ഞാൻ മരണത്തെ ഭയക്കുന്നു അവൾ തനിച്ചാകും എന്ന തോന്നലുകൊണ്ട് അച്ഛനവൾക്ക് തണലാകുമെന്നറിയാം പക്ഷെ, ഇരുളിൽ തഴുകിയുറക്കാൻ പുലരിയിൽ തലോടിയുണർത്താൻ എന്റെയീ കൈകൾ വേണമവൾക്ക്.. അവളുറങ്ങാത്ത രാവുകളിൽ കൺചിമ്മാതിരിക്കാൻ ഞാൻ വേണമവൾക്ക് അവളുടെ കണ്ണുകളിൽ നനവ് പടരുമ്പോൾ ഉമ്മകൾ കൊണ്ടതുനുകരാൻ എന്നധരങ്ങൾ വേണമവൾക്ക് അവളാണെന്റെ പ്രകാശം അവളെന്റെ പ്രിയ സുഹൃത്ത് എനിക്കു കിട്ടിയ സ്നേഹ സമ്മാനം.. -ജെമിനി കെ രാജ് –
Author: Geminikraj
ഇംഗ്ലീഷും മലയാളവും ച്ചേർന്നങ്ങ് മംഗ്ലീഷായി മലയാളിയുടെ മാത്രം ഇംഗ്ലീഷായി പോസ്റ്റിയത് ട്രോളുകളായി പിന്നീട് സീനായി പിന്നത് ഡാർക്കായി അവസാനം പ്ലിങ്ങായി. ജെമിനി കെ രാജ്
സ്വപ്‌നങ്ങൾ ചിന്തകളാക്കി നിഴലും വെളിച്ചവും സമരേഖയാക്കി തീക്ഷണ വികാരങ്ങളുടെ യാത്ര.. പ്രണയവും വിരഹവും കലഹങ്ങളും പൊട്ടിച്ചിരികളും ആസ്വാദ്യകരമാകുന്ന വേളകൾ പുത്തെൻ കൂടൊരുക്കി ജീവിത താളങ്ങളറിയുന്ന കാലം.. ജമിനി കെ രാജ്
എന്റെ അമ്മ പുസ്തകങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. ഞങ്ങളെ ഒത്തിരി കവിതകൾ പാടി കേൾപ്പിക്കുകയും ഇടവേളകളിൽ അക്ഷരശ്ലോകം തുടങ്ങി അമ്മ പഠിച്ച പല കാര്യങ്ങളും മക്കളിലേക്ക് പകരുകയും ചെയ്തതുകൊണ്ട് വായനയുടെ ലോകത്തേക്ക് ഞാനും ചെറുതായി കടന്നു ചെന്നു. ബാലരമ, പൂമ്പാറ്റ, ബോബനും മോളിയും തുടങ്ങി ചിത്രകഥകളും അമർ ചിത്രകഥകളും… വലുതായപ്പോൾ മലയാള മനോരമ, മംഗളം തുടങ്ങിയ മാമാഗസിനുകൾ അങ്ങനങ്ങനെ… ഞാനറിയാതെ തന്നെ കുറെ കവിതകൾ മനസിൽ പതിഞ്ഞിരുന്നു. കേരളത്തിലെ നദികളെക്കുറിച്ചും രാജാഭരണത്തെക്കുറിച്ചുമുള്ള കവിതകൾ, സിസ്റ്റർ മേരി ബനിഞ്ജയുടെ കവിതകൾ, ചങ്ങമ്പുഴ കവിതകൾ, ഇടപ്പള്ളി കവിതകൾ അങ്ങനെ ഒത്തിരി ഒത്തിരി കവിതകളും കഥകളും ചരിത്രങ്ങളും കിട്ടുന്ന സമയങ്ങളിൽ അമ്മ തന്ന ധനമാണ്. സത്യത്തിൽ ഇന്നീ തലവാചകം കണ്ടപ്പോഴാണ് ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചതും – എനിക്ക് എഴുതാൻ ഒരു പ്രചോദനം കിട്ടിയിട്ടുണ്ടെങ്കിൽ അത് എന്റെ അമ്മയിൽ നിന്നു തന്നെയാണന്നുള്ള വസ്തുത.. അമ്മക്ക് ഒരായിരം പ്രണാമം…ഇരുളടഞ്ഞ വീഥികളിൽ ഇടറാത്ത പാദങ്ങളോടെ ശൂന്യതയിൽ നിന്നും പെറുക്കിയെടുത്ത കല്ലുകൾക്കൊണ്ടൊരു വീടൊരുക്കി…
ആദ്യം അപരിചിതർ രണ്ടു വീട്ടിൽ താമസം പിന്നെ പരിചിതർ ഒരു വീട്ടിൽ താമസം ഭാര്യയും ഭർത്താവുമായിട്ടങ്ങനെ ഒന്നിച്ചുള്ള യാത്രയിൽ ഭിന്ന ചിന്തകൾ ഭിന്നാഭിപ്രായങ്ങൾ സ്നേഹത്താലൊന്നാക്കി ഇഷ്ടങ്ങളും സ്വപ്‌നങ്ങളും കൂടുതൽ വർണ്ണാഭമാക്കി ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരായി അച്ഛനായി അമ്മയായി നിറം മങ്ങാത്ത ക്യാൻവാസിൽ തെളിമയുടെ ചിത്രം വരച്ച് പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞകറ്റി സുഖവും ദുഃഖവും ഒന്നിച്ചനുഭവിച്ചങ്ങനെയീ ഉല്ലാസ മാട്രിമോണി യാത്ര തുടരുന്നു.. ❤️ ജെമിനി കെ രാജ്
ചിലരിൽ അനുഭവത്തിന്റെ തീക്ഷണാക്ഷരങ്ങൾ പ്രവാസം പട്ടിണിയും വേദനയും ലയിച്ച കണ്ണീരുപ്പിൽ ഇരുളും വെളിച്ചവും വന്നുപോകുമ്പോൾ പൊള്ളുന്ന മണലിൽ പൊള്ളുന്ന മനസ്സുമായി ചോർന്നു പോകാതെ ജീവിതം ചേർത്തുപിടിക്കാൻ പ്രാണൻ കൊതിക്കുന്ന പ്രവാസം പല ഭാഷകൾ പല ദേശക്കാർ അപരിചിത മുഖങ്ങൾ ഏകാന്തതയുടെ കടലിനപ്പുറം കാണുന്ന ദേശാന്തരം ഒരു പിടി സ്വപ്നങ്ങളും അതിലേറെ വ്യഥകളും നെഞ്ചോടു ചേർത്ത ചില പ്രവാസ ജീവിതങ്ങൾ. -ജെമിനി കെ രാജ് –
സാന്ദ്രമാം സന്ധ്യയിൽ നിൻ നേത്രങ്ങളിൽ നിന്നടർന്നുവീണ കണ്ണുനീർത്തുള്ളികൾ അന്ത:പ്പുരത്തിന്നിടനാഴികളിൽ തളം കെട്ടിനിന്ന മൗനത്തിൽ ഒളിപ്പിച്ചുവോ ഊർമിളേ നീ വിരഹാഗ്നിയിൽ എരിഞ്ഞ പതിനാലു വർഷം ഉള്ളിലെ ഘനം തൂങ്ങും മേഘത്തുണ്ടുകൾ മഴച്ചാറ്റലായ് പെയ്തിറങ്ങിയോ പരിഭവം പറയാത്ത ത്രേതായുഗത്തിൻ ദുഃഖപുത്രി, ഊർമിളേ നിന്റെ ഞെട്ടറ്റു വീണ സ്വപ്‌നങ്ങൾ മൗനത്തിൻ നിഴലായ് മാറിയ സത്യങ്ങളൊരു കനലായ് തിളങ്ങുമ്പോൾ പരിത്യാഗിയായി നീ സഹനത്തിൻ കെടാവിളക്കായ് മാനവഹൃത്തിൽ തീരാനോവായ് നീ ഊർമിളേ എന്നും.. ജെമിനി കെ രാജ്
