1751 ജൂലൈ 30 സായാഹ്നം.. ഓസ്ട്രിയയിലെ സാൽസ് ബർഗിൽ പ്രശസ്ത സംഗീതജ്ഞൻ ലിയോപോൾഡ് മൊസാർട്ടിന്റെ വീട്ടിൽ അലൗകിക സംഗീതം അലകൾ തീർക്കുകയാണ്. കാരണമുണ്ട്.. സംഗീതത്തേക്കാൾ പ്രിയപ്പെട്ട ഒന്ന് ഇന്നവിടെ പിറവി കൊണ്ടിരിക്കുന്നു! ഭാര്യ അന്ന മരിയ മൊസാർട്ട് പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള ഒരു കുഞ്ഞു മാലാഖയെ പ്രസവിച്ചിരിക്കുന്നു. എന്തു വിളിക്കും ആ തങ്കക്കുടത്തിനെ? അപ്പയ്ക്ക് സംശയമേതുമില്ലായിരുന്നു- തന്റെ പ്രേയസി ഭൂമിയിലേക്ക് കൊണ്ടുവന്ന തങ്ങളുടെ ഹൃദയമന്ത്രച്ചിന്തിന് അയാൾ പേരിട്ടു- മരിയ അന്ന മൊസാർട്ട്. പക്ഷേ ആ പേര് പുറം ലോകത്തിനുള്ളതാണ്! തങ്ങൾക്ക് അവൾ ‘നാന്നേൾ’ ആയിരിക്കും.ദൈവം കരുണാമയൻ എന്നർത്ഥം! ഒന്നോർത്താൽ അങ്ങനെയല്ലാതെ തങ്ങളുടെ ഈ അഭിലാഷപൂർണിമയെ തങ്ങളെന്തു വിളിക്കും! സൊണാറ്റയുടെയും സിംഫണിയുടെയും അലകളേറി അനുഭൂതി തീർക്കുമ്പോഴും തങ്ങൾ ആശിച്ചത് ഒരു പിൻപൂവിനെയാണ്. തങ്ങളുടെ സംഗീതമെല്ലാം ആറ്റിക്കുറുക്കി വിസ്മയസംഗീതപ്രപഞ്ചം തീർക്കാൻ പോന്ന ഒരു പിൻപൊടിപ്പ്! അദമ്യമായ ആഗ്രഹങ്ങളൊന്നും അടഞ്ഞ കാതുകളിലെ ചിലമ്പലുകൾ ആകാറില്ല. വയലിനും പിയാനോയും കച്ചേരികൾ തീർത്തത് ആ കുരുന്നുഹൃദയത്തിന്റെ തന്ത്രികളിൽ ആയിരുന്നു! പതിനെട്ടാം…
Author: Silvy Michael
തുണിയെല്ലാം എടുത്ത് മടക്കി അലമാര വൃത്തിയാക്കുമ്പോഴാണ് നിഷയുടെ കൈ തട്ടി ആ ആമാടപ്പെട്ടി താഴെ വീണത്. പെട്ടി കയ്യിലെടുത്ത് അവളത് പതിയെ തുറന്നു. വെറുതെയൊന്ന് തുറന്നു അകത്ത് വിരൽ ഓടിച്ച് തിരികെ വയ്ക്കാനായി തുറന്നതാണ്. പക്ഷേ ആദ്യം കണ്ണിലുടക്കിയത് വർണ്ണച്ചട്ടയുള്ള വീതി കുറഞ്ഞ വൃത്താകൃതിയിലുള്ള ഒരു ബുക്കാണ്.. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ്! ഓർമ്മകളുടെ ഒരു തിരയിളക്കം പൊടുന്നനെ അവളെ പിടികൂടി.20 വർഷം പിന്നിലേക്ക് ഓർമ്മത്തിരകൾ അവളെ ആവാഹിച്ചുകൊണ്ടുപോയി. ഗ്രാമത്തിലെ തന്റെ പള്ളിക്കൂടം… നീലയും ക്രീമും ചായമടിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ തങ്ങളുടെ ക്ലാസ്, ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നതായിരുന്നു. 