ഉറക്കമൊഴിച്ചു പഠിച്ചും ഉല്ലാസജീവിതം മാറ്റിവച്ചും രോഗികൾക്കായി വെൺകുപ്പായമണിഞ്ഞു പ്രതീക്ഷതൻ ദൂതനായി ആശ്വാസത്തിൻ മർമ്മരമായി സ്നേഹസ്പർശത്തിൻ സ്പന്ദനമായി അത്ഭുതങ്ങൾ സൃഷ്ടിക്കും കരങ്ങളോടെ രോഗിതൻ ഭയത്തിൻ ഇരുൾമാറ്റി മനസ്സിൽ തണലേകി ഇരവും പകലും മറന്നു രാവേറെയെന്നോർത്തിടാതെ മരണത്തിൽ നിന്നും ജീവനെ തിരിച്ചുപിടിക്കും അത്ഭുതകരങ്ങളോടെ ഹൃദയത്തിൻ ആത്മ സത്യങ്ങൾ തിരിച്ചറിയുന്നവൻ ഡോക്ടർ.. ഓരോ നോക്കിലും ആയുസ്സിൻ പ്രകാശമായി രോഗിതന്നകതാരിൽ സൂര്യനായുദിക്കുന്നു നീ -ജെമിനി കെ രാജ് –
Author: Geminikraj
ചിന്തകളെ മരവിപ്പിച്ചു, കണ്ണുകളെ ഇരുട്ടിലാക്കി ഓർമ്മകൾ മായ്ച്ചു സ്വപ്‌നങ്ങളില്ലാതാക്കുന്ന കനിവിൻ ഉറവകൾവറ്റുന്ന ഉറ്റവരേം ഉടയവരേം അകറ്റി ജീവിതം തനിച്ചാക്കുന്ന ശൂന്യത മാത്രമാക്കുന്ന ലഹരിയകറ്റൂ.. ലഹരി ഒരു മരീചിക. ക്ഷണികമാം സുഖം വെടിഞ്ഞു സ്നേഹത്തിൻ മധു നുകർന്നു സ്വപ്നത്തിൻ ചിറകിലേറി ജീവിത ലക്ഷ്യങ്ങൾ നേടി ജീവിത ലഹരിയിലാസ്വദിക്കൂ.. -ജെമിനി കെ രാജ്-
വാക്കുകളില്ലാതെ ചുണ്ടുകളുടെ മധുരമായ കൂടിച്ചേരലിൽ, ആത്മാവിൻ ആഴങ്ങളിൽ കുളിർത്തെന്നലായ് നീ അധരങ്ങളിലെ പ്രണയമായി മൗനത്തിൻ യാമത്തിൽ, സ്നേഹർദ്രമാം വികാരങ്ങൾ ഒരു ചുംബനം ആത്മാവിൻ താളമായി ഹൃദയങ്ങൾ ഒന്നാകുമ്പോൾ കാലം മായും നിമിഷം വിടരുന്ന പുലർവെളിച്ചം പോലെ, മൃദലമാം സ്നേഹം, രാത്രിതൻ നിശ്ശബ്ദതയിൽ ഓരോ ചുംബനത്തിലും ഒരു പുതു ജന്മമായി ആത്മാവിൻ ആഴങ്ങളിൽ നീ എൻ സത്യം. കണ്ണുകളടയുമ്പോൾ, ലോകം മറന്നു നാം, നിൻ ചൂടിൽ അലിയുന്നു എൻ ഹൃദയം. പരിഭവങ്ങളില്ലാതെ, പരാതികളില്ലാതെ, നിസ്വാർത്ഥമാം പ്രണയം, എന്നും നീയെൻ ജീവൻ. ഇതളുകൾ കൊഴിയാതെ, വാടാതെ എന്നും, എൻ ജീവന്റെ ജീവനായ് നീയെൻ കൂടെ. ഓരോ ചുംബനവും എൻ പ്രണയത്തിൻ സാക്ഷ്യം, നമ്മളൊന്നായി മാറുന്നു അടരുവാൻ വയ്യാതെ… ജെമിനി കെ രാജ്
അസ്തമയസൂര്യൻ അവളുടെ നെറുകയിൽ വിതറിയ ചാരത്തിൻ ഓരോ കിരണവും ഓർമ്മയുടെ കനലായെരിയുമ്പോൾ കാലം ചരമഗീതം പാടിപ്പോകുന്നു… വിധവയുടെ കുപ്പായമിട്ടവൾ നടന്നു മെല്ലെ വേദനകളുടെ പടവുകൾ കയറിയിറങ്ങി ജീവിതത്തിനൊപ്പം. കണ്ണീരുപ്പുകൾ മായ്ച്ചവൾ ഉയിർക്കുന്നു പുതുശക്തിയായി.., രാത്രിയുടെ ഏകാന്തതകളിൽ ഓർമ്മകൾ അവളെ പൊതിയുമ്പോൾ, കണ്ണീരിൻ തിരമാലകൾ അടങ്ങുമ്പോൾ ഇന്നലെകളിൽ അവർക്കൊളുത്തിയ പ്രണയത്തിൻ തിരകൾ പുതിയൊരു തീരമായി തെളിയവേ അവളുയിർക്കുന്നൊരു പുതുശക്തിയായി. തെന്നലിൻ മൃദു മന്ത്രണം അവരുടെ പ്രണയത്തിൻ ഗാനം മൂളി ഇരുളിൻ മറ നീക്കി ഉദയം ചെയ്തവൾ വിധിയിൽ തളരാതെ ചുറ്റുമുള്ള അടക്കംപറച്ചിലുകൾ, വളഞ്ഞ ദൃഷ്ടികൾ നോക്കാതെ നാളെയുടെ പ്രതീക്ഷയിൽ അവൾ നടന്നു മുന്നോട്ട്.. പരിഭവം പറയാതെ, ധീരയായി നേരിനോപ്പം. ജെമിനി കെ രാജ്
