വിരസത തൻ ചരടുകൾ ജീവതന്തുവിൽ മെല്ലെ മുറുകാൻ തുടങ്ങും നേരം കളിചിരികളാൽ, കുഞ്ഞുകുസൃതികളാൽ വീടകങ്ങളിൽ, സന്തോഷത്തിൻ പൂത്തിരികൾ തെളിയിച്ചിടുന്നു ശിശുക്കൾ. നന്മകൾ മാത്രമെന്തിലും ദർശിച്ചിടും ശിശുക്കളെ പരസ്പരം വെറുക്കാനും വഞ്ചിക്കാനും പതിയെ പഠിപ്പിച്ചു കൊടുക്കുന്നു ലോകം.
Author: Sreeja Ajith
ചുറ്റിലുമെത്ര ദീപങ്ങൾ തെളിഞ്ഞെന്നാലും ഉള്ളിൽ ശാന്തി തൻ പ്രകാശം നിറയ്ക്കും സ്നേഹബന്ധങ്ങൾ കൂടെയില്ലെന്നാൽ അന്ധകാരച്ചുഴിയിൽ മുങ്ങിടും ജീവിതനൗക.
ആട്ടിൻസൂപ്പിൻ ഫലം ചെയ്യുമെന്നും, ഭൂമിയോളം ക്ഷമിക്കേണം പെണ്ണെന്നും, പഴമൊഴികളേറെയുണ്ടെന്നാലും, ചിലനേരങ്ങളിൽ, ചിലയിടങ്ങളിൽ ശക്തമായ് പ്രതികരിച്ചില്ലെന്നാൽ, ക്ഷമ പരീക്ഷിച്ചു വിഡ്ഢിയാക്കീടുംവണ്ണം ചൂഷണം ചെയ്തിടും ക്ഷമാശീലരെ, ഭൂഷണമല്ല തന്നെ മൗനവും ക്ഷമയും എപ്പോഴും, പാത്രമറിഞ്ഞു വിളമ്പേണമിവയെല്ലാം.
അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ, കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ സ്നേഹത്തിൻ ചരടിനാൽ ബന്ധിതമെങ്കിൽ, കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും മനസ്സുകൾ തമ്മിൽ ഇല്ലൊരു താമരനൂലിൻ അകലം പോലും. ശാസ്ത്രം കീഴടക്കി, ആകാശദൂരങ്ങളെ, ദുർഗമമാം ആഴങ്ങളെ. പക്ഷേ, കയ്യെത്തും ദൂരെയെങ്കിലും ചിലപ്പോൾ, ഉള്ളിൽ സ്നേഹത്തിൻ ഉറവകൾ വറ്റിവരളുകിൽ, മനുഷ്യർക്കിടയിൽ രൂപമെടുത്തിടുന്നു താണ്ടിക്കടന്നിടാൻ ദുർഘടമാം ഊഷരമരുഭൂമികൾ. അകലെയെന്നുള്ളത് ആപേക്ഷികമല്ലോ.
#മലയാളമഹിമ #മുത്തശ്ശി ചുക്കിചുളിഞ്ഞ കരങ്ങളാൽ തലോടിടുമ്പോൾ, പഴങ്കഥകൾ തൻ മണിമുത്തുകൾ, ഓർമ്മച്ചെപ്പിൽ നിന്നും ആർത്തിയോടെ കാത്തിരിക്കും കാതുകൾക്കമൃതമായ് പകർന്നിടുമ്പോൾ, അറിയുന്നു നാം, ജന്മം മുഴുവനുമോർമ്മിക്കാനായ് നമ്മിലേയ്ക്കൊഴുകിയെത്തും സ്നേഹത്തിൻ ഉറവയല്ലോ ഈ മുത്തശ്ശി.
#മലയാളമഹിമ #സഹിഷ്ണുത സ്വന്തം മനസ്സിൻ തിരയിളക്കങ്ങൾ പോൽ അന്യർക്കുമുണ്ട് വികാരവിചാരങ്ങൾ തൻ തിരയിളക്കങ്ങൾ നിറയുമൊരു മനസ്സെന്ന സത്യം, ഓരോ മർത്യനുമോർക്കുകിൽ ഉള്ളിലെ സ്വാർത്ഥത തൻ അരുവികൾ താനേ വറ്റിവരണ്ടിടും, ഉടലെടുക്കിമീ മണ്ണിൽ സ്നേഹത്തിൻ ആർദ്രമാം നീർച്ചാലുകൾ.