10ബി. പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും ഒക്കെ ഇടകലർന്ന ഒരു ക്ലാസ്സ്.. ഉൽക്കണ്ഠയും ഉദ്വേഗവും ഭയവുമെല്ലാം ചേർന്ന് നരച്ച ദിനങ്ങൾ. എങ്കിലും അവയുടെ എല്ലാമടിയിൽ സൗഹൃദങ്ങൾ നിറയ്ക്കുന്ന ഉല്ലാസമുണ്ടായിരുന്നു. അധ്യാപകർ വരാൻ ഒരു നിമിഷം വൈകിയാൽ പിന്നെ ക്ലാസ് ഒരു പൂരപ്പറമ്പ് ആണ്. സൈലൻസ് എന്ന് ആയത്തിൽ ഗർജിക്കുന്ന ചൂരലിന്റെ വരവോടെ ക്ലാസ് കോടതിമുറിക്ക് സമാനമായ…
വിധി വൈപരീത്യത്താൽ സ്വർഗ്ഗതുല്യമായ ഒരു കുടുംബത്തിൽ നിന്നും നിഷ്കരുണം ചീന്തി എടുക്കപ്പെട്ട് അനാഥത്വത്തിന്റെ മടിത്തട്ടിൽ ജീവിതം ജീവിച്ചു തീർക്കേണ്ടി വന്ന കുഞ്ചെറിയ എന്ന ഒറ്റയാന്റെ കഥ പറയുന്ന നോവലാണ് ‘അജ്ഞാതർ’. അധ്യാപകനും വിവർത്തകനുമായ ശ്രീ വർഗീസ് മള്ളാത്തിന്റെ ആദ്യ നോവൽ സംരംഭം.. ആദ്യത്തേത് എന്ന് തോന്നിപ്പിക്കാത്ത വിധം ഒഴുക്കുള്ള വായന സമ്മാനിക്കുന്നു, പാത്രസൃഷ്ടിയിലും പശ്ചാത്തല സൃഷ്ടിയിലും അസാമാന്യപാടവം അനുഭവപ്പെടുത്തുന്ന ഈ കൃതി. 1940 കളിലാരംഭിച്ച് തൊണ്ണൂറുകളിലെത്തിനിൽക്കുന്ന നീണ്ട കാലയളവാണ് കഥയുടെ കാലഘട്ടം. കാലം അനുക്രമം കടന്നുപോകുന്ന പരിണാമ പ്രക്രിയയുടെ നേർച്ചിത്രം, കുഞ്ചെറിയയുടെ ജീവിതത്തോടൊപ്പം നമ്മുടെ മുന്നിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധവും ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വർഷങ്ങളുമൊക്കെച്ചേർന്ന് ദുരിതമയമായ കാലഘട്ടത്തിൽ മണ്ണിനോടും മഴയോടും പ്രകൃതിയോടും മല്ലിട്ട് വല്ലവിധേനയും കഴിഞ്ഞുകൂടുന്ന ഒരുപറ്റം സാധു മനുഷ്യരുടെ ഇടയിലേക്കാണ് കുഞ്ഞിര എന്ന കുഞ്ചെറിയ തന്റെ പിഞ്ചു ബാല്യത്തിൽ എത്തിച്ചേരുന്നത്. അവിടെ അവന് അഭയ കേന്ദ്രം ആകുന്നത് തിറുതി വല്യമ്മ എന്ന ഒരു അനാഥ സ്ത്രീയാണ്.…