കാതിലമൃതായി പെയ്തിറങ്ങുന്ന സംഗീതം ആത്മാവിൻ നാദം. മനസ്സിൽ വിരിയുമൊരായിരം വർണ്ണങ്ങൾ, ഓരോ സ്വരത്തിലും തുടിക്കുന്ന ജീവൻ ഓർമ്മതൻ താഴ്‌വരയിൽ വിരിയും പൂക്കൾ ഇഴനെയ്തൊരീണത്തിൽ ലയിച്ചനേരം. മഴത്തുള്ളി വീഴും ഇലചാർത്തിൽ കുയിലിന്റെ പാട്ടായി കാറ്റിന്റെ ഓരം. നിശബ്ദത മറ നീക്കി അലകടൽത്തിരയുടെ താരാട്ടുപാട്ടുകൾ, പ്രകൃതി പാടുന്നു, സംഗീതമായി. നാദങ്ങളിൽ അലിയുന്ന ഭാവങ്ങൾ -ജെമിനി കെ രാജ് –
പുലരിയിൻ ചിരിയിൽ നഗരം ഉണർത്തും ഉണർവിൻ താളം, കാലടിപ്പാടുകളുടെ മർമ്മരം, ജീവിതം തുടിക്കും, തിരക്കിന്റെ നേർരേഖയിൽ ഓരോ മുഖത്തും ഓരോ കഥയുമായി സ്വപ്നങ്ങളുടെ ചിറകിലേറി പറക്കാൻ. അലക്ഷ്യമായല്ല ഈ പാച്ചിൽ, ലക്ഷ്യബോധത്താൽ നിറയുമോരോ നിമിഷം. ചായക്കടയിലെ ചിരിയുടെ അലകൾ, ഓഫീസ് മുറികളിലെ ഗൗരവഭാവങ്ങൾ. പാതയോരങ്ങളിൽ വിരിയും പൂക്കളുടെ ഗന്ധം, തിരക്കിനിടയിലും പ്രകൃതിയുടെ സാന്ത്വനം. പായുന്ന ബസിൽ, ജനലിലൂടെ മായും കാഴ്ചകൾ, ചന്തകളിൽ ഉയരും വിലപേശലിൽ പോലും ഒരു ജീവിതതാളം. സന്ധ്യയുടെ വരവോടെ ദീപങ്ങളാൽ നഗരങ്ങൾ സ്വർണ്ണമിഴികൾ തുറന്നാൽ തിരക്കുകൾ മായും, ശാന്തത തഴുകും, വീടണയും മനസ്സിൽ ഒരു മധുരമായ ഓർമ്മ. എങ്കിലും, ഈ തിരക്കിനിടയിൽ, ഹൃദയം തേടും ഒരു നിമിഷം ശാന്തമായ്. ജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്താൻ, തിരക്കിലൊളിപ്പിച്ച സ്നേഹവും, ആത്മാവും. -ജെമിനി കെ രാജ് –
ബാല്യം മരവിച്ച കൈകളിൽ പുസ്തകത്തിനു പകരം ഞങ്ങൾക്ക് കിട്ടിയത് പണിയായുധങ്ങൾ.. പകലുമിരവുപോലിരുണ്ട ജീവിത ഭാരങ്ങൾ.. പേന പിടിക്കേണ്ട കുഞ്ഞിളം വിരലുകളിൽ നീലിച്ച നോവിൻ തഴമ്പുകൾ കളിച്ചും ചിരിച്ചും നടക്കേണ്ടൊരീ പ്രായത്തിൽ വയറ്റിലെ തീ കെടുത്താൻ പൊള്ളുന്ന കനലുകൾ താണ്ടുന്ന കുഞ്ഞിക്കാലുകൾ.. മൈതാനങ്ങളിൽ ബോളുകൾ തട്ടിക്കളിക്കേണ്ട ബാല്യം കൽക്കരിക്കറുപ്പിൽ മാഞ്ഞു മറയുന്നു.. പുസ്തകമില്ല, കളിക്കോപ്പുമില്ലാത്തോർ ഞങ്ങൾ സ്വപ്‌നങ്ങളെ കൂട്ടിലടച്ചിട്ട പട്ടിണിക്കോലങ്ങൾ.. ഭയാനകം ഇതു ഭയാനകം കാരണം ഒന്നു മാത്രം ദാരിദ്ര്യം ഒന്നു ചോദിച്ചോട്ടെ ഒരു വെളിച്ചം, ഒരു പുഞ്ചിരി ഞങ്ങളുടെ ചുണ്ടിൽ… ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ.. ഈ കുഞ്ഞു കൈകളിൽ അറിവിൻ വെളിച്ചമേകാൻ, പകലൊടുവിൽ, അസ്‌തമിക്കും സൂര്യാ, നാളെയീദുരിതമസ്തമിക്കുമോ..? -ജെമിനി കെ രാജ് –
