ഇന്ന് സമൂഹമാധ്യമത്തിൽ വായിക്കാനിടയായ ഒരു പ്രമുഖന്റെ പോസ്റ്റാണ് ഈ എഴുത്തിനു ആധാരം. പൊതുസ്ഥലത്ത് വെച്ചു അതിരുകടന്നു സ്നേഹം പ്രകടിപ്പിച്ച യുവമിഥുനങ്ങളെ ഒരു കൂട്ടം വീട്ടമ്മമാർ ചൂലെടുത്തു അടിച്ചോടിച്ചു.അതിൽ അവരെ വിമർശിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. ഇങ്ങനെയൊക്കെയുള്ള നിയന്ത്രണങ്ങൾ കാരണമാണ് യുവതലമുറ കേരളം വിടുന്നതെന്നുള്ള നിരീക്ഷണവും കൂടെയുണ്ട്. ചൂലെടുത്ത വീട്ടമ്മമാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ധാരാളം കമന്റുകളും കണ്ടു. മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് എത്തിനോക്കുന്നത് തികച്ചും തരംതാണ ഒരു പ്രവൃത്തി തന്നെയാണ്.നിയമം കൈയ്യിലെടുക്കാൻ ആർക്കും അനുവാദമില്ല. സദാചാരപോലീസ് ചമയുന്നത് ഗുണ്ടായിസം തന്നെയാണ്. എങ്കിലും പൊതുസ്ഥലം ഒരിക്കലും ഒരാളുടെയും സ്വകാര്യഇടമല്ല. ഇന്നത്തെ യുവതലമുറ തീർച്ചയായും ഒരുപാട് സ്വാതന്ത്ര്യം അനുഭവിയ്ക്കുന്നവരാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിവുള്ളവർ തന്നെയാണ് ഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും. പക്ഷേ അധികമായാൽ അമൃതും വിഷം എന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളുടെ അവസ്ഥ. ഒരു പരിധിയിൽ കവിഞ്ഞു സ്വന്തം മക്കളുടെ കാര്യങ്ങളിൽ ഇടപെടാൻ മാതാപിതാക്കൾക്കു പോലും ഭയമാണ്. കാരണം മക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞുകൂടാ. ബൈക്ക് വാങ്ങി നൽകാത്തതിനും…
Author: Sreeja Ajith
ഹ്രസ്വമാകുമീ ലോകജീവിതത്തിൽ നാമെല്ലാം തടവുപുള്ളികളല്ലോ. മനസ്സിലെ ഗൂഢഭയങ്ങൾ, പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ, എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ അതിരു തീർക്കും തടവറയിൽ മരണം വരെ തടവിൽ കിടക്കും തടവുപുള്ളികൾ നാം.
ജീവിതാശ തൻ മോഹവലയത്തിൽ കുരുങ്ങി, ആഡംബരങ്ങൾ തൻ പുറകെയോടിത്തളരും മർത്യൻ, തിരിച്ചറിയുന്നില്ലൊരു പരമസത്യം. വിശപ്പല്ലോ മനുഷ്യന്റെ നിത്യമാം യാഥാർഥ്യം, ഉദരപൂരണത്തിനായല്ലോ അവൻ പാരിൽ കെട്ടിയാടിടുന്നു വേഷങ്ങൾ പലതും. ജഠരാഗ്നിയെ ശമിപ്പിക്കാനോടുന്ന മർത്യന്, അമൂല്യമാം രത്നത്തിലും മോഹം ഭക്ഷണത്തിൽ തന്നെ നിശ്ചയം. വിശപ്പിന് പ്രതിവിധി കാണാനായ് മർത്യൻ നൽകിടും ജീവിതസമ്പാദ്യം മുഴുവനും. വിശപ്പിൻ ദംഷ്ട്രകൾ കാർന്നു തിന്നും നേരം മറന്നിടും മനുഷ്യൻ മറ്റെല്ലാ മോഹങ്ങളും ചിലപ്പോൾ മനുഷ്യത്വം പോലും നിശ്ചയം.
ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു, ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം. ഇടയിലുള്ളോരിത്തിരി നേരം കൂട്ടായെത്തുന്നു പലരുമെങ്കിലും, തരണം ചെയ്യേണം പല ദുർഘടമാം വൈതരണികളും ഒറ്റയ്ക്ക് തന്നെയവൻ, താങ്ങായിടാൻ മാത്രം കഴിയും ബന്ധങ്ങൾക്ക്. അശാന്തി മാത്രം പകർന്നു തരും മർത്യരെ, കൂടെ നിർത്തുവതെക്കാൾ ഒറ്റയാകുവാതല്ലോ,മനസ്സിനു സ്വാസ്ഥ്യം പകരുവതെന്നും.
