അവളോടുള്ള അവന്റെ പ്രണയം ഹൃദയത്തിൽ മാത്രമല്ല അവന്റെ സിരകളെയും മത്ത് പിടിപ്പിക്കുന്ന തരത്തിൽ ഏതോ ഉന്മാദ ലോകത്തെത്തിച്ചിരുന്നു . റംസീന നാസർ
Author: Ramzeena Nasar
ആദ്യരാത്രി തന്നെ അവസാന രാത്രി ആവുമോന്ന് ഭയന്ന് വെറുങ്ങലിച്ച ഒരു രാത്രിയായിരുന്നു എനിക്ക്. അസിഡിറ്റി എന്ന വില്ലൻ കൂടെപ്പിറപ്പായി എന്നും കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ആദ്യരാത്രിയിലെ ഭർത്താവ് കുടിച്ച പാൽ പകുതി കുടിച്ചതും വയറുവേദന എന്ന എന്റെ സ്ഥിരം കൂട്ടുകാരാൻ കാണാൻ വന്നതും അതേ രാത്രിയിൽ. പിന്നെ പറയണോ പുകിൽ വീട്ടിലുള്ളവരെ വിളിച്ചുണർത്തി ചൂടുവെള്ളവും മരുന്നും ഒക്കെ പരീക്ഷിച്ചു തിരിച്ചു മുറിയിൽ വന്നപ്പോൾ കുറേനാൾ ആദ്യരാത്രിയെ പറ്റി നെയ്തെടുത്ത സ്വപ്നങ്ങൾ തകർന്ന മട്ടിൽ കെട്ടിയോൻ കൂർക്കം വലിച്ചു ഉറങ്ങുന്നു. ആദ്യരാത്രിയിൽ ഭർത്താവ് കുടിച്ച പാതി പാൽ കുടിക്കണമെന്ന നിയമം കണ്ടുപിടിച്ചവനെ ശപിച്ചു ഞാനും ആ കട്ടിലിന്റെ ഒരറ്റത്ത് കിടന്നുറങ്ങി 😥. റംസീന നാസർ
വികാരങ്ങളെയും വിചാരങ്ങളെയും വിവേക പൂർവ്വം തുലനം ചെയ്ത് ശരീരപ്രവർത്തിക്കു അനുസൃതമാം വിധം ജീവിയെ ചലിപ്പിച്ചു മുന്നോട്ട് യാത്രചെയ്യിപ്പിക്കുന്ന മസ്തിഷ്കം. അതിനേൽക്കുന്ന ചെറിയ ആഘാതം പോലും ശാരീരിക ചലനങ്ങളെ നിഷ്ക്രിയമാക്കാം. റംസീന നാസർ
മക്കളെ തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉരമ്പരിക്കും എന്ന് പറഞ്ഞു വളർത്തിയ അച്ഛനും അമ്മയും. വല്ലപ്പോഴും ആ വഴി വരുന്ന തെരുവ് നായയെ എന്തെങ്കിലും തിന്നാൻ കൊടുത്തു ഓടിച്ചു വിടും, മക്കളെ നോവിച്ചാലോ എന്ന് ഭയമാരുന്നു ആ അച്ഛനും അമ്മക്കും. എങ്കിലും വാലാട്ടി പോവുന്ന നായയെ കൗതകത്തോടെ നോക്കി നിൽക്കുമവർ. മക്കൾ വളർന്നു വലിയ ജോലി നേടി അച്ഛനെയും അമ്മയേയും തെരുവിലേക്ക് ഇറക്കി വിട്ടപ്പോൾ അവർക്കു പിന്നാലെ ആ നായയും ഉണ്ടായിരുന്നു ഒരു കാവലാളെ പോലെ. റംസീന നാസർ
അന്നൊരു സ്കൂൾ യുവജനോത്സവ ദിനമായിരുന്നു. കുറേ ദിവസത്തെ അലച്ചിലിന്റെയും, പരിശീലനത്തിന്റെയും പരിപാടികൾക്കായുള്ള വസ്ത്രവും ആഭരണങ്ങളും ഏറ്റവും കുറഞ്ഞവിലയിൽ ലഭിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള നടത്തത്തിന്റെയുമൊക്കെ പരിസമാപ്തി സ്റ്റേജിൽ കാണുന്ന ദിവസം. ഞാനന്ന് പതിനൊന്നാം ക്ലാസ്സുകാരി. പത്താം ക്ലാസ്സ് എന്ന കടമ്പ കടന്ന് സ്വാതന്ത്ര്യം കിട്ടുന്ന വർഷം. അത് കൊണ്ട് യുവജനോത്സവത്തിന്റെ നടത്തിപ്പ് ചുമതലയെല്ലാം