എന്റെ മലയാളം (കവിത ) മാധുര്യമാം സ്വരങ്ങളാലും ദൃഢതയാം വ്യഞ്ജനങ്ങളാലും കൊരുത്തൊരക്ഷരമാലയാം അക്ഷയഖനിയാണെന്റെ മലയാളം സ്വഭാഷയാലുയിർക്കുന്നൊരെൻ ചിന്തയും വാക്കും സ്വപ്നവുമീ- വശ്യസുന്ദര ശൈലിയാം അറിവിൻ അനശ്വര ഖനിയാണെന്റെ മലയാളം എൻ മനോജ്ഞമാം തൂലികത്തുമ്പിൽ പിറക്കുന്നൊരക്ഷരക്കൂട്ടങ്ങൾ അതാണെന്റെ ഭാഷ, മധുരമാം പൈതൃകമായൊരെന്റെ മലയാളം ജെമിനി കെ രാജ്
Author: Geminikraj
നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ നരാധമന്മാർ അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ അച്ഛന്മാരുടെ നിലവിളി കേൾക്കാത്ത മനുഷ്യനാകാത്ത വ്യാജ മൊഴികൾക്കു കുടപിടിക്കുന്ന ധർമ്മലോകം അനീതിയുടെ ഇരുൾ മാറ്റി സത്യവെളിച്ചത്തിൻ നീതി നടപ്പാക്കൂ… നീതിദേവതേ
ചിന്തകൾകൊണ്ടുള്ള നീണ്ട യാത്രയിന്നും തുടരുന്നു പലപ്പോഴും ഞാനെന്നെ കണ്ടു ഉള്ളത്തിലതു ചേർന്നലിഞ്ഞില്ല ഇന്നലെ കണ്ട മുഖമിന്ന് വികൃതമായപോൽ വെള്ളവീണ മുടിയിഴപോലെ വെള്ളവീണ ഉത്തരങ്ങളും മുമ്പോട്ടും പിമ്പോട്ടും വലിക്കുന്ന ചിന്താഭാരങ്ങൾ കാഴ്ച്ചകളിൽ മങ്ങിയ നിറം മുമ്പോട്ടുള്ളതവ്യക്തം പിന്തിരിഞ്ഞു നിന്ന കണ്ണുകൾ പ്രാണനിലുടക്കിയ ചിന്തകളാൽ ഹൃദയത്തിൽ നിന്നു പടർന്ന അശ്രുകണങ്ങൾ മണ്ണിൽ ചിതറിയൊരുതുള്ളി നനവു പടർത്തി എന്നിലെ ചിന്തകൾ വീണ്ടുമുയിർക്കുന്നു യാത്ര തീരുവോളം.. ജെമിനി കെ രാജ്
എന്നിലെ പ്രണയം മഴയായ് പെയ്തിറങ്ങി നിന്നിലെ സ്വരമാധുരി എന്നിലെക്കവിതയായി പിണങ്ങിയകലാത്ത പരിഭവങ്ങൾ സ്നേഹപൂവുകൾ വിരിയിച്ചു എന്നെ കേൾക്കാൻ കാത്തിരിക്കുന്ന നിൻ പ്രണയം നിന്നിലെ പരിമിത വാക്കുകൾ എന്നിൽ പ്രതീക്ഷയുണർത്തി നാം നിറമുള്ള സ്വപ്നങ്ങളായി മഴച്ചാറ്റലിൽ പൊൻവെയിലിൽ നാം കോർത്ത കൈകൾ യാത്രതീരുന്നിടം വരെ പ്രണയാർദ്രരായീ യാത്ര തുടരാം ജെമിണി കെ രാജ്
നിഴലുകൾ മാഞ്ഞു ഇരുൾ കെട്ടിയ വീഥിയിൽ നിശബ്ദത മാത്രം ബാക്കിയായി മാനത്തെ നക്ഷത്ര കണ്ണുകൾ കൺചിമ്മി കനത്തു വന്ന ഇരുട്ടിൽ പ്രതീക്ഷ നിറച്ച മനസുമായി രാത്രി വണ്ടി കാത്തു നിൽക്കുന്നു ഞാൻ സ്വപ്നാടനമല്ലിത് കാത്തിരുന്നൊരു യാത്ര കൈയ്യിൽ കരുതാനൊന്നുമില്ലങ്കിലും ഉള്ളം നിറയെ മോഹങ്ങളുണ്ടെന്നിൽ. -ജെമിനി കെ രാജ് –