നമുക്കുള്ളതാം സൗഭാഗ്യങ്ങൾക്ക് ജീവിതത്തോട് നന്ദിയുള്ളവരാകുകിൽ അലിഞ്ഞു പോയിടും മനസ്സിലെ അതൃപ്തികൾ, നിരാശകളെല്ലാം സൂര്യപ്രഭാവത്തിൽ മാഞ്ഞിടും രാത്രിയെന്നപോൽ.
നേരുകൾ പലതും നേരെ പറഞ്ഞിടുകിൽ ചിലനേരം ശത്രുവായ് മാറിടും ചേർന്നുനിൽക്കുവോർ. പറയാതെ പോകും നേരുകൾ ഉള്ളിൽ വിങ്ങലായ് നിറഞ്ഞുനിൽക്കും കാലങ്ങളോളം, പക്ഷേ ചിലപ്പോൾ അവയെല്ലാം ബന്ധങ്ങളെ പൊട്ടാതെ സൂക്ഷിയ്ക്കും നേരിയ നാരുകൾ. എത്ര നാൾ ചാരം മൂടിക്കിടന്നാലും ഒരു നാൾ മറനീക്കി പുറത്തുവന്നിടും നേരുകൾ നിശ്ചയം.
ഓരോ പൊൻപുലരിയും വിടരുന്നു മനുഷ്യനു മുന്നിൽ നവീനമാം അനുഭവങ്ങൾ തൻ വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്. ദിവസമാം പതംഗം പറന്നു രജനി തൻ കൂടോടടുക്കവേ, ഒരിക്കലും മായാ അടയാളം പതിപ്പിച്ചിടുന്നു ഓർമ്മയിൽ ചിലനേരം മറക്കാനാകാത്ത അനുഭവങ്ങളുമായ്. മറവി തൻ അഗാധഗർത്തത്തിൽ വീണു പോയിടുന്നു ചിലപ്പോൾ സാധാരണതയാൽ, വിരസതയാൽ. എങ്കിലും വരവേറ്റിടാം നമുക്കോരോ പുതുപുലരിയേയും ഹൃത്തിൽ ശുഭപ്രതീക്ഷ തൻ ദീപവുമായ്.
പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ ഭാഷയിൽ കന്യക. പെണ്ണിന് മാത്രം അടക്കവുമൊതുക്കവും വേണമവളുടെ മേനിയെ, കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും, സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും, പറയാതെ പറയുവാൻ, സ്ത്രീയേ ദേവിയെന്നും അമ്മയെന്നും വിളിച്ചൊടുവിൽ, മാനം കാക്കുവാനായവളെ അഗ്നിയിൽ ദഹിപ്പിച്ചും, ചൂതിൽ പണയമായ് ഹോമിച്ചും ഉത്തമപുരുഷന്മാരായ് നടിക്കുവോരെ വാഴ്ത്തിപ്പാടും ആർഷഭാരതസംസ്ക്കാരം ഊട്ടിയുറപ്പിച്ചിടും വാക്ക്.
മനസ്സിൽ നിന്നും മനസ്സിലേക്കു തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ, മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം. ആത്മാർത്ഥമാം ഹൃദയങ്ങളെയും കപടബന്ധങ്ങളെയും വേർതിരിച്ചറിഞ്ഞിടാം, മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ. എല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടമയെന്നാൽ ലോകത്തിൽ മനുഷ്യബന്ധങ്ങൾ നീർക്കുമിള പോൽ ക്ഷണികമായിടും.
മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം പരത്തിടാനായ് പകർന്നു നൽകേണം, നിരന്തരപരിശ്രമത്തിൻ ഊർജ്ജം. തണലായ് കൂടെ വേണം ആത്മവിശ്വാസം പകർന്നിടും സ്നേഹബന്ധങ്ങൾ. ഓരോ പുതുവത്സരപ്പിറവിയും മനുഷ്യനുള്ളിൽ നിറയ്ക്കുന്നു ആഹ്ലാദത്തിൻ, ഉത്സവലഹരി തൻ താളമേളങ്ങൾ.
