ചായം മങ്ങിയ, മുറ്റത്തുറങ്ങുന്ന അച്ഛന്റെ ചങ്ങാതിയായ സൈക്കിൾ. മൺപാതയിലൂടെ ശ്വാസം കിതച്ചും കയറ്റത്തിലൂടെ സൈക്കിൾ ഉന്തിയും കയറ്റവും ഇറക്കവും രസിച്ചങ്ങനെ മൂളിപ്പാട്ടും പാടി, മണികിലുക്കി വരുന്നോരഛന്റെ ഓർമ്മകളെന്നിൽ മിന്നിമറയുന്നു.. അച്ഛന്റെ സൈക്കിളിൻ പിന്നിൽ ഒതുങ്ങിയിരുന്നൊരു കൊച്ചുകാറ്റായി ഞാൻ പാടവരമ്പത്തൂടെ സൈക്കിളിൽ പായുംവേഗത്തിൽ കഥകൾ പറഞ്ഞും ചിരികൾ പങ്കിട്ടും ഉലകം ചുറ്റും രാജകുമാരിപോൽ.. ഓരോ യാത്രയും എൻ മനസ്സിലൊരു സ്വപ്നമായി.. കാലം വളർന്നു, ഞാനും വളർന്നു സൈക്കിൾ പഴയൊരോർമ്മയായി അച്ഛൻ മായാത്ത ചിത്രമായി.. -ജമിനി കെ രാജ്-
Author: Geminikraj
മൗനത്തിൻ താഴ്‌വരയിൽ ഒരു കുളിർ തെന്നലായ് നീയെന്നിൽ ആത്മാവിൻ സ്വരമായി ഹൃദയങ്ങളൊന്നായി ചേരുമ്പോൾ കരളിൻ നോവുകൾ കണ്ണീർ കണങ്ങൾ മാഞ്ഞുപോകുന്നുവോ.. പിരിയുവാനാവതില്ല ഇനിയുള്ള കാലം ആലിംഗനങ്ങളാൽ ആത്മാവിൻ ലയനം ജെമിനി കെ raj
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിനിടയിൽ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ കലിതുള്ളി പെയ്യുകയാണ്, ആരോടൊക്കെയോ ഉള്ള പക പോലെ.. നേർത്ത മഴയുള്ള ഒരു പകലിലാണ് പ്രതീക്ഷകളോടെ ഹരിയേട്ടന്റെ അമ്മ തന്ന നിലവിളക്കുമായി ഈ വീട്ടിലേക്ക് ഗായത്രി പ്രവേശിച്ചത്. ഭർത്താവ്, മകൾ എല്ലാം തികഞ്ഞൊരു കുടുംബം. എന്നാൽ, കാലം മുന്നോട്ട് പോകുന്തോറും ഗായത്രിയ്ക്ക് തോന്നിത്തുടങ്ങി, ബന്ധങ്ങൾ ഒരു നേർത്ത നൂലിഴയാണെന്ന്. സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതം നെയ്യുമ്പോൾ അത് മനോഹരമായൊരു ചിത്രമായി മാറും. എന്നാൽ, ചിലപ്പോൾ ആ നൂലിഴകൾ നമ്മളെ വരിഞ്ഞുമുറുക്കുന്ന ബന്ധനങ്ങളായി മാറും. ഇന്ന് ഹരിയേട്ടൻ ഒരുപാട് മാറിയിരിക്കുന്നതായി തോന്നിയവൾക്ക്. ജോലിയും തിരക്കുകളും അയാളെ അവളിൽ നിന്നും കൂടുതൽ ദൂരങ്ങളിലേക്ക് കൊണ്ടുപോയതുപോലെ. പഴയ ചിരിയും തമാശകളും പതിയെ ഇല്ലാതായി. അമ്മു നഴ്സിംഗ് പഠനത്തിനായി വിദേശത്തേക്ക് പറന്നു.. ഗായത്രി ശരിക്കും ഒറ്റപ്പെട്ടു. സംസാരമില്ലാത്ത ഭിത്തികളും, കേൾക്കാനാളില്ലാത്ത സ്വന്തം വാക്കുകളും അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. അവൾ തരം കിട്ടുമ്പോൾ ഭർത്താവിനോട്…
പെയ്തൊഴിയുന്ന മഴയുടെ നനുത്ത ഓർമ്മകളിൽ ആങ്ങളെ,നിൻ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നു മൺവാതിലിൽ മറഞ്ഞ നീ വിദൂരതയിൽ മിന്നും താരമായ് നാമൊന്നിച്ചുള്ള യാത്രകളിൽ നീയായിരുന്നെൻ വഴികാട്ടി എന്റെ കൈവിരലുകളിൽ നിന്റെ കൈയ്യടി ശബ്‌ദമിന്നും ഉയർന്നുകേൾപ്പൂ.. ജെമിനി കെ രാജ്
