ജീവിതപങ്കാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർത്തു നിർത്താനും സ്നേഹിക്കാനും ഒപ്പമുള്ളയാൾ.. തെറ്റുകുറ്റങ്ങൾ പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും മരണം വരെ കൂടെയുണ്ടാവുമെന്ന വാക്ക്… ഏതവസ്ഥയിലും അവൾക്കു സംരക്ഷണമൊരുക്കുന്ന ആശ്വാസമേകുന്ന നല്ല പങ്കാളി… തെറ്റുകൾ തിരുത്താനും പരിഭവങ്ങളിലും പിണക്കങ്ങളിലും കലഹിച്ചു പിരിയാതെ വിട്ടുവീഴ്ചകളിലൂടെ പറഞ്ഞവസാനിപ്പിച്ച് അത്രമേൽ സ്നേഹം ഊഷ്മളമാക്കി പ്രാണന്റെ അന്ത്യനിമിഷം വരെ താങ്ങും തണലുമായിരിക്കാൻ… കുറവുകളിൽ തർക്കിച്ചു മുൻപരാകാൻ തിടുക്കപ്പെടാതെ ജീവിത താളം തെറ്റിക്കാതെ ഹൃദയതാളമൊന്നാക്കി മുന്നോട്ടുപോകാൻ… -ജെമിനി കെ രാജ്- ,
Author: Geminikraj
സിംഗിൾ ആയി വന്നു സിംഗിൾ ആയി പോകുന്നു.. ജെമിനി കെ രാജ്
വെയിലത്തും മഴയെത്തും നനഞ്ഞും പതയിൽ പൊതിഞ്ഞും പ്രഹരമേറ്റും വിഴുപ്പലക്കി വെളുപ്പിച്ച കാലം… ഋതുക്കൾ മാഞ്ഞും തെളിഞ്ഞും കാലം കടന്നു പുത്തനാവിഷ്‌കാരങ്ങൾ പുത്തെൻ പരിഷ്ക്കാരങ്ങൾ ഇന്നെനിക്കുപകരം അലക്കുയന്ത്രം വീടിനുള്ളിലായി ആർക്കും വേണ്ടാതെ, ആളനക്കമില്ലാതെ പറമ്പിന്നോരത്തേകയായ് വെറും അഴുക്കുകല്ലായ് കിടപ്പൂ.. -ജെമിനി കെ രാജ് –
മീനവെയിലിലെ നീറ്റലിനിടയിൽ പ്രകൃതിയൊരുക്കിയ കണി.. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന.. പാടത്തിലകൾക്കിടയിൽ തലനീട്ടി നോക്കുന്ന കണിവെള്ളരി.. തളികയിൽ കള്ളക്കണ്ണ നെയൊരുക്കി ഒരു രാത്രിയിലെ കാത്തിരിപ്പ് കണിക്കായുള്ള കാത്തിരിപ്പ്… -ജെമിനി കെ രാജ് –
കുഞ്ഞുന്നാളിൽ ഒഴിവുനേരങ്ങളിൽ നീയെൻ കളിക്കൂട്ടുകാരിയായി പൊട്ടുകുത്തീം പാവാടചുറ്റിച്ചും എന്റെയേകാന്തതകളിൽ നിന്നെയെന്നോടൊപ്പം കൂട്ടി കാലം മുതിർന്നു നീ മാറി ഞാൻ മാറി ഇന്നിന്റെ രാവുകളിൽ ഊർന്നിറങ്ങുന്ന മൂകാശ്രു നീ മാത്രമറിയുന്നു, മായ്ക്കുന്നു എന്റെ സ്വപ്നഭാരം ചുമന്നു നീ ഇന്നിതാ മെലിഞ്ഞു പോയി ഊർന്നിറങ്ങുന്ന കണ്ണിരിൻ നനവിൽ നനഞ്ഞവൾ നീയല്ലേ കളിയും ചിരിയും ഏറ്റുവാങ്ങിയ നിശബ്ദമാം പ്രണയിനി സുഖത്തിലുംദുഃഖത്തിലും നീവേണമെനിക്കെന്നും… -ജെമിനി കെ രാജ് –
