തീർപ്പുകളില്ലാത്ത എതിർപ്പുകളാൽ കലഹങ്ങൾ, യുദ്ധങ്ങൾ ഉരുകി തീർന്ന ജീവിതങ്ങൾ ദുരഭിമാന കൊലകൾ, ചോരപ്പുഴകൾ സമാധാനം നഷ്ട്ടപെട്ടവർ എതിർപ്പുകൾ ജീവിതത്തെ അലോസരപ്പെടുത്തുന്നു നിരാശപ്പെടുത്തുന്നു അപമാനവും തിരസ്കരിക്കലും കെട്ടടങ്ങാത്ത കനൽക്കട്ടകൾ അസ്വീകാര്യതയുടെ ഭാണ്ഡങ്ങൾ നിഷേധ ധ്വനിമുഖരിതം തീഷ്ണതയേറിയ ചുവടുകൾ എതിർപ്പിലൂടെ ജീവിതം ജയിച്ചവരും തോറ്റവരും ആളുകൾ പലവിധം ജീവിതം ഒരിക്കൽ മാത്രം ———— -ജെമിനി കെ രാജ്
Author: Geminikraj
വിട പറയാൻ മടിച്ചുനിന്ന മഴയോടൊത്തു തനിച്ചു ഞാൻ നിന്നതും പൊള്ളുന്ന വെയിലേറ്റതും നിനക്ക് വേണ്ടിയായിരുന്നു. നിന്റെ മൊഴികൾ കേൾക്കാനായിരുന്നു എന്റെ മിഴികൾ കാത്തിരുന്നത്. എന്റെ മൗനത്തിൽ ഒളിപ്പിച്ച മോഹപ്പൂക്കൾ നിനക്കു വേണ്ടിയായിരുന്നു. നിന്റെ ഹൃദയത്തിന്റെ മധുരമായിരുന്നു എന്റെ കണ്ണീരിന്റെ ഉപ്പ്. ദിനരാത്രങ്ങൾ കൊഴിഞ്ഞു ഋതുക്കൾ മാറി എന്റെ കാത്തിരിപ്പിന്നും തുടരുന്നു… -ജെമിനി കെ രാജ് –
നമ്മുടെ പൂർവ്വികർ പ്രകൃതിയെ മക്കളായി സ്നേഹിച്ചു, മാറ്റങ്ങളെ തിരിച്ചറിഞ്ഞു, ഇന്നുള്ളവരോ? പ്രിയ യമുനേ പുണ്യ നദിയായ നീ ഗംഗയുടെ പോഷക നദി, യമുനോത്രിയുടെ പുത്രി പിതൃ തർപ്പണത്തിലൂടെ മോക്ഷ പ്രാപ്തി നേടാൻ, നീ ഇന്ന് നിന്നെ വിഷം പതയുന്ന, മാലിന്യം വഹിക്കുന്ന നദിയാക്കി മാറ്റിയില്ലേ.. നിന്റെ ശത്രു മനുഷ്യൻ മാത്രം.. ജമിനി. കെ രാജ്
പിന്നെയും മഴ പെയ്തു കൊതിതീരാതെ ഉള്ളിലെ മോഹവും പെയ്തിറങ്ങി കൊതി തീരാതെ നേർത്ത കുളിരിൽ മയങ്ങാൻ കൊതിച്ചു പിന്നെയും മഴയിൽ നനയാൻ കൊതിച്ചു.
പറക്കുന്ന ഷഡ്പദക്കൂട്ടരാണു ഞങ്ങൾ ഏറ്റവും കൂടുതലാവാസ വ്യവസ്ഥയുള്ളവർ. അനുവാദമില്ലാതെ, ഭയമില്ലാതെ കുടിൽ തൊട്ട് കൊട്ടാരം വരെ കടന്നുചെല്ലാം ഞങ്ങൾക്ക്. വേലക്കു രാപകൽ ഭേദമില്ലാത്തവർ ഞങ്ങൾ കയ്പ്പോ , മധുരമോ എന്തും രുചിച്ചിടാം ഞങ്ങൾക്ക്. സ്വാർത്ഥത തെല്ലും ഇല്ലാത്തവർ ഞങ്ങൾ കിട്ടുന്നതെന്തുമാകട്ടെ മറ്റുള്ളോർക്കും പങ്കു വയ്ക്കുന്നവർ ഞങ്ങൾ. ദരിദ്ര സമ്പന്ന വിദ്യാ പദവി നോക്കാതെ ആരുടെ ദേഹവും ഇരുപ്പിടമാക്കും ഞങ്ങൾ ജാതി നിറ വ്യത്യാസവും നോക്കില്ല ഞങ്ങൾ ആരെയും കുത്തിനോവിക്കാത്തവർ ഞങ്ങൾ മാലിന്യമെവിടുണ്ടോ അവിടെ പറന്നെത്തും ഞങ്ങൾ മാലിന്യ മുക്തമാക്കേണ്ടവർ നിങ്ങൾ നാൽക്കാലികളിരുകാലികളെന്ന ഭേദമില്ലാത്തവർ ഞങ്ങൾ ഭൂമിയിലെ സകല ജീവജാലങ്ങളെയും ഒരുപോലെ കാണുന്നവർ ഞങ്ങൾ. നിങ്ങളുടെ അടുക്കളയിൽ, നിങ്ങളുടെ തീന്മേശയിൽ ഞങ്ങൾ വരാതിരിക്കാൻ നിങ്ങൾ കരുതിയിരിക്കുക. ഞങ്ങളെ നികൃഷ്ടരെന്നോ, രോഗം പരത്തുന്നവരെന്നോ മുദ്ര കുത്തണ്ട.. ഞങ്ങൾ ഇവിടെ ജനിച്ചവർ, ഇവിടെ വളരേണ്ടവർ ഞങ്ങളും ഈ ഭൂമിയുടെ അവകാശികൾ. ———– ജമിനി. കെ. രാജ്
താരാഗണങ്ങൾ കാവലായ് രാവിൻ വസന്തമായ് പൂനിലാവിൻ കുളിർ തെന്നലിൽ സുഗന്ധം ചാലിച്ചെത്തിയ പാരിജാതമേ, ആർദ്രമാം നിൻ മിഴികളിൽ പരിഭവം കലർന്നതെന്തേ ലജ്ജ്ജയിൽ വിടരും നിൻ ദളങ്ങൾ ഇന്നെന്തേ ചെറു മന്ദസ്മിതം തൂവാത്തൂ.. ഹിമകണങ്ങൾ നിന്നെ ഇക്കിളിക്കൂട്ടാൻ വന്നിട്ടും, ഉഷാകിരണം നിൻ ചൊടികളിൽ തപ്ത നിശ്വാസം പകരാൻ വന്നിട്ടും, കൂകിയുണർത്തും കുയിലിൻ പാട്ടുകൾ കേട്ടിട്ടും, പ്രിയ തോഴൻ മധുപൻ നിന്നുടെയരുകിൽ വന്നിട്ടും .. നിൻ മിഴികളിലെന്തിത്ര ഭ്രമം നീ കണ്ട പകലുകളും നീ കണ്ട രാവുകളും നിന്നിൽ ഭീതി പടർത്തിയോ പറയൂ..പാരിജാതമേ, നിൻ നയനങ്ങളിൽ നനവു പകർന്നത് രാപകലെന്നന്തരമില്ലാത്ത കപടക്കാഴ്ചകൾ കണ്ടു മടുത്തിട്ടോ.. ———- ജമിനി കെ രാജ്
കവിത : ചിറക് ഞാൻ പറന്നു, കുറെ ദൂരം. പുതിയ കാഴ്ചകൾ, പുതു ജീവൻ, ഉയിർക്കൊണ്ട മോഹമലരുകൾ. വെൺ മേഘത്തുണ്ടുകൾ അടക്കം പറഞ്ഞു. അങ്ങനങ്ങനെ പലതും.. ഇടയ്ക്കിടെ ശ്വാസം കിട്ടാതെ വന്നു.. താഴേക്കു പതിക്കുമോ എന്നു ഞാൻ ഭയന്നു. എന്റെ ചിറകുകൾ കരുത്തുറ്റതായിരുന്നു. നിറമുള്ളതും മിനുസമുള്ളതുമായിരുന്നു. ഒരു തൂവലുപോലും കൊഴിഞ്ഞില്ല, ഞാൻ വീണ്ടും പറന്നു ആകാശ നീലിമയിൽ തുഷാര ബിന്ദുക്കളായി എന്റെ തൂലികയിൽ വാക്കുകൾ വീണ്ടും പിറന്നു. ————- ജമിനി കെ രാജ്