ഉപ്പു പോലലലിഞ്ഞു ചേരുന്നു വീട്ടമ്മയവൾ, വീട്ടിലെ ചിട്ടവട്ടങ്ങളിൽ. പുലരി മുതൽ പാതിരാ വരെ ചലിച്ചിടുന്നവൾ, ഘടികാരം കണക്കെ. വിലമതിക്കപ്പെടുന്നില്ലവൾ പലപ്പോഴും, കറിയിലെ ഉപ്പു പോലെ നിസ്സാരമാം ചേരുവ. എങ്കിലോ അവളുടെ അഭാവത്തിൽ, നിർജ്ജീവം ഗേഹം, ഉപ്പില്ലാത്ത ഭോജ്യം പോൽ.
മനോജ്ഞമായ് പുഞ്ചിരി തൂകിടും മർത്യർ ആരുമറിയാതെ ഉള്ളിൽ പേറിടുന്നു ചില പൊയ്മുഖങ്ങൾ. എത്രമേൽ മൂടിവെച്ചെന്നാലും കാലത്തിൻ വിരുതേറും കരങ്ങൾ പറിച്ചെടുക്കുമാ മുഖംമൂടികളെ. മുഖംമൂടികളില്ലാ മനുഷ്യരെ കൂടെക്കൂട്ടുവാൻ കഴിയുകിൽ ജീവിതം സുന്ദരമായിടുമെന്നാലും കടലിലെ തിരകളെണ്ണുവതു പോലെ ദുഷ്കരമല്ലോ, പൊയ്മുഖങ്ങൾ നിറയുമീയുലകിൽ മുഖംമൂടികളില്ലാ മനുഷ്യനെ കണ്ടെത്തുവാൻ. മുഖംമൂടികളാൽ ഉള്ളം മറച്ചുവെച്ചിടാൻ കഴിയായ്കിൽ, ആത്മാർത്ഥമാം ഹൃദയമുണ്ടെന്നാലും ലോകം തള്ളിപ്പറയും ചിലനേരമെന്നതും ദുഃഖസത്യം.
എന്റേതെന്നു കരുതി സ്വാർത്ഥത തൻ ചായം നൽകിയ ചാരുചിത്രങ്ങളായ് ഹൃദയത്തിൻ ഭിത്തിയിൽ ചേർത്തു വെയ്ക്കുന്നു മർത്യൻ, പലരെയും ജീവിതത്തിൽ. കരൾ പിളരും നോവുകൾ നൽകി, കാലചക്രം തിരിയവേ, കണ്ടാൽ തിരിച്ചറിയാത്ത വണ്ണം മാറിപ്പോകുന്നു ബന്ധങ്ങൾ. യാത്രാമൊഴി പോലുമില്ലാതെ, സ്നേഹിച്ചവർ അകന്നിടും നേരം, തിരിച്ചറിയുന്നവൻ, സ്വന്തമെന്നതു വെറും സങ്കല്പം മാത്രം, ജീവിതവേളകൾ ബാക്കിവെയ്ക്കും മധുരസ്മരണകൾ മാത്രം മനസ്സിൻ മണിചെപ്പിൽ സൂക്ഷിച്ചു വെച്ചിടാം എന്റേതായ്.
കാണാതെ ചൊല്ലി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു കരസ്ഥമാക്കിയ ബിരുദങ്ങളത്രെ വിദ്യ തൻ അളവുകോൽ. കനപ്പെട്ട യോഗ്യതകൾ എത്ര നേടിയെന്നാലും, സഹജീവികൾ തൻ വേദന കാണാൻ അകക്കണ്ണ് തെളിയായ്കിൽ, മനുഷ്യനു നേട്ടങ്ങൾ കൊയ്തിടുവാനുള്ള ചെപ്പടിവിദ്യയായ് മാറിടുന്നു വിദ്യാഭ്യാസം.