ജനൽ വിരി ഒരു വശത്തേക്ക് ഒതുക്കി വെച്ച് ജനലഴിയുടെ കരുത്ത് പകരുന്ന സാന്ത്വനത്തിൽ മെല്ലെ തലചായ്ച്ച് അയാൾ ശൂന്യതയിലേക്ക് കണ്ണുപായിച്ചു. ഈ വീടും ഈ ജനൽ കാഴ്ചകളുംമൊക്കെ ഗൃഹാതുരതയുടെ ഒരു ചെപ്പു തുറന്നു എങ്ങുനിന്നോ ഇപ്പോൾ വന്നിറങ്ങിയത് പോലെ.. പരിചിതമായ ഒരു ഗന്ധം… പരിചിതമായ ഏതോ ഒച്ചയനക്കങ്ങൾ ഒക്കെ അതാ ഈ ശൂന്യതയിലേക്ക് ഇരച്ചുകയറുന്നു. “ഗോപേട്ടാ …” അയാൾ ഞെട്ടിത്തിരിഞ്ഞു. ഇല്ല…ഇവിടാരുമില്ല. തന്റെ കാതുകൾ തന്നെ പരിഹസിക്കുന്നത്പോലെ ഒരു നിമിഷം അയാൾക്ക് തോന്നി. അടുത്തമാത്രയിൽ വീണ്ടും ഏതോ ഒരു നിറവ് അയാളെ കീഴ്പ്പെടുത്തി. എന്റെ ശാരി… ഉണ്ട് അവളിവിടുണ്ട്. തന്നെ ചുറ്റിവരിയുന്ന അവളുടെ മൃദു കരങ്ങളെ മെല്ലെ അടർത്തി അയാൾ അവളെ തന്റെ മുന്നിലേക്ക് വലിച്ചുനിർത്തി. ഒരു കുസൃതിച്ചിരിയുമായി അവൾ അവനിലേക്ക് ചാഞ്ഞൂ. “ഗോപേട്ടാ…” അവൾ കൊഞ്ചിത്തുടങ്ങി. ഇതെന്താ ഇങ്ങനെ . എത്ര ദിവസമായി ഏട്ടൻ ഒന്ന് കുളിച്ചിട്ട്. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് . കൂട്ടുകാരോട് ഒന്നു മിണ്ടിയിട്ട്. എനിക്കു തന്നിരുന്ന…
സ്നേഹം സ്പർശമായും, സ്പർശം കരുതലായും മാറുമ്പോൾ ആ സ്‌നിഗ്ദ്ധതയുടെ നനവിൽ കുരുന്നുഹൃദയം തളിർക്കുന്നു തൊട്ടുതൊട്ടു ജീവൻപകരുന്ന വാത്സല്യമെന്ന മഹാദ്ഭുതം! വികൃതി വല്ലാതങ്ങുവീർക്കുമ്പോൾ തലോടലൊന്നിന്റെ സാന്ത്വനമുനയിൽ സങ്കടമൊന്നാകെ ആവിയാകുന്നു.. വികൃതി വിശുദ്ധനാവുന്നു! സ്പർശമവന്റെ രസതന്ത്രികൾ മീട്ടുന്ന വീണക്കമ്പിയാവുമ്പോൾ പല രാഗത്തിൽ പല താളത്തി- ലവൻ സംഗീതവിസ്മയമായ് പടരുന്നു! ഒരു സ്പർശത്തിന്റെ അഭാവത്തി- ലിന്നു വാടിവീഴുന്ന കുരുന്നുകളെത്ര! സ്നേഹമന്ത്രമോതുന്ന സ്പർശവടികൾ തൊട്ടാൽ പുനർജനിക്കാവുന്ന അദ്‌ഭുതജന്മങ്ങൾ.
മൂവന്തി.. ദേവാലയത്തിന്റെ ധ്യാനാത്മക മൂകത മാനം കാറേറി കറുത്ത് ഭൂമിയെ പുതയ്ക്കാൻ വെമ്പി ഇരുട്ട് മുകളിൽ പള്ളി മണി ഒന്നു ചിലമ്പിയോ? തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന് ബാങ്കിന്റെ അലയൊലി! അനർഘ നിമിഷം! ഉയിരിന്റെ ഏതോ കോണിൽ ഒരു തിരയിളക്കം ദേജാവൂ… ഞാനീ നന്മ അറിഞ്ഞിട്ടുണ്ട്! നൈർമല്യമായെന്റെ വേരുകളിലത് പടർന്നിട്ടുമുണ്ട്! ഉള്ളിലൊരു നിലാവ്.. മുന്നിൽ ദിവ്യകാരുണ്യനാഥന്റെ പുഞ്ചിരി. ഒരു മൊഴി ‘ ഞാൻ,അദ്വൈതം.. കുറിയും കുരിശും നിസ്കാരവുമൊക്കെ എന്നിലേക്കുള്ള വഴി’ എന്ന്!