ഞങ്ങൾക്കായിരുന്നു. അതിന്റെ കുറച്ചു അഹങ്കാരവും ഇല്ലാതില്ലായിരുന്നു. പ്രത്യേകം എടുത്ത് പറയത്തക്ക കഴിവൊന്നുമില്ലെങ്കിലും എല്ലാ പരിപാടികൾക്കും പേര് കൊടുക്കും എന്തിനാവോ? ഒന്നിനും അല്ല പരിപാടിയുടെ പേരും പറഞ്ഞു ക്ലാസ്സിൽ കയറാതിരിക്കാൻ തന്നെ. ആദ്യ പീരീഡ് കഴിഞ്ഞാൽ പരിശീലനം എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങും പിന്നെ പടച്ചോൻ നേരിട്ട് പറഞ്ഞാലും അവസാന പീരീഡ് വരേ ക്ലാസ്സിൽ കയറില്ല. അതൊക്കെ സ്കൂൾ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. സ്റ്റേജിൽ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്. എല്ലാ വർഷവും അവസാന പരിപാടികളിൽ ഒന്നായിരിക്കും ഒപ്പന. അത് സ്കൂൾകാരുടെ ഒരു തന്ത്രമാണ് കാണികളെ പിടിച്ചിരുത്താൻ തന്നെ. ഒപ്പന തുടങ്ങിയാൽ…
“ഉരിയരി കൂടുതൽ ഇട്ടോളൂട്ടോ മാളു ഇന്നാരെങ്കിലും ഉണ്ണാൻ വരാതിരിക്കില്ല്യ അതി രാവിലെ തുടങ്ങിയതാ കാക്കയുടെ വിരുന്ന് വിളി”, കാക്കയുടെ കുറുകൽ കേട്ടാൽ എന്നും മുത്തശ്ശിയുടെ പറച്ചിലായിരുന്നു. കുപ്പയൊക്കെ ചികഞ്ഞു വൃത്തിയാക്കി കൊത്തി തിന്ന കാക്കയേ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു, “നശൂലം പിടിച്ച കാക്ക ആ അയക്കേമേൽ ഇട്ടതിലൊക്കെ വന്നിരുന്നു വൃത്തിക്കേടാക്കും അതിനെ അങ്ങു ഓടിച്ചു വിട്ടോളു കുട്ടിയേ.” ആർത്തു കരയുന്ന ഒരു കൂട്ടം കാക്കളെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു “കറുത്തിരുന്നാലെന്താ ഇത്ര സ്നേഹമുള്ള ഒരു ജീവിയും ഉണ്ടാവില്ല കാക്കയേ പോലെ അതിന്റെ കൂട്ടുകാർ ആരെങ്കിലും അബകടത്തിൽ പെട്ടു കാണും “. പിന്നീട് പടിഞ്ഞാറേ കോലായിൽ വന്നിരിക്കുന്ന ബലിക്കാക്കയെ ഓടിക്കാൻ തുനിഞ്ഞപ്പോൾ മുത്തശ്ശി തടഞ്ഞു “മരിച്ചുപോയ ആത്മാക്കൾ ആരെങ്കിലും ആവും കുട്ടിയേ ഓടിച്ചു വിടേണ്ട “.മുത്തശ്ശിയുടെ അന്ധവിശ്വാസങ്ങൾ മാത്രമാണിതൊക്കെ എന്ന് കരുതി .പക്ഷെ മുത്തശ്ശിയുടെ മരണം കഴിഞ്ഞു പിണ്ഡചോറു തിന്നാൻ വന്ന ബലിക്കാക്ക അവ കൊത്തിയെടുത്തു പറന്നു പോയപ്പോൾ എന്റെ മനസ്സിലും ഞാൻ അറിയാതെ…
എന്തിനെന്നറിയാതെ മക്കളാൽ തെരുവിൽ ഉപേക്ഷിക്കപെട്ട ആ അമ്മ ! ഏതോ അഗതി മന്ദിരത്തിന്റെ ഇരുണ്ടറയിൽ എന്തിനെന്നറിയാതെ കാത്തിരിപ്പു .. തന്നെ ഉപേക്ഷിച്ച അതേ മക്കൾക്കായ് . റംസീന നാസർ
തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും കോർട്ടിസോളിന്റെ അളവ് കൂടുതൽ ആവുമ്പോഴുള്ള താങ്ങാനാവാത്ത സ്ട്രസ്സിന്റെയും ശാരീരിക പ്രതിഫലനങ്ങൾ ആണെന്ന് . പിന്നെ ഒരു കാര്യം കൂടി. ഞങ്ങൾ തടിച്ചികൾ ആണെങ്കിൽ അത്യാവശ്യം കഞ്ഞിയും വെള്ളവും കുടിച്ചിട്ട് തന്നെയാ, അതിനു തിന്നാൻ തരുന്ന അച്ഛനും അമ്മക്കും പ്രശ്നമില്ല. പിന്നെ കാണുന്ന നാട്ടുകാർക്കാണ് പ്രശ്നമെങ്കിൽ അത് നിങ്ങളുടെ മനസ്സിന്റെ ഏനക്കേടാന്നെ. റംസീന നാസർ
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ഒരേ കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ. പോവുന്നതും വരുന്നതും. എന്തിനു എല്ലാ കുസൃതികൾക്കും തല്ലിനും വഴിക്കിനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നവൾ. പഠിക്കാൻ മാത്രമല്ല, പഠ്യേതര വിഷയങ്ങളിലും മിടുമിടുക്കിയായിരുന്നവൾ. ജന്മനാ പുഷ്ടിയുള്ള ശരീര പ്രകൃതിയായിരുന്നു അവൾക്ക് അതുകൊണ്ടു വയസ്സിനേക്കാൾ പ്രായം തോന്നിയിരുന്നു. സ്കൂൾ തലത്തിൽ തന്നെ അവൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയിരുന്നു. പൊതുവേ ഒരുപാട് സംസാരിക്കുന്ന സ്വഭാവക്കാരി ആയിരുന്നത് കൊണ്ട് തന്നെ കുഞ്ഞുനാൾ മുതൽ അവൾക്ക് ഒരുപാട് പഴിക്കേൽക്കേണ്ടി വന്നിരുന്നു. “നീ ഒരു പെൺകുട്ടിയാണെന്നും, നിന്റെ ശബ്ദം വീടിന്റെ ഉത്തരത്തിൽ കേൾക്കാൻ പാടില്ലെന്നും, നീ അന്യവീട്ടിൽ പോവേണ്ടവളാണെന്നും. അടുക്കള പണിയൊക്കെ പഠിച്ചു വെച്ചില്ലേൽ വീട്ടിൽ അമ്മയെ വളർത്തു ദോഷം പറയുമെന്നൊക്കെ”. കുഞ്ഞുനാൾ മുതലേ കേട്ടു വളർന്നതുകൊണ്ടു വിവാഹം അവൾക്കൊരു പേടിസ്വപ്നമായിരുന്നു. നമ്മുടെ നാട്ടിലെ ദുഷ്ചിന്തകളിൽ ഒന്നാണല്ലോ പെൺകുട്ടികൾ കല്യാണപ്രായം കഴിഞ്ഞു വീട്ടിലിരിക്കാൻ പാടില്ല എന്നത്. അവൾ എന്തോ വലിയ തെറ്റുകാരിയാണെന്നും സ്വഭാവ ദൂഷ്യമുള്ളവളാണെന്നും സമൂഹവും ജനങ്ങളും വിലയിടും.…
ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ. അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും. “കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല എന്തൊരു അടക്കവും ഒതുക്കവുമുള്ള കുട്ടിയാ അവളെക്കണ്ടു പടിക്ക്” എന്ന ഉപദേശം കേട്ടു കേട്ടു മടുത്തു . “പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ”അവളും വിട്ടു കൊടുത്തില്ല . ഒടുവിൽ അടക്കവും ഒതുക്കവുമുള്ള അമ്മാവന്റെ മോൾ കല്യാണത്തിന് മുമ്പേ ഗർഭിണിയായി. അപ്പോൾ ബന്ധുക്കളെല്ലാം മൂക്കത് വിരൽ വെച്ച് പറഞ്ഞു . മിണ്ടാപ്പൂച്ചയെ പോലെ നടന്ന പെണ്ണാ ഒടുവിൽ കലമുടച്ചെന്ന്. അന്നവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ വാക്കുകളാൽ. റംസീന നാസർ