നീലവാനിൻ പാട്ടുകാരി നിന്റെ സ്വര മാധുരിയിൽ മുഖരിതമീയന്തരീക്ഷം വിമുഖമാമെന്നുടെ ചിന്തയിൽ നീയൊരു കുളിർ നാദമായെത്തി ഏകാന്തമാം മനസ്സിന്റെ നെടുവീർപ്പായി നീ വീണ്ടും ഇരുൾ മൂടിയ ഹൃദയത്തിൽ ഓർത്തുവെയ്ക്കാം നിന്നുടെയീ തരളിതമാം കുയിൽനാദം എനിക്കു നീയും നിനക്കു ഞാനും പ്രിയമെന്നോർക്കാൻ.. -ജെമിനി കെ രാജ് –
കുഞ്ഞോമനമുഖം അച്ഛന്റെ തോളിൽചായ്ച്ചമ്മയെ കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരിതൂകി പൂർണേന്ദു പോലെൻ കുഞ്ഞിപ്പെണ്ണ് അച്ഛന്റെ താരാട്ടിന്നീണത്തിൽ ഉം.. ഉം..രാഗം മൂളി ആർദ്രമാം മിഴികൾ പൂട്ടിയുറങ്ങുന്നൊരാരൂപമെന്നുടെ ഓർമ്മകളിലോടി കളിക്കുന്നു. കുഞ്ഞിക്കാലുകൾ മണ്ണിൽ മെല്ലെ പതിച്ചു കുഞ്ഞോളങ്ങളിൽ ഇരവും പകലും പടികടന്നങ്ങകലവെ വളർന്നു നീ മെല്ലെ അരുതുകൾ പലതും കാതിൽ നിറച്ചു വിലക്കിന്റെ നാലുകെട്ടിൽ വളർന്നവളിന്നു വലുതായി സ്വതന്ത്രയായി ഇന്നുമെന്നുടെ മടിയിൽ ഒരു കുഞ്ഞിപ്പെണ്ണായി ചാച്ചുമ്പോൾ നാണം വിരിഞ്ഞ നിൻ നുണക്കുഴിക്കവിളിലൊരായിരം സ്നേഹത്തിൻ ചുംബനപ്പൂക്കൾ മിഴിവാർന്നു നിന്നു. -ജെമിനി കെ രാജ് –
അവകാശങ്ങൾക്കായ് ആദർശ മാർഗേ വീണുടഞ്ഞ സ്വപ്‌നങ്ങൾ പോരാട്ടങ്ങളുടെ മഹാപർവ്വം രക്തസാക്ഷി… ജനിച്ച മണ്ണിൽ അപരന്നു വേണ്ടി പടപൊരുതി നിണം ചൊരിഞ്ഞവൻ രക്തസാക്ഷി… ഇരവിലും പകലിലും ജിഹ്വയായി പടർന്നു കാലത്തിനു മുമ്പേ നടന്നവൻ രക്തസാക്ഷി… -ജെമിനി കെ രാജ് –
ആരെയോ കാത്തുനിന്നപോലെ തൊടിയിൽ നീയൊരു മുകുളമായ് അന്നുതൊട്ടെന്നിലൊരു മോഹപുഷ്പമായി നീ നിന്നിലെൻ സ്വപ്‌നങ്ങൾ പൂത്തു മധു ചന്ദ്രികയിൽ ചിരിതൂവി ഒരു മഞ്ഞു കണമായി നിന്നെ പുൽകി ഞാൻ -ജെമിനി കെ രാജ് –
മാഞ്ഞും തെളിഞ്ഞുമെത്തുന്ന ഓർമ്മകളുമായി കനത്ത നിശബ്ദതയിൽ ഒറ്റയ്ക്കിരിക്കുന്നതു ശീലമായിന്നെനിക്ക് എന്റെ മൗനങ്ങൾ എന്നിലൊളിപ്പിച്ചു പുഞ്ചിരി തൂകാനും നിരത്തിലെ ആൾക്കൂട്ടത്തിലൊറ്റക്ക് നടക്കാനും കപോലങ്ങളിലൂടൊഴുകാൻ കൊതിച്ച അശ്രുകണങ്ങളെ കണ്ണിമയിലൊളിപ്പിക്കാനും ഞാനിന്നു ശീലിച്ചു. ദുശീലമോ നല്ലശീലമോ അറിയില്ലങ്കിലും കദനങ്ങൾ ഗോപ്യമായി എന്നിലൊതുക്കാൻ ശീലമായി. -ജമിനി കെ രാജ് –