വിവാഹം… ഒരു യുവതിയുടെ ജീവിതത്തിൽ അത് ഒരു പുതിയതിനുള്ള തുടക്കമാണ്. പുതിയൊരു വീട്, പുതിയ ബന്ധങ്ങൾ, പുതിയ സ്വപ്നങ്ങൾ… ആദ്യമായി ആ വീട്ടിലേക്ക് അമ്മയോടൊപ്പം നിലവിളക്കുമായി അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ മറ്റു രണ്ടു കൈകൾ കൂടി വിളക്കിനരികിലേക്ക് നീണ്ടുവന്നു. അതു മാറ്റാരുടെയുമല്ല നാത്തൂന്റെ കൈകളായിരുന്നു. ഞാനും അമ്മയും ഭർത്താവിന്റെ പെങ്ങളും നിലവിളക്കുമായി അകത്തേക്ക് കടന്നപ്പോൾ, അതിന്റെ എല്ലാ ഗൃഹാതുരതയും എന്നെ നോക്കി നിന്നു. വിളക്കിലെ ഒരു തിരി ഓളം തല്ലി അണഞ്ഞു. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ചുറ്റുമുള്ളവരിൽ ഞാനൊന്നു കണ്ണോടിച്ചു. മിക്കവരിലും ഒരു ഭയം ഞാൻ കണ്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ചലനങ്ങളായിരുന്നു എല്ലായിടത്തും. ഒരു തിരി കെട്ടതിന്റെ വിഷമം എന്റെ മുഖത്ത് കരി നിഴൽ വിരിച്ചു. പക്ഷേ, ആ ഗൃഹധ്വനിയിൽ നിന്നും ഒരു സ്നേഹശബ്ദം ഉയർന്നു വന്നു. “മോളെ, വന്നേ.. ഒന്നുകൊണ്ടും സങ്കടപ്പെടേണ്ട, ഞങ്ങളുടെ മോളാണ് നീ.. കുടുംബത്തിലെ അംഗമാണ് നീ” അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം മുഴുവൻ താങ്ങാകുമെന്നുള്ള ഉറപ്പായിരുന്നു.…
നിശയുടെചിറകിൽ അലസമായൊഴുകും മേഘത്തുണ്ടുകൾ അവിടെ താരകമിഴികൾ ചിമ്മുമ്പോൾ നിദ്ര പുൽകിയയാമങ്ങളിൽ ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന വെൺസൗന്ദര്യമേ നിന്നോരോദലങ്ങളിലും ഓരോരോ മോഹമൊളിപ്പിച്ചു നീ ഹിമബിന്ദുക്കൾതൻ നനുത്ത നിശ്വാസങ്ങൾ ചുണ്ടിലൊളിപ്പിച്ചു വന്നുവോ സ്വപ്‌നങ്ങൾ കണ്ടുറങ്ങും പൃഥ്വിയിലൊരു പൂത്ത മുല്ലതൻ സൗരഭ്യമായി ആഷാഡ രാവിൻ മഴയിൽ നനഞ്ഞലിയുമ്പോഴും പ്രണയമേ ഞാൻ നിന്നിലൊഴുകി നിറയുന്നു. കനവുകൾ പെയ്തുതോർന്ന മനസ്സിൽ രജനീഗന്ധമായി, പുലരിയിൻ സ്മിതമായെൻ ഹൃദയതാളത്തിലലിഞ്ഞു ചേർന്നു. -ജെമിനി കെ രാജ്-
തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര വീചികളിൽ ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു മഴ നനഞ്ഞ മണ്ണിൻ ഗന്ധം പരന്നു മൃദുല വികാരങ്ങൾ തീരത്തടുക്കാത്ത നുരകളായി പത്തഞ്ഞലകളിൻ സാന്ത്വനമായി വിഹ്വല രാഗമായെന്നിൽ നീ വീണ്ടും പ്രതീക്ഷകൾ നിഴൽ ചിത്രങ്ങളായി കുതിർന്ന മണ്ണിൽ പുതഞ്ഞിടുന്നു കാലത്തിൻ അടിയൊഴുക്കിൽ ഒരിക്കൽ പെയ്ത മഴയുടെ തോർക്കുഴിയിൽ നീലപടർപ്പിൽ കനിഞ്ഞു നിശബ്ദമായൊരു കനലായ് ഞാൻ ജെമിനി കെ രാജ്