സത്യത്തിന്റെ കണ്ണുകൾ മരവിച്ചിരിക്കുന്നു നുണകൾ പൊട്ടിച്ചിരിക്കുന്നു. മേഘത്തുണ്ടുകളിൽ നിന്നടർന്നു വീണ ജലകണികക്കിന്നു ചോരയുടെ നിറം കണ്ടു കനവല്ലിതു പിടയുന്ന വേദനകൾ മാത്രം പല ജീവനുകൾ, പല വേഷങ്ങൾ.. പാതി നടന്ന കാൽപ്പാദങ്ങൾ.. പേടിച്ചരണ്ട മിഴികൾ, സഞ്ചാര വീഥികളിൽ മറഞ്ഞിരിക്കുന്ന കപടത മരണം തെറ്റിച്ച ജീവന്റെ ചൂട് പതറിടുമ്പോൾ നീതിയിൻ ശ്വാസം കിട്ടാതെയലയുന്ന ജീവന്റെ രോദനം കേട്ടുവോ നിങ്ങൾ..? മാനാഭിമാനങ്ങൾക്ക് മീതെ നുര പൊന്തുന്ന ജീർണ്ണത ബാധിച്ച കാലം. പിടയുന്ന ജീവൻ, വീശുന്ന കാറ്റിൽ അലിയുന്ന ഗന്ധം പേറ്റുന്നോവിൻ കണ്ണീർ കാണാത്തവർ, അനാഥമാക്കിയ ബാല്യങ്ങളുടെ നിലവിളി കേൾക്കാത്തവർ നിഷ്പ്രഭമാക്കിയ കുഞ്ഞിളം പുഞ്ചിരികൾ കാണാത്തവർ പ്രണയിനിയുടെ പ്രണയം തകർത്തെറിഞ്ഞവർ വരൾച്ച ബാധിച്ച ഹൃദയശൂന്യർ അങ്ങോട്ടുമിങ്ങോട്ടും പഴി പറഞ്ഞും കലപില കൂട്ടിയും പ്രതികാര വാളുകൾ മിനുക്കി ഊറ്റം കൊള്ളുന്നവർ ആളിപടരുന്ന കോപാഗ്നിയിൽ വെന്തു ചാവുന്നോർ ദുരിതക്കയത്തിൽ മുങ്ങിത്താഴുന്നോർ എന്റെയും നിന്റെയും ജീവൻ പേറ്റുനോവിൽ ഉയിർകൊണ്ടതെന്ന സത്യം മറന്നവർ.. തിരികെ വരൂ സ്നേഹത്തിൻ ജനിമൃതികൾക്കായി. —————— ജെമിനി…
ഇന്നലത്തെ സങ്കടങ്ങളെ മറന്നുകൊണ്ടിന്നത്തെ സന്തോഷങ്ങളെ ചേർത്തുപിടിക്കാം.. സ്വപ്‌നങ്ങൾ കാണാം പുത്തെൻ പ്രതീക്ഷയോടെ.. നാളെയുടെ പുലരികൾ നല്ല ഓർമ്മകൾ സമ്മാനിക്കട്ടെ കലുഷിത മനസ്സുകൾ തെളിനീർ പതച്ചു ശാന്തമായ് ഒഴുകട്ടെ… ———– ജെമിനി കെ രാജ്
എന്നുടെ തെറ്റുകളോട് വിട പറയുന്നു ഞാൻ കാലത്തിൻ ഇരുണ്ട കോലായിൽ നിർന്നിമേഷയായി ഞാൻ നിൽക്കുമ്പോൾ, നിന്റെ ചിന്തകൾ ജീർണിച്ചവയെന്നു കരുതി ഞാനെതിർത്തതും എന്നുടെ സ്വാർത്ഥ ചിന്തകൾ കൊണ്ടൊരു കൂടാരം കെട്ടാനൊരുങ്ങിയതും നീ പറഞ്ഞ തിരുത്തലുകൾ ചേർക്കാതിരുന്നതും എന്നുടെ തെറ്റായിരുന്നു.. ഉള്ളിലെ തേങ്ങലുകