എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി അവിടെ വച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പരുവാക്കി… അതുകൊണ്ടെന്നാ പറ്റി? അമ്മച്ചിക്ക് തന്നെ പണി കിട്ടി. അമ്മച്ചി ആഞ്ഞു ശ്രമിച്ചിട്ടും പ്രസവിക്കാൻ സാധിക്കാതെ ഒരു സിസ്സേറിയൻ ബേബി ആയിട്ടായിരുന്നു എന്റെ ജനനം. എന്റെ എന്നു പറയുമ്പോൾ, ഞാൻ സാറ സൂസൻ കുര്യൻ. കാഞ്ഞിരപ്പിള്ളി പ്ലാന്റർ കുര്യച്ചന്റെയും ഭാര്യ സിസിലി കുട്ടിയുടെയും ഒരേയൊരു പെൺതരി. മൂത്ത രണ്ടാണ്മക്കൾക്കു ശേഷം അപ്പനും അമ്മച്ചിയും നേർച്ചയും കാഴ്ചയും നടത്തി കിട്ടിയ പൊന്നോമന പുത്രി. സ്വതസിദ്ധമായ വണ്ണത്തിനൊപ്പം അപ്പന്റെയും ആങ്ങളമാരുടെയും സ്നേഹപ്രകടനങ്ങൾ കൂടി ആയപ്പോൾ സ്വതവേ ഉരുണ്ട ഞാൻ ഒന്നുടെ നന്നായൊന്നു ഉരുണ്ടു.. അന്നേ അമ്മച്ചി പറഞ്ഞു, “അച്ചായാ പെങ്കൊച്ചാണ്… ഇങ്ങനെ വണ്ണം വെച്ചാൽ നാളെ കെട്ടാൻ ചെക്കന്മാരെ തേടി നിങ്ങള് കൊറേ ഓടേണ്ടിവരും…” അപ്പച്ചനുണ്ടോ വല്ല കുലുക്കവും. നല്ല നാടൻ പോത്തും ഉഷാറ് പന്നിയും ഇടക്കിടെ കിട്ടുന്ന കാട്ടിറച്ചിയും എന്തിനധികം പറയുന്നു തിരിച്ചു…
Author: Aswathy Joy Arakkal
“എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ? ആകെ പതിനേഴു ദിവസത്തെ ലീവല്ലേ എനിക്കുള്ളൂ… താനിങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ ഞാനെങ്ങനെ സമാധാനവായിട്ടു തിരിച്ചു പോകും.. ” വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വൈകുന്നേരം ആര്യാസിൽ കോഫി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എബി എന്നോട് ചോദിച്ച ചോദ്യമാണിത്.. ഒരു കരച്ചിലായിരുന്നു എന്റെ ആദ്യപ്രതികരണം.. “എനിക്കൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലിച്ചായാ.. പുതിയ നാടും വീടും രീതികളും സൽക്കാരങ്ങളും.. എന്തിന് ഇച്ചായനെപ്പോലും ഉൾകൊള്ളാൻ സാധിക്കാത്തതു പോലെ.. ആരും ഒന്നും ചെയ്തിട്ടോ, പറഞ്ഞിട്ടോ അല്ല.. എനിക്കെന്തോ.. ” ഞാൻ പറഞ്ഞ് നിർത്തി.. ആ ചർച്ച അധികം നീണ്ടില്ല.. പിറ്റേന്നു ഞായറാഴ്ച പള്ളിയിലും പോയി ഒരു ബന്ധുവീട്ടിൽ കല്യാണവും കഴിഞ്ഞു വന്നപ്പോൾ സമയം അഞ്ചുമണി ആയി.. “താൻ ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്തോ.. നാളെ ഏർളി മോർണിംഗ് നമ്മൾ മൂന്നാറിന് വിടുന്നു..…
“എനിക്കാകെ മടുത്തു ഹേമ. ഞാനും സിദ്ധുവും തമ്മിലിപ്പോൾ പഴയത് പോലുള്ള സ്നേഹമോ കരുതലോ ഒന്നുമില്ല. മിക്കപ്പോഴും വഴക്കും ബഹളവുമാണ്. വിവാഹത്തോടെ ഞങ്ങൾക്കിടയിലെ പ്രണയവും സ്നേഹവുമൊക്കെ അവസാനിച്ചു. വീട്ടിലേക്ക് പോകാനേയിപ്പോൾ തോന്നുന്നില്ല. ഒരുപക്ഷെ വിവാഹമായിരിക്കുമല്ലേ പ്രണയത്തിന്റെ അവസാനം…”, ഓഫീസ് ക്യാന്റീനിലിരുന്നു പ്രിയകൂട്ടുകാരിയോട് മനസ്സുതുറക്കുമ്പോഴേക്കും വൈഗ വിങ്ങിപ്പൊട്ടിപ്പോയിരുന്നു. “വിവാഹത്തോടെ സ്നേഹം അവസാനിക്കുന്നതല്ല വൈഗ. ഒരുപാട് ഉത്തരവാദിത്തങ്ങൾ തലയിൽ വന്നുകയറുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ മറന്നുപ്പോവുകയാണ് പലരും. ഓഫീസും വീടും ചുമതലകളുമായി ഓടിനടക്കുമ്പോൾ സ്നേഹിക്കാൻ മറക്കുന്നു. ഈഗോയില്ലാതെ പരസ്പരം മനസ്സ്തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു നിങ്ങൾക്കിടയിലിപ്പോൾ. ഒരുപക്ഷെ സിദ്ധുവുമിതേ മാനസികാവസ്ഥയിൽ തന്നെയായിരിക്കും…ഇതേ വീർപ്പുമുട്ടലിൽ..” “സ്നേഹമൊരിക്കലും അവസാനിക്കുന്നില്ല അല്ലേ സിദ്ധു” സിദ്ധുവിന്റെ തോളിൽ ചാരിയിരുന്നു കൊണ്ടയാളോടായി വൈഗ ചോദിച്ചു. “ഇല്ലടോ..സ്നേഹിക്കാൻ മറന്നുപോവുകയാണ് മിക്കവരും. ഒരുപക്ഷെ ഹേമയെപ്പോലൊരാൾ ഇല്ലായിരുന്നുവെങ്കിൽ മറ്റുപലരേയും പോലെ നമ്മളും നമുക്കിടയിലെ സ്നേഹം ഇല്ലാതായിപ്പോയെന്നു തെറ്റിദ്ധരിച്ചുകൊണ്ടീ ജീവിതം ജീവിച്ചു തീർത്തേനെ…” വൈഗയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടായാൾ പറഞ്ഞു നിർത്തുമ്പോൾ അവസാനിച്ചെന്ന് കരുതിയ പ്രണയദിനങ്ങൾ കൂടിയവർക്ക് തിരികെ ലഭിക്കുകയായിരുന്നു. അശ്വതി…
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെറ്റമ്മയുമായി താരതമ്യം ചെയ്യപ്പെട്ട് ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിപ്പോയിരുന്ന ഒരുവളുടെ മനസ്സിന്റെ നോവ് നിങ്ങൾക്കറിയാമോ? പാലിന്റെ നിറവും പനംകുല പോലുള്ള മുടിയും വരകളിലെ പോലുള്ള ആകാരഭംഗിയും, “എന്ത് അച്ചടക്കമുള്ള സ്ത്രീ ” എന്നു പറയത്തക്ക വിധമുള്ള പതിഞ്ഞ പ്രകൃതവും, ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും നന്നായി പെരുമാറാനും സംസാരിക്കാനുമൊക്കെ കഴിവുമുള്ള അമ്മക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇരുനിറമുള്ള, ഷോൾഡറിനു താഴെ മുടിവെട്ടിയിടാൻ ആഗ്രഹിച്ചിരുന്ന, പെണ്ണിന് ആവശ്യമുണ്ടെന്ന് സമൂഹം നിശ്ചയിച്ച