അമ്മ ചൊല്ലും നീയാണ് ‘മാതൃക’ ഇതിലുണ്ട് ചുമതലയും പങ്കിടീലും ഇളം കൈ പിടിച്ചു സ്നേഹമാം പാതയിലൂടെ പുഞ്ചിരിതൂകി ഉള്ളിലൊറ്റക്ക് കനൽ കെടുത്തി മറ്റുള്ളോർതൻ മുമ്പിൽ ചിരിച്ചും കേൾക്കുന്നു ചുറ്റും നീ മൂത്തതല്ലേയെന്ന ചോദ്യം ഉള്ളം കൊതിച്ചു നീയുമൊരു കുട്ടിയല്ലേയെന്നു കേൾക്കാൻ.. -ജെമിനി കെ രാജ്-
കാറ്റു മൂളി വേനൽ ചിരിച്ചു പഴുത്തില തെന്നി സ്വന്തമല്ലാത്തൊരു ദൂരേക്ക്.. -ജെമിനി കെ രാജ് –
കുടുംബം നാലു ചുവരുകൾക്കുള്ളിൽ സ്നേഹം കൊണ്ടു നിർമ്മിക്കുന്ന ചെറിയ ലോകം. കൂടുമ്പോൾ ഇമ്പമുളവാക്കുന്നിടം. പങ്കുവയ്ക്കലിന്റെയും വൈകാരികമായ ഊഷ്മളതയും സുരക്ഷയും ഒരു വ്യക്തിയുടേതാണെന്ന ബോധം നൽകുന്നിടം. -ജെമിനി കെ രാജ്-
ഇരവും പകലും ഒന്നുപോലെന്നുമെന്നിൽ. പകലെന്നു നീ പറയുമ്പോഴും എന്നിലെ ഇരുളിൽ ഞാനുഴറുകയായിരുന്നു നീയാരുന്നെന്നിലെ വെളിച്ചം ഇരുൾ വീണയെൻ പാതയിലെ തെളിഞ്ഞമാനം നീയാരുന്നു നിൻ മിഴികളിലൂടെക്കണ്ടു ഞാനീയുലകിൻ കാണാക്കാഴ്ചകൾ എന്നിലെ കിനാവുകൾ മിഴിവോടെ കണ്ട നാളുകൾ അന്നായിരുന്നു എന്നിലെ മൗനമകന്നു സ്വതന്ത്രചിന്തകൾ വന്നു ശബ്ദങ്ങളാൽ മെനഞ്ഞ രൂപങ്ങൾ നിന്നിൽ പിറന്ന സ്വപ്‌നങ്ങൾ വൈവിധ്യങ്ങൾക്കിടയിടയിലൂടെ തെല്ലും സങ്കോചമില്ലാതെ പാദങ്ങളിടറാതെ നിന്നെ പിന്തുടർന്നതും ഇന്നൊരോർമയായെന്നിൽ നമ്മിലെ പ്രണയവീഥിയിൽ ഇരുട്ടു പരക്കുന്നു അകന്നുപോകുന്ന മോഹങ്ങൾ ജീവിതമദ്ധ്യേ പകൽ വെളിച്ചത്തിൽ തനിച്ചാക്കിയ നിനക്കറിയാം എന്നിലേപ്പൊഴും ഇരുട്ടാണെന്ന് നീയാരുന്നെന്നിലെ തിരിനാളം ഇരുൾപരന്നൊരീമിഴികളിൽ നിന്റെ സ്വപ്‌നങ്ങൾ തകരുന്നതറിഞ്ഞു ഞാൻ പിരിയുന്നനേരം നിൻ മിഴികളിൻ നീർച്ചാലുകൾ ദ്രുതം മണ്ണിൽ പതിച്ചതും ഞാനറിഞ്ഞു എല്ലാമറിഞ്ഞിട്ടും നിന്നു ഞാനൊന്നുമറിയാത്തപോൽ… -ജെമിനി കെ രാജ് –
ഇരുളടഞ്ഞ വീഥികളിൽ ഇടറാത്ത പാദങ്ങളോടെ ശൂന്യതയിൽ നിന്നും പെറുക്കിയെടുത്ത കല്ലുകൾക്കൊണ്ടൊരു വീടൊരുക്കി ഇരവും പകലും ഇളവില്ലാതെ പണിയെടുത്തും വിശക്കുമ്പോൾ മുണ്ടുമുറുക്കിയുടുത്തും പാതിമെയ്യോടൊത്തൊ- പ്പത്തിനൊപ്പം അക്ഷീണയായവൾ ഇല്ലായ്മയിലും സന്തോഷം പങ്കിട്ടുതന്നും മക്കൾക്കന്നത്തിനൊപ്പം സ്നേഹവും ശാസനയും വിദ്യയും നൽകി കരുത്തരാക്കി വീടൊരു സ്വർഗ്ഗമാക്കിയവൾ.. അമ്മ ഭാഗ്യവതിയാണ്.. കണ്ടു,ഏഴുമക്കളെ മക്കളുടെ മക്കളെ, മക്കളുടെ മക്കളുടെ മക്കളെ, ആയിരം പൂർണചന്ദ്രനെ, ഭർതൃമതിയായി അന്ത്യനിമിഷം വരെ അവർ ഭാഗ്യമുള്ളവർ അവരുടെ മക്കളായ ഞങ്ങളും.. ❤️ -ജെമിനി കെ രാജ് –
എൻ മനസ്സിൻ ചില്ലയിൽ സ്വപ്‌നങ്ങൾ കൊണ്ടൊരു കൂടൊരുക്കി പ്രതീക്ഷ പ്രകാശം പരത്തി സ്നേഹത്തിൻ പൊൻ പട്ടുപുടവ തന്നെൻ പ്രിയന്റെ ഹൃദയരാഗം മീട്ടും സ്വനം ജീവതാളമായി കാറ്റിലും മഴയിലും വെയിലിലും സുഷിരങ്ങൾ വീഴാതെ മിഴിനട്ടു ഞാനെന്നും കാത്തിരിക്കുന്നു. -ജെമിനി കെ രാജ്-