ഇന്ത്യയുടെ സിനിമ ഭൂപടത്തിൽ പ്രമേയങ്ങൾ കൊണ്ടും കഥ പറച്ചിലിന്റെ രീതികൾ കൊണ്ടും ഗാനങ്ങളുടെ കാവ്യാത്മകത കൊണ്ടും എന്നും തനതായ ഒരു സ്ഥാനം സൂക്ഷിച്ചിരുന്നു മലയാള സിനിമകൾ. പുറമേ നിന്നു നോക്കുന്ന ഒരു സാധാരണക്കാരന് അത് ഒട്ടും വർണശബളമോ ആകർഷണീയമോ ആയിരുന്നില്ല.കാരണം ജെ സി ഡാനിയേൽ മുതൽ മലയാള സിനിമയുടെ ഊടും പാവും നെയ്ത മഹാരഥന്മാരെല്ലാവരുംതന്നെ സിനിമയുടെ ഉള്ളടക്കത്തിലാണ് ശ്രദ്ധയൂന്നിയത്. ശക്തമായ ഉള്ളടക്കങ്ങൾക്ക് തൊങ്ങലുപോലെ മികച്ച സിനിമാഗാനങ്ങളും ഒരുക്കുന്നതിൽ1950 കൾ മുതൽക്ക് തന്നെ നമ്മുടെ സിനിമ ശ്രദ്ധിച്ചു പോന്നു. വിരഹവും വിഷാദവും പ്രണയവും ആനന്ദവും വിപ്ലവവും എല്ലാം കാവ്യാത്മകതയിൽ ചിത്രീകരിക്കപ്പെട്ടു. കവികൾ ഗാനരചയിതാക്കൾ ആയതോടെ കവിത പോലെ സുന്ദരങ്ങളായ സിനിമാഗാനങ്ങളും പിറന്നു.പി. ഭാസ്കരനും മുല്ലനേഴിയും വയലാറും എല്ലാം ചേർന്ന് പ്രൗഢമനോഹരമായി നമ്മുടെ ചലച്ചിത്ര ഗാനശാഖയെ അണിയിച്ചൊരുക്കി. എങ്കിലും കവിയുടെ അന്ത:സംഘർഷങ്ങളിൽ നിന്നോ സൗന്ദര്യോപാസനയിൽ നിന്നോ ഒക്കെ അനായാസമായോ അപ്രതിരോധ്യമായോ നിർഗളിക്കുന്ന കവിതകൾക്കുവിപരീതമായി സിനിമയിലെ സന്ദർഭങ്ങൾക്ക് അനുസൃതമായി അവയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് രചിക്കുന്ന കാവ്യാത്മക…
ജയ ജയ ജയ ജയഹേ’ എന്റെ സ്വപ്നങ്ങളെ ഉണർത്തുന്നു ആകാശം മേലാപ്പ് നീർത്തുന്ന അതിരില്ലായ്ക ചുവരുകൾ തീർക്കുന്ന ഒരു സമത്വസുന്ദരഭാവിഗൃഹം എന്റെ പെൺപൂവിനായ് ആ ഭൂമികയിൽ ഞാൻ തിരയുന്നു.. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ആ സ്വച്ഛവീടിന്റെ ഭാഗമേ അല്ല! എങ്കിലും… ‘നീരജ’യ്ക്കൊപ്പം വളരാൻ എനിക്കാവുന്നില്ല ബാല്യവഴികളിൽ എന്നെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞുമുറുക്കിയ മൂല്യപാശങ്ങൾ കെട്ടുപൊട്ടിക്കാനാവാതെ കിതയ്ക്കുന്നു! ഞാൻ ഏറുന്ന ടൈം ട്രാവൽ വിമാനം പക്ഷേ, എന്റെ കുഞ്ഞിന്റെ പുഞ്ചിരിപ്പൂനിലാവിൽ ശോഭതൂവുന്ന മണിമുറ്റത്താണ് എപ്പോഴും എന്നെ കൊണ്ടു നിർത്തുക! വീണ്ടും വീണ്ടും ഞാനാ വിമാനമേറുന്നത് ആ പൂമുറ്റത്തെത്തുവാൻ വേണ്ടി മാത്രമാണ്!