അഴകളവുകളിൽ ഒന്നും പെടാത്ത, ഇഷ്ടമില്ലാത്തത്തിനെയും, തെറ്റെന്നു തോന്നുന്നതിനെയും ചോദ്യം ചെയ്തു ‘ഇതെന്ത് പെണ്ണെന്ന്’ ചുറ്റുമുള്ളവരെക്കൊണ്ട് പറയിച്ച, ആരെയും പ്രീതിപ്പെടുത്തി സംസാരിക്കാനോ പെരുമാറാനോ അറിയാത്ത അവൾക്കൊരിക്കലും ആയിരുന്നില്ല… നാലാള് കൂടുന്നിടത്ത് എന്നും അവളൊരു അധികപ്പറ്റായിരുന്നു… ”കൊച്ചേ നീ ഇന്ന പെണ്ണിന്റെ മകളല്ലേ?. എന്തു ഭംഗിയുള്ള പെണ്ണാ നിന്റെ അമ്മ… അവളുടെ വാലിൽ കെട്ടാൻ കൊള്ളില്ലല്ലോ നിന്നെ,” എന്നു പറഞ്ഞു ഓരോരുത്തരും അപമാനിക്കുമ്പോൾ സ്വയം വെറുത്തു തുടങ്ങിയതിനൊപ്പം അവൾ അവളുടെ അമ്മയെയും…
“മമ്മിയും പപ്പയും ക്ഷമിക്കണം. എനിക്ക് ജെ.ഇ.ഇ പാസാകാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുകയാണ്. ഞാനൊരു പരാജയപ്പെട്ട വ്യക്തിയാണ്. ഏറ്റവും മോശം മകളും. എന്റെ മുന്നിൽ മറ്റ് വഴികളില്ല.” എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ ആത്മഹത്യ ചെയ്ത നിഹാരിക സിങ്ങ് എന്ന പതിനെട്ടു വയസുകാരിയുടെ സൂയിസൈഡ് നോട്ടിലെ വരികളാണിത്. ജോയിന്റ് എൻട്രൻസ് എക്സാമിന് പ്രീപെയർ ചെയ്തു കൊണ്ടിരിക്കെ എക്സാമിൽ വിജയിക്കാൻ സാധിക്കുമോ എന്ന പേടികൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്. ഇത്രയും ഹൃദയഭേദകമായ ഒരു കുറിപ്പെഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യണമെങ്കിൽ എത്രത്തോളം മാനസിക സമ്മർദ്ദം ആ കുട്ടി അനുഭവിച്ചിരിക്കണം. കോട്ടയിൽ ഇത് പുതിയ സംഭവമല്ല… ഈ ജനുവരിയിലെ രണ്ടാമത്തെ ആത്മഹത്യ ആണിത്. കഴിഞ്ഞ വർഷം 23 കുട്ടികളാണ് ഇതേ കാരണത്താൽ അവിടെ ആത്മഹത്യ ചെയ്തത്. ഓർമ വരുന്നതൊരു സഹപാഠിയെയാണ്. പരീക്ഷകൾ… എന്തിന് ഒരു ക്ലാസ്സ് ടെസ്റ്റ് വരുമ്പോൾ പോലും പേടിയായിരുന്നു അവന്. പരീക്ഷകൾ വരുമ്പോൾ പേടിച്ചിരുന്ന, ഓരോ പരീക്ഷക്ക്…
നമ്മുടെ സ്നേഹം പൂത്തുലഞ്ഞ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലല്ല… ജീവനും ജീവിതവും കൈവിട്ടുപ്പോവുകയാണെന്ന തോന്നലിൽ പതറിപ്പോയ നിമിഷങ്ങളിൽ ‘ഞാനുണ്ട് കൂടെയെന്ന്’ മൗനമായി പറഞ്ഞു നീയെന്നെ നെഞ്ചോട് ചേർത്തപ്പോഴാണ് പ്രണയമെന്താണെന്ന് ഞാനറിഞ്ഞത്.. അശ്വതി ജോയ് അറയ്ക്കൽ
“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ മകനെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ..” “ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ, കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യുകയാണെന്നു പഠനാവശ്യത്തിനായി ഹോസ്റ്റലിൽ താമസിക്കുന്ന ഭാര്യക്കും, അടുത്ത ബന്ധുക്കൾക്കും അർദ്ധരാത്രിയിൽ വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം ഒൻപതും നാലും വയസ്സുള്ള രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു… ” കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ നടന്ന മനസ്സിനെ ഏറെ വേദനിപ്പിച്ച ചില വാർത്തകൾ ആണിതൊക്കെ… ഇതുപോലുള്ള ഒരുപാട് വാർത്തകളിൽ ചിലത് മാത്രമാണ് ഇതൊക്കെ… ഇനിയുമുണ്ട് പങ്കാളിയെ പെട്രോൾ ഒഴിച്ചു കത്തിച്ചതും, പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയതുമായ ഒരുപാട് കഥകൾ… കുഞ്ഞുങ്ങളുടെ ശരീരത്ത് ഒരു പോറലേറ്റ് രക്തം പൊടിയുന്നത് പോലും മാതാപിതാക്കൾക്ക് സങ്കടമാണ്… അപ്പോൾ വാശിയും വൈരാഗ്യവും മൂലം സമനില തെറ്റി സ്വന്തം കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമൊക്കെ…
“എന്തായി മമ്മിയുടെ തീരുമാനം. പപ്പയോട് സംസാരിച്ചിരുന്നോ മമ്മി. ഇവിടേയ്ക്ക് വരികയല്ലേ. ഞാൻ വിസയും ടിക്കറ്റുമെല്ലാം ശെരിയാക്കട്ടെ. അടുത്തമാസം ആദ്യം സീനയുടെ ഒരു ഫ്രണ്ടും ഫാമിലിയും ലീവ് കഴിഞ്ഞു വരുന്നുണ്ട് ഇവിടേക്ക്. അവര് വരുന്ന ഫ്ലൈറ്റിൽ തന്നെ ടിക്കറ്റ് എടുത്താൽപ്പിന്നെ മമ്മി തനിച്ച് ഇവിടെ വരെ വരണം എന്ന ടെൻഷനും ഒഴിവാക്കാം, ” മറുതലക്കൽ നിന്നും മകന്റെ സംസാരം കേട്ട്, എന്തുത്തരം അവനോട് പറയണമെന്നറിയാതെ ഫോണും കയ്യിൽ വെച്ച് ജസ്സീന്ത നിന്നു. (ജസ്സീന്തയുടേയും ബേബിച്ചന്റെയും മകൻ ജോഷ്വാ കുടുംബമായി അങ്ങ് അബുദാബിയിൽ ആണ്. നേഴ്സുമാരാണ് ജോഷ്വായും ഭാര്യ സീനയും. മൂന്നുവയസ്സുകാരൻ ജേക്കബ്ബ് എന്ന കുഞ്ഞൂഞ് അവരുടെ മകനാണ്. ജേക്കബ്ബിന് മൂന്നുവയസ്സാകുന്നത് വരെ ജസ്സീന്ത അബുദാബിയിൽ ആയിരുന്നു കുഞ്ഞിനെ നോക്കാനായി. ഭർത്താവ് ബേബിച്ചൻ ഇങ്ങ് നാട്ടിലും. നാട്ടിൽ അത്യാവശ്യം കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. ഒടുവിൽ ബേബിച്ചനും ശാരീരികമായി ചില പ്രശ്നങ്ങൾ വന്നപ്പോഴാണ്, കുഞ്ഞ് ഒരുവിധം വലുതായല്ലോ എന്ന സമാധാനത്തിൽ ജസ്സീന്ത തിരിച്ചു നാട്ടിലേക്ക് പോന്നത്. ഇപ്പോൾ …
ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, ത്യാഗത്തിന്റെ പര്യായമായ, സ്വാർത്ഥത എന്തെന്ന് അറിയാത്ത ദേവതയാണല്ലോ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന അമ്മ. തീർച്ചയായും “അമ്മ” എന്ന വാക്കും പദവിയും ബഹുമാനം അർഹിക്കുന്നു. അതായത് നമ്മൾ അല്പം സാഹിത്യപരമായി പറയും അല്ലെങ്കിൽ സത്യവുമാണ് “അമ്മ കുഞ്ഞിനെ ഗർഭപാത്രത്തിൽ ചുമക്കുമ്പോൾ അച്ഛൻ ഹൃദയത്തിലാണ് തന്റെ കുഞ്ഞിനെ ചുമക്കുന്നത്” എന്ന്. പക്ഷെ സത്യമെന്തെന്നാൽ ഹൃദയത്തിൽ ചുമക്കുന്ന അച്ഛനെക്കാൾ ശരീരത്തിലും മനസ്സിലും ഒരുപോലെ കുഞ്ഞിനെ വഹിക്കുന്ന അമ്മ എന്നും ഒരുപടി മുകളിൽ തന്നെ നിൽക്കുന്നു. അല്പം കൂടി വിശദീകരിച്ചാൽ ബയോളജിക്കൽ ആയി മാത്രം നോക്കുകയാണ് എങ്കിൽപ്പോലും ഒരു ബീജം ഒരാണിനെ അച്ഛൻ പദവിയ്ക്ക് അർഹൻ ആക്കുന്നുണ്ട് പലപ്പോഴും. പക്ഷെ ഒരു പെണ്ണ് ഒരു ജീവനെ ഭൂമിയിൽ എത്തിയ്ക്കാൻ എടുക്കുന്ന കഷ്ടപ്പാട് ഒരുപാട് വലുതാണ്. എല്ലാ മാസവും വരുന്ന രക്തചാലുകൾ നിലച്ച് ഒരു ജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ തൊട്ട് ശാരീരികമായും മാനസികമായും അവൾ ഒരുപാട് ബുദ്ധിമുട്ടി തുടങ്ങുന്നുണ്ട്.…
“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട ഒരുവൾ എന്റെ എഴുത്തിന്റെ സ്വഭാവത്തെ അത്രമേൽ സ്വാധീനിച്ചതിനെപ്പറ്റിയുള്ള ഓർമ്മകളാണ് ഈ ബ്ലോഗ്. ************ നിർത്താതെയുള്ളൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അന്ന് ആ രാത്രിയിൽ ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. രാജ്യ-തലസ്ഥാനത്ത് നിന്നും നമ്മുടെ കൊച്ചുകേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിൽ ഗാഡനിദ്രയിൽ ആയിരുന്ന ഞാൻ ഉറക്കം മുറിഞ്ഞതിലുള്ള മുഷിവോടെ കണ്ണുതുറന്നു പതിയെ എന്റെ സൈഡ് ലോവർ ബർത്തിൽ എണീറ്റിരുന്നു. അച്ചു നല്ല ഉറക്കത്തിലാണ്. ഒഴിവാക്കാൻ സാധിക്കാതിരുന്ന സ്റ്റിവിന്റെ ചില ജോലിതിരക്കുകൾ മൂലം ഞാനും അവനും മാത്രമുള്ള യാത്രയായിരുന്നു അത്. അന്നവനൊരു നാല് വയസ്സുകാരൻ ആയിരുന്നതുകൊണ്ട് അവനു പ്രത്യേക ബർത്ത് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കമ്പാർട്മെന്റിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ശക്തമായി കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ കഫക്കെട്ട് മൂലം നിർത്താതെ ചുമക്കുന്ന കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ…