കവിത : തുടക്കം ചിരിച്ചു നിൽക്കുന്ന പുലരിപ്പെണ്ണിനെ കണ്ടു ഞാനിന്നിന്റെ തുടക്കം കുറിച്ചു. അന്തിച്ചോപ്പിന്റെ ചന്തം കണ്ടു ഞാനിന്നിന്റെ അന്ത്യം കുറിച്ചു. നാളെയുടെ പ്രതീക്ഷയോടെ ഞാനുറങ്ങാൻ കിടന്നു നിശയുടെ കൈകൾ മെല്ലെ തഴുകി എന്നോട് മന്ത്രിച്ചു, ഇന്നിന്റെ തുടക്കം നന്നായി. ചിന്തേരിട്ട ചിന്തകളെന്നെ തൊട്ടും തലോടി കടന്നുപോയി നേർത്ത നൂലിഴകളാൽ ജീവിതം തുന്നുമ്പോൾ നാളെയുടെ പ്രതീക്ഷ- യാണിന്നിന്റെ തുടക്കം. ———- ജമിനി കെ രാജ്
തീരാനോവിൻ ഭാണ്ഡവും പേറി നിരത്തിലൂടെ ഞാനേകയായ് നടന്നിടുമ്പോൾ ദൂരെ ചക്രവാളം ചുമന്നു, കാക്കകൾ കൂട്ടമായി പറന്നു ആരും കേൾക്കാത്ത ശബ്ദമായ് ഞാനാരും കാണാത്ത രൂപമായ് നാടും നഗരിയും ചുറ്റി കാല്പനികതയുടെ ഓരം ചേർന്നങ്ങനെ ഞാൻ നിൽക്കുമ്പോൾ കാലത്തിൻ പഴക്കം നിഴലിക്കുമെന്നുടെ നിഴൽ കണ്ടുഞാൻ ഭയന്നു വിറച്ചുപോയ് കൂരിരുൾ മൂടുന്ന അന്തിക്കാറ്റാഞ്ഞു വീശിയതും ഏകാന്ത പാതയിൽ ഏകാകിയായി പതറി ഞാൻ നിന്നതും കാലത്തിൻ കണ്ണീരുണങ്ങിയ ഓർമ്മപ്പാടിലൂടെ ഞാൻ നടന്നകന്നതും കൂടെയുണ്ടാവുമെന്ന് ചൊല്ലീട്ടു കാതങ്ങളൊറ്റക്കു ഞാൻ താണ്ടിയതും ദൂരെ ഞാൻ കണ്ട കിനാവുകൾ ഇന്നെന്റെ ചാരത്തു നിൽക്കുമ്പോൾ എന്റെ തീരാനോവിൻ ഭാണ്ഡമിന്നിവിടെ ഞാനിറക്കി വച്ചോട്ടെ അല്പനേരത്തെക്കായി… ———– ജമിനി കെ രാജ്
ഇന്നെന്റെ ഓർമ്മകൾക്കിത്തിരി ചന്തം കൂട്ടി നീ. നമ്മുടെ പ്രണയവും നമ്മൾ കണ്ട കിനാക്കളും എന്റെ കാതിൽ നീ മന്ത്രിച്ച മൃദു മന്ത്രണങ്ങളും പാടിത്തീർക്കാത്തൊരാ- പാട്ടിന്റെ മൂളലും ഇന്നെന്റെ സ്വപ്നത്തി- നിത്തിരി ചന്തം കൂട്ടി നീ . നിന്നധരങ്ങൾ എന്നോട് വിടചൊല്ലുമ്പോൾ നിന്നുടെ മിഴികളിലൂടടർന്നു വീണൊ- രശ്രുകണങ്ങളിലൊന്നെന്റെ കവിതയിൽ വന്നു പിടഞ്ഞതും ആർത്ത നാദമായി, മഴച്ചാറ്റലായി, വേഷപ്പകർച്ചകളാടി നീ വന്നതും നിൻ കരങ്ങളിലെന്നെ ചേർത്തണച്ചതും എല്ലാമൊരോർമ്മയായി, ജല കണികയായി, ചിതറിടുമ്പോൾ ഇന്നെന്തു ചന്തമെൻ പ്രിയതേ നിനക്ക്… ജമിനി കെ രാജ്
