റെ ഉപരിപഠനമാണ് വിഷയം. മകനെ തന്റെ അനന്തരാവകാശിയാക്കണമെന്ന അച്ഛന്റെ ആഗ്രഹം തത്ക്കാലം മാറ്റിവെച്ച് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് കോഴ്സിനു ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. കണക്ക് ഒരു ബാലികേറാമലയായ ശരണിന്റെ ഇഷ്ടം ബിരുദവും ബിരുദാനന്തരബിരുദവും ചെയ്തു, ഇഷ്ടവിഷയത്തിൽ റിസർച്ചൊക്കെ ചെയ്തു, വായനയും എഴുത്തും വരയും അദ്ധ്യാപനവുമൊക്കെയായി ഒരു സ്വതന്ത്രജീവിതമായിരുന്നു. ക്ളാസുകൾ ആരംഭിച്ചതിനുശേഷം ആദ്യമാദ്യം പ്രതിഷേധങ്ങളുയർത്തിയെങ്കിലും പതിയെ ശരൺ ഉൾവലിയാൻ തുടങ്ങി. ശ്രീലത അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. പഠനത്തിലെ ഉഴപ്പിനെച്ചൊല്ലി വീട്ടിൽ അസ്വാരസ്യങ്ങൾ പുകഞ്ഞു. വീട്ടിൽ നിന്നും ഹോസ്റ്റലിലേക്കുള്ള മാറ്റം ശരണിന്റെ തീരുമാനമായിരുന്നു. എതിർപ്പിനെ നിശബ്ദത കൊണ്ട് തോൽപ്പിച്ച് വീട്ടിൽ നിന്നുമകന്നു.…
യുദ്ധാനന്തരം വിജയഭേരിയുയർന്നപ്പോൾ, രക്തചൊരിച്ചലിനൊടുവിൽ നഷ്ടങ്ങളുടെ അസ്തിവാരത്തിനുമേൽ നേട്ടങ്ങളുടെ കോട്ടകൊത്തളങ്ങളുയർന്നു. ക്ഷത്രിയധർമ്മത്തിൻ വീരതയുയർത്തിപ്പിടിച്ച് അധികാരസിംഹാസനം ജേഷ്ഠസഹോദരനു കരഗതമായി. മണ്ണിന്റെ നാഥനു പെണ്ണും സ്വന്തമെന്നപോൽ രാജപത്നീപഥം കുലവധുവായ ദ്രൗപദിക്കു സ്വന്തമായി. സപത്നിമാരെ പിൻതള്ളി ഹസ്തിനാപുരത്തിന്റെ രാജ്ഞിയായി, യുധിഷ്ഠിരമഹാരാജാവിന്റെ വാമഭാഗമായി അവരോധിക്കപ്പെട്ടപ്പോഴും കൃഷ്ണയുടെ മനസ്സ് അശാന്തമായിരുന്നു. പുത്രദുഃഖത്തിൽ മാതൃമനം ദുഃഖാർദ്രമായി. രാജപത്നി രാജാവിനുമാത്രം സ്വന്തമായപ്പോൾ ഊഴം നഷ്ടപ്പെട്ട പ്രണയം അണയാത്ത കനലായി. അഗ്നിയിൽ നിന്നുയിർക്കൊണ്ടവൾക്ക് ജീവിതം തന്നെ അഗ്നിപരീക്ഷയായതു നിയതിയുടെ നിയോഗമാവാം. ബ്രഹ്മാസ്ത്രമേറ്റു അണഞ്ഞു പോയ കുലദീപം വീണ്ടും തെളിയിച്ച വാസുദേവനെ സ്മരിച്ചപ്പോൾ പ്രാർത്ഥനാനിർഭരമായി മനം. സഞ്ചാരവഴികളുടെ ഉയർച്ചതാഴ്ചകളിലൂടെ ദ്രുപദപുത്രിയുടെ ചിന്തകൾ രഥചക്രം പോലെ അതിവേഗം ഭൂതകാലത്തിലേക്കുരുണ്ടു. മൂത്തവനെന്നറിയാതെ സൂതപുത്രനെന്നു കർണ്ണനെ അപഹസിച്ചതും ലക്ഷ്യം കണ്ടെത്തിയ വില്ലാളിവീരനെ വരിച്ചതും മാതാവിന്റെ വാക്കുധർമ്മം പാലിക്കാൻ ഊഴമിട്ട് ഐവരുടെ പത്നിയായതും അതിക്ലേശകരമാം വനവാസവും പിന്നെയജ്ഞാതവാസവും ഛായാമുഖിയിൽ തെളിഞ്ഞ സത്യവും സ്ഥലജലവിഭ്രാന്തി സൃഷ്ടിച്ച ഇന്ദ്രപ്രസ്ഥവും മഹാഭാരതയുദ്ധഹേതുവായ ചൂതാട്ടവും വസ്ത്രാക്ഷേപവും കൃഷ്ണന്റെ സാന്ത്വനവും തന്റെ പ്രതിജ്ഞയും ധർമ്മയുദ്ധത്തിലെ അധാർമ്മികതയും ചമ്മട്ടിയേന്തി യുദ്ധം…
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ മുതൽ മുംബൈ ലോകമാന്യതിലക് സ്റ്റേഷൻ വരെ പോകുന്ന ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ് അൽപ്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്. ” തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ഹിമയുടെ കാതിൽ വീണ അനൗൺസ്മെന്റായിരുന്നു അത്. അവൾ കയ്യിലെ വാച്ചിൽ സമയം നോക്കി. 2:30PM. ഇനിയും സമയമുണ്ട്. ആശ്വാസത്തിന്റെ നിശ്വാസം ഉതിർന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും അഞ്ചു മിനിട്ട് നേരത്തെ കാത്തുനിൽപ്പിനൊടുവിൽ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോറം രണ്ടിലേക്ക് നടന്നു. ജനറൽ കമ്പാർട്ട്മെന്റ് വരുന്ന ഭാഗത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു. പതിനഞ്ചു മിനിട്ട് താമസിച്ചേ ട്രെയിൻ വരൂ എന്നു യാത്രക്കാരിലൊരാൾ പറയുന്നത് കേട്ടു. ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നപ്പോൾ ഓർമ്മകൾ ഏഴു വർഷം പിറകോട്ടു സഞ്ചരിച്ചു. വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോഴാണ് ഗർഭപാത്രത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. കഠിനമായ വയറുവേദനയും ബ്ലീഡിംഗും മറ്റുഅസ്വസ്ഥതകളും വിട്ടുമാറാതായപ്പോഴുള്ള പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു. അർബുദത്തിന്റെ തുടക്കമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തു അർബുദചികിത്സയിലൂടെ മുന്നോട്ട്…
