തനുവരികെയെന്നാലും മനം കാതങ്ങൾക്കകലെയായ്, ഒരു ചെറുപുഞ്ചിരി പോലും ഉള്ളറിഞ്ഞു പകരാതെ, കടമകൾ തൻ ചങ്ങലകളാൽ ബന്ധിതരായ്, കൂട്ടിൽ കുടുങ്ങും പക്ഷികൾ പോലെ ജന്മം മുഴുവനും ഉരുകിത്തീർന്നിടുന്നു, ചില മനുഷ്യർ.
Author: Sreeja Ajith
അതിരുകളില്ലാ വാനിൽ സ്വച്ഛന്ദമായ് പറന്നുയർന്നിടാൻ കൊതിച്ചവൾ തൻ ചിറകുകൾ, അച്ചടക്കത്തിൻ നിയമങ്ങളാൽ, ലോകം ചമച്ചെടുത്ത അരുതുകൾ തീർത്ത വലയിൽ കുരുക്കി, സ്നേഹത്തിൻ ചരടായ് തോന്നും ചങ്ങലകളാൽ ബന്ധിച്ചു, സ്വാർത്ഥതയാകും ഖഡ്ഗത്താൽ അരിഞ്ഞെടുക്കുവതിൻ കാഴ്ചകൾ ചുറ്റിലും നിറയും കാലത്തും തളരാതെ, ഇടറാതെ ഉയർത്തെഴുന്നീട്ടിടാനുള്ള കരുത്തു നൽകിയല്ലോ പെണ്ണിനെ പാരിലയച്ചതു സർവ്വേശ്വരൻ.
എങ്ങും മരങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ കോളേജ് ക്യാമ്പസിനു വലിയ മാറ്റമൊന്നും വർഷങ്ങൾക്കു ശേഷവും വന്നിട്ടില്ല. രാഖി വളരെ പതുക്കെയാണ് നടന്നിരുന്നത്. ചുറ്റിലുമുള്ള ഓരോ കാഴ്ചകളെയും മിഴികൾ കൊണ്ട് ഉള്ളിലേയ്ക്ക് ആവാഹിക്കുകയായിരുന്നു അവൾ. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം കോളേജ് ഗേറ്റ് കടന്നു ആ മണ്ണിൽ കാലുകുത്തിയതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു. സ്വപ്നങ്ങളോടെ വന്നു കയറിയതും പ്രതീക്ഷകളുടെ വെളിച്ചം കെട്ട് തല കുനിച്ചിറങ്ങിപ്പോയതും ഈ പടിയാണ്. ഈ മണ്ണിൽ നിന്നാണ്. പന്ത്രണ്ടു വർഷത്തിന് ശേഷമുള്ള ഈ ഒത്തുകൂടലിനെക്കുറിച്ച് കേട്ടപ്പോൾ വരേണ്ട എന്ന് തന്നെയാണ് രാഖി ആദ്യം വിചാരിച്ചത്. ഫേസ്ബുക്കിലും വാട്സ്ആപ്പ് കൂട്ടായ്മയിലും ഒന്നും അവളില്ലായിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവരിൽ സിന്ധുവുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ. അവളാണ് നിർബന്ധിച്ചു ഈ പരിപാടിയ്ക്ക് വിളിച്ചു വരുത്തിയത്. പിന്നെ ആലോചിച്ചപ്പോൾ രാഖിയ്ക്കും തോന്നി, ഒരു തെറ്റും ചെയ്യാതെ എന്തിനാണ് ഒളിച്ചു നിൽക്കുന്നത്. തന്നെ ബലിയാടാക്കിയവർ അല്ലേ ലജ്ജിക്കേണ്ടത്. ജീവിതത്തിൽ താൻ തോറ്റു പോയിട്ടില്ല…
സുഖാന്വേഷിയായ് ജന്മം മുഴുവനും അലഞ്ഞു തീർക്കും മനുഷ്യനോർക്കുന്നീല, സമ്പത്തും സൗഭാഗ്യവും ബാഹ്യമാം സുഖങ്ങൾ നൽകിടുമെങ്കിലും മനസ്സിൽ നിറയും ശാന്തിയോളം സുഖം നൽകിടാനാവില്ലൊരു സ്വത്തിനും.
യുക്തി തൻ കണ്ണുകൾ കെട്ടിടുമേതു വിശ്വാസവും, മതമാകിടുകിലും ആശയമാകിലും, മനുഷ്യമനസ്സിലത് വേരൂന്നുകിൽ, അന്ധവിശ്വാസിയാക്കിടും, ഉള്ളിലെ വിവേകത്തിൻ വെളിച്ചം കെടുത്തിടും, തിന്മ തൻ ഇരുളിൽ തളച്ചിടും.
സൗജന്യമല്ലൊന്നും തന്നെയീ ഭൂവിൽ, മൂല്യമുണ്ട് നമ്മുടെയോരോ നേട്ടത്തിനും. അർഹതയില്ലാതെ നേടിയെടുക്കും സൗഭാഗ്യങ്ങൾക്ക് ചിലപ്പോൾ, വിലയായ് നൽകേണ്ടി വന്നിടും സ്വസ്ഥതയും ചിലപ്പോൾ ജീവിതം പോലും.
പൂജയും മന്ത്രവും കാണിക്കയും നേടിത്തരില്ല മർത്യനു ജന്മപുണ്യം. സഹജീവികൾ തൻ വേദനയിൽ ആശ്വാസത്തിൻ ചെറുതരിയെങ്കിലും പകരുവാനായാൽ, അഴലിൻ കൂരിരുൾ പാതയിൽ വഴിയറിയാതെ ഉഴലും സഹജർ തൻ പാതയിൽ, ശുഭപ്രതീക്ഷ തൻ കൈത്തിരി തെളിക്കുവാനായാൽ, അതിനോളം വലിയ പുണ്യമെന്തുണ്ട് മനുഷ്യന് ഭൂമിയിൽ.
ഭൂമിയോളം സഹിച്ചും തൻ നേർക്കു നീളും അനീതികൾ, അവഗണനകൾ തൻ വാൾമുനകളെ സഹനത്തിൻ പരിചയാൽ തടുത്തും നല്ലവളെന്നു പേരു നേടിയവൾ ഒരു നാളറിഞ്ഞു, തൻ ജന്മം അന്യർക്കായ് മാത്രം മെഴുകുതിരി പോൽ ഉരുകിത്തീർന്നു പോയ്, തനിക്കായ്, താനായ്, ജീവിച്ച നിമിഷങ്ങൾ തൻ എണ്ണം വെറും പൂജ്യം മാത്രമെന്ന്.
ഉരുകുമീ വേനലിനപ്പുറം ഇനിയും പിറന്നിടുമൊരു കുളിരേകും വർഷമെന്നും, ഊഷരമാമീ മരുഭൂമിയിൽ ഇനിയുമൊരല്പം ദൂരം നടന്നിടുകിൽ കാണാം ഇളവേറ്റിടാനായൊരു മരുപ്പച്ചയെന്നുമൊരു ശുഭചിന്തയല്ലോ, ദുരിതങ്ങൾ നിറയുകിലും, ഇനിയും മടുക്കാതെ ജീവിതയാത്രയിൽ മർത്യനെ മുന്നോട്ട് നയിക്കുമൊരു ഇന്ധനം.
ആദ്യമായ് കാഴ്ചയിൽ, സംസാരത്തിൽ, സ്പർശത്തിൽ, തോന്നിടും കൗതുകം, പിന്നെ പതുക്കെ സാധാരണമായ്, മെല്ലെ അതൃപ്തിയായ്, പിണക്കമായ്, കോപമായ്, ഒടുവിൽ വെറുപ്പായ് മാറിടുമ്പോൾ, മരിക്കുന്നു സുന്ദരമാം ബന്ധങ്ങൾ, ബാക്കിയായിടുന്നു ഉണങ്ങാത്ത മുറിവുകൾ തൻ നീറ്റൽ പേറും മനം മാത്രം.