മക്കൾക്കൊരു തുറന്ന കത്ത്… ഈയിടെ അമൽജ്യോതിയിലും മറ്റുമായി നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഞങ്ങൾ മാതാപിതാക്കളെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്ന് മക്കളെ നിങ്ങൾ അറിയുന്നുണ്ടോ? ഓരോ മരണവും ഞങ്ങളുടെ മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകളെയും കുറ്റബോധത്തെയും കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ നിങ്ങൾ ഓരോരുത്തരും പിച്ച നടന്നത് നിങ്ങൾക്കിപ്പോൾ ഓർമ്മയുണ്ടാവില്ല. നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും താങ്ങായി, കരുത്തായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഓരോ വീഴ്ചയിലും നിങ്ങളെ താങ്ങിയെടുത്ത് ശക്തി പകരാൻ ഞങ്ങൾ നിങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു.. ഉരുണ്ടുവീണ് ചോരയൊലിപ്പിച്ചപ്പോൾ മുറിവുകഴുകി മരുന്നു വച്ചൊട്ടിക്കാൻ ഞങ്ങൾ എപ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടായിരുന്നു. അന്ന് നിങ്ങൾ രണ്ടുകാലിൽ നടക്കാൻ പഠിക്കുകയായിരുന്നു… ഇന്ന് പക്ഷേ,ജീവിതത്തിന്റെ തിരുമുറ്റത്ത് പിച്ചവെച്ചു പഠിക്കുകയാണ് നിങ്ങള് .തീർച്ചയായും നിങ്ങൾ ഉരുണ്ടുവീഴും.. മനസ്സാകെ മുറിവേറ്റ് ചോരയൊലിപ്പിക്കും. സകലശക്തിയും ചോർന്ന് ഒരുപക്ഷേ നിങ്ങൾ തളർന്നു വീഴും.അല്ലെങ്കിൽ ഒരുപക്ഷേ,ഒപ്പം ഓടുന്നവർ, അതുമല്ലെങ്കിൽ കരുത്തുപകർന്നു പിടിച്ചെഴുന്നേൽപ്പിക്കേണ്ടവർ നിങ്ങളെ തള്ളി താഴെയിട്ടെന്നും വരാം! എന്തുതന്നെയാണെങ്കിലും,മക്കളെ, ഒന്ന് അറിയുക..നിങ്ങളെ പിടിച്ചുയർത്താൻ,വേണമെങ്കിൽ തോളിലേറ്റി…
ഒറ്റമരങ്ങളെ കണ്ടിട്ടില്ലേ? എന്തൊരു ചന്തമാണ്… ചില്ല വിടർത്താൻ വിശാലവിഹായസ്സ്… വേരുവിരിക്കാൻ നീണ്ട നിലവും… കാറ്റും മഴയും ആവോളം.. പങ്കിടലിന്റെ പങ്കപ്പാട് ലേശമില്ല… പ്രൗഢം… ഘനഗംഭീരം.. ഒറ്റമരം!! വഴിതാണ്ടിത്തളർന്നവന് സമാനതകളില്ലാത്തൊരു വരമാണ് അത്തരമൊരു മരം.. ചാരിയിരിക്കാനും മൂരിനിവർത്താനും വേണമെങ്കിൽ തെല്ലുറങ്ങാനും, അന്തമില്ലാത്ത വെയിൽപ്പാതയിൽ ഇനിയുമേറെ പ്പോകണമെങ്കിൽ, ഊർജ്ജമൊന്നുനിറയ്ക്കാനും… ശരണമറ്റ കിളിയിണകൾക്ക് കൂടൊരുക്കാനും കൂട്ടിരിക്കാനും ഒറ്റമരങ്ങൾക്കുള്ള ഉത്സാഹം ഒന്നു വേറെതന്നെയാണ്… ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയൊന്നു പ്രകോപിതയായാൽ മതി… വീശിയടിക്കുന്നൊരു കാറ്റ്, വന്യമായൊരു മഴപ്പെയ്ത്ത്.. ചില്ലയൊടിഞ്ഞ് വേരുകുതിർന്ന് ആ മരം അടപടലം നിലം പൊത്താൻ…. ആ വീഴ്ച ദയനീയമാവും…. ഒറ്റയാന്റെ പതനം!! പറഞ്ഞു വരുന്നത് നമ്മുടെ ‘ഒറ്റപ്പൂരാടങ്ങ’ളെക്കുറിച്ചാണ്.. ഒറ്റയ്ക്ക് വളരുന്ന നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്… നാമൊന്ന് നമുക്കൊന്ന് എന്ന തിരഞ്ഞെടുക്കലിനെക്കുറിച്ച്…. ഒത്തിരിയുടെ ഇത്തിരിയേക്കാൾ ഇത്തിരിയുടെ ഒത്തിരിയിലാണ് വർത്തമാനകാലം വിശ്വസിക്കുന്നത്! എട്ടും പത്തും പെറ്റുകൂട്ടി വറുതിയും വികൃതിയുമായി സമരസപ്പെടുന്നതിനേക്കാൾ, ഇമ്മിണിയുള്ള ഒന്നിനെ ഇമ്മിണി ‘ബല്യ ‘ഒന്നാക്കാൻ കാശും കാലവും ചെലവിടുന്നതുതന്നെ ബുദ്ധി.. എന്നാൽ ഈ ഇമ്മിണി ബല്യ ഒന്ന് ഒറ്റപ്പെടുന്നൊരു…