ഞാൻ ചിന്തിച്ചു.. പണ്ടത്തെപോലെനിക്ക് ഓടാൻ കഴിയുന്നില്ല കയറ്റം കയറുമ്പോൾ ഉള്ളിലൊരു കുയിൽനാദം പോൽ ശ്വാസം പുറത്തേക്ക് വാതം വന്നോ, കാലുവേദന..? ഓർമ്മ കുറയുന്നോ,സ്മൃതിനാശം..? ചിന്ത നേരെ തിരിഞ്ഞു ഏയ് ഒന്നുമില്ല, നാൾ വഴികൾ ഓർമ്മയിൽ തെളിഞ്ഞു മനസു പറഞ്ഞു, ഓർമ്മക്കുറവില്ല ഇനിയെങ്കിലും സ്വന്തം ശരീരത്തിനായല്പം സമയം ചെലവഴിക്കൂ.. വ്യായാമം തുടങ്ങി, ശ്വാസത്തിൻ കുയിൽ നാദം നിന്നു ഞാനുഷാറായി മനസ് മന്ത്രിച്ചു ഞാനാണ് നിന്നെ ഉഷാറാക്കിയത്. -ജെമിനി കെ രാജ്-
നിറയെ മഞ്ഞപ്പൂക്കളുമായി കള്ളചിരിയോടെ പൂത്തുനിൽക്കുന്ന കണിക്കൊന്ന കാണാൻ എന്തൊരു ചന്തം.. പക്ഷെ, അവളുടെ ഉള്ളു പിടയുകയാണ് നാളെ തല്ലിക്കൊഴിച്ച് തെരുവോരങ്ങളിൽ വില്പനക്കായ് കെട്ടിയൊരുക്കും വെറുതെ കണിക്കു വേണ്ടിമാത്രം പിറന്നവൾ.. സ്വർണ്ണ നൂലിഴകളാൽ നെയ്ത പുടവ ചുറ്റി അവൾ നിന്നു.. നൊമ്പരത്തിൻ കള്ളച്ചിരിയുമായി.. -ജെമിനി കെ രാജ്-
ഇരുളിൻ കലികാലമിതു കരുണ വറ്റിയ കണ്ണുകൾ ചിരി മറന്ന ചുണ്ടുകൾ ഇരവിലും പകലിലും നിണമൊഴുകുന്ന നിരത്തുകളൾ അതിജീവിതകൾ പെരുകുന്നു കാമദാഹമകറ്റാൻ പെണ്ണുടലിൻ നഗ്നതക്കായി കുഞ്ഞിളം മേനിപോലും തിരയുന്ന ചെന്നായ്ക്കൾ ലഹരിപുകഞ്ഞെരിഞ്ഞു സംഹാര താണ്ഡവമാടുന്ന കൗമാര യൗവനങ്ങൾ ജീർണ്ണതബാധിച്ച മനസ്സുകൾ… നെറി കെട്ട കാഴ്ചകൾ കണ്ടു മടുത്തു തീരാവ്യഥയായി മാറുന്ന ഇന്നുകൾ.. പുലരുമോ പുതിയൊരു പുലരി സ്നേഹത്തിൻ പുഞ്ചിരിയുമായി.. -ജെമിനി കെ രാജ്-
ആൾപെരുമാറ്റമില്ലാത്ത വഴിയെ തനിച്ചു ഞാൻ നടന്നു വെയിൽ ചാഞ്ഞ ചില്ലയിൻ നിറങ്ങൾ മാഞ്ഞു എന്റെ കാലടിപ്പാടുകൾ മായ്ച്ചുകൊണ്ടാവഴിയിൽ നിഴലുകൾ പതിയിരുന്നു തിരഞ്ഞു പോയ വഴിയിൽ നെടുവീർപ്പിൻ ഗന്ധം മാത്രം നിഴൽ ചേർന്ന പാത പിരിയുന്നു എങ്ങോട്ടെന്നറിയാതെ . -ജെമിനി കെ രാജ്-
എൻ ഹൃദയത്തെ ചേർത്തുവയ്ക്കാൻ ചിന്തകൾ പതഞ്ഞു പൊന്തുമ്പോൾ എൻ വിരൽതുമ്പിലെ തൂലികയിൽ പിറക്കാൻ എന്നിലെ കാഴ്ച്ചകൾക്കു ചന്തംകൂട്ടാൻ ഇരുൾ പരക്കും മനസിൻ വിഷാദങ്ങളകറ്റാൻ മായ്ച്ചു കളഞ്ഞെൻ വിരസമാം നിമിഷങ്ങൾ നിന്നിലേക്ക് മിഴിയൂന്നിയനേരം ആകാശനീലിമയിൽ മിഴികളുയർത്താനൊരു കിളിവാതിൽ നീ മെല്ലെ തുറന്നു നിന്നെ പരിചയമിണ്ടെനിക്ക് ഓർമ്മയിൽ പരതിയപ്പോൾ അറിയാതെ നാവിൽനിന്നടർന്നു വീണു നീയാണെന്നിലെ കവിത. -ജെമിനി കെ രാജ് –
