മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം പരത്തിടാനായ് പകർന്നു നൽകേണം, നിരന്തരപരിശ്രമത്തിൻ ഊർജ്ജം. തണലായ് കൂടെ വേണം ആത്മവിശ്വാസം പകർന്നിടും സ്നേഹബന്ധങ്ങൾ. ഓരോ പുതുവത്സരപ്പിറവിയും മനുഷ്യനുള്ളിൽ നിറയ്ക്കുന്നു ആഹ്ലാദത്തിൻ, ഉത്സവലഹരി തൻ താളമേളങ്ങൾ.
Author: Sreeja Ajith
അപ്രതീക്ഷിതമായ ചില തുടക്കങ്ങൾ ചിലപ്പോൾ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നൽകി കൊണ്ട് വേദനയുടെ തിരശ്ശീലയിട്ടാണ് അന്ത്യത്തിലേയ്ക്ക് എത്തുന്നത്.
ആദിയുണ്ടെങ്കിൽ അന്ത്യവുമുണ്ടെന്ന പരമമാം സത്യം അറിയുന്നവന്നെങ്കിലും, ഇല്ലൊരവസാനവും മർത്യന്റെ ജീവിതാശയ്ക്കും ചപലമാം വ്യാമോഹങ്ങൾക്കും.
വേണം ജലവും പ്രകാശവും മണ്ണിലൊരു പുൽക്കൊടിയെങ്കിലും തളിർത്തിടുവാനായ്, ജീവജാലങ്ങൾക്ക് വേണമാഹാരം ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്. തനുവേ പോഷിപ്പിച്ചിടാനായ് ഭോജനമെന്ന പോൽ, മനത്തെ ചൈതന്യമോടെ കാത്തിടുവാൻ വേണം ശുഭപ്രതീക്ഷ തൻ അണയാദീപം കെടാതെ ഹൃത്തിൽ.
മഞ്ഞിന്റെ മൂടുപടമണിഞ്ഞു കുളിരുചൂടി നിൽക്കുന്ന ക്രിസ്തുമസ് രാവുകൾ അവളുടെയുള്ളിലെ പ്രണയിനിയെ എന്നും വിളിച്ചുണർത്തിയിരുന്നു. പ്രകൃതിയാകെ കാല്പനികസൗന്ദര്യത്തിൽ മയങ്ങിക്കിടക്കുന്ന രാപ്പകലുകൾ ആയിരുന്നു അവളെയൊരു മായികലോകത്തെത്തിച്ചിരുന്നു. കാലങ്ങൾ കടന്നു പോയെങ്കിലും എന്നുമവൾക്ക് പ്രിയതരം തന്നെ ആ രാവുകൾ. കരോൾഗാനങ്ങളും വീടുകളിലെ ദീപാലാങ്കാരങ്ങളുമെല്ലാം അവൾ കൊച്ചുകുട്ടിയുടെ കൗതുകമോടെ നോക്കിനിൽക്കാറുണ്ട്. പ്രായമേറിയപ്പോൾ ദൂരെ നിന്നും വന്നെത്തുന്ന മക്കൾക്കായുള്ള കാത്തിരിപ്പായി ക്രിസ്തുമസ് ദിനങ്ങൾ. ദൈവപുത്രന്റെ വരാവിനായി കാത്തിരിക്കുന്ന പ്രകൃതിയെ അവളെന്നും ആഹ്ലാദത്തോടെ നോക്കിയിരുന്നു.ഒടുവിലൊരു ക്രിസ്തുമസ്ത്തലേന്ന് നിത്യതയിലേയ്ക്ക് അലിഞ്ഞു ചേരും വരെ.
ലാളിത്യത്തിൻ, സാഹോദര്യത്തിൻ പാഠങ്ങൾ മനുഷ്യനെ പഠിപ്പിക്കാനായ്, മണ്ണിതിൽ പിറവികൊണ്ട ദൈവപുത്രൻ കരയുന്നുവോ വർത്തമാനത്തിൽ, മനുഷ്യന്റെ സ്വാർത്ഥതയാൽ ഉണ്ണികൾ തൻ ശവപ്പറമ്പായ് തീർന്ന തൻ ജന്മഭൂവിൻ ദുരവസ്ഥയിൽ മനം തകരുകയാൽ.
വീഞ്ഞ് പോൽ ലഹരി നൽകും ജീവിതം ചിലപ്പോൾ, ഹൃദയം തൊടും സ്നേഹത്തിൻ ലഹരിയുള്ളിൽ, എന്നും വീര്യം തെല്ലും കെടാതെ സൂക്ഷിയ്ക്കും ബന്ധങ്ങൾ താങ്ങായ് കൂടെയുണ്ടെന്നാൽ ജീവിതമെന്നും നുരയും വീഞ്ഞു പോൽ ലഹരി പകർന്നിടും. സ്നേഹവസന്തം ഹൃദയത്തിൽ മരിയ്ക്കുകിൽ, ജീവിതത്തിൻ ലഹരിയും താനേ നഷ്ടമായിടും.
ആരാധനയോടെ നോക്കും മിഴികളിൽ കാണുവതു പലപ്പോഴും ബാഹ്യരൂപം മാത്രം. അകലെ നിന്ന് നോക്കിടും നേരം ആരാധന തോന്നിപ്പിയ്ക്കും പലതിനും പൊള്ളയാം ഉള്ളെന്നറിഞ്ഞിടും അടുത്തിടുമ്പോൾ. മാനത്തു തിളങ്ങി നിൽക്കും ചന്ദ്രബിംബത്തിൽ നിറയെ അഗാധമാം ഗർത്തങ്ങളല്ലോ. സുന്ദരമാം പനിനീർപ്പൂവിൻ സുഗന്ധം ആസ്വദിക്കാനടുത്തു ചെന്നിടുമ്പോൾ കാണാം കൂർത്ത മുള്ളുകൾ. ആരാധകൻ ഉൽക്കണ്ണ് തുറന്നു നോക്കീടുകിൽ അറിഞ്ഞിടും, ആരാധനയോടെ നോക്കിയതെല്ലാം വെറും കൺകെട്ടിടും മായക്കാഴ്ചകൾ മാത്രം.
കൊഴിഞ്ഞു പോകുമോരോ പകലും മൂകമായ് മൊഴിയുന്നു, കൂരിരുൾ നിറയും രാവിനോടുവിൽ, കാത്തുനിൽക്കുന്നുണ്ട്, പ്രതീക്ഷകൾ തൻ നവമുകുളങ്ങൾ തളിരിടുമൊരു പൊൻപുലരി. വിടപറഞ്ഞകലും ആഹ്ലാദനിമിഷങ്ങളെ എത്തിപ്പിടിച്ചിടാനായ്, നിരാശയിൽ മുങ്ങിടും നിമിഷങ്ങൾക്കുമപ്പുറം, വീണ്ടും വിടർന്നിടും ശുഭദിനങ്ങളെന്ന പ്രതീക്ഷയല്ലോ, ദുഃഖഗർത്തങ്ങളിൽ നിന്ന് വീണ്ടും എഴുന്നേറ്റു യാത്ര തുടർന്നിടാൻ പ്രേരിപ്പിക്കുന്നു മർത്യനെ.
വേദന തൻ മണിക്കിണറിൻ ഇരുളാഴങ്ങളിൽ വീണൊടുങ്ങുവാനാണ് വിധിയെന്നു മനമെത്ര താക്കീതു നൽകിയാലും, പിന്നെയും ഹൃദയം പകുത്തു നൽകീടുന്നു, സ്നേഹപൂക്കളാൽ അർച്ചന നടത്തുന്നു നിർമ്മലസ്നേഹത്തെ അർഹിക്കാത്തിടങ്ങളിൽ. ഒരിക്കലും ജയിക്കാത്ത പോരാട്ടങ്ങളിൽ, പൊലിഞ്ഞു പോകും ചാവേർ കണക്കെ.
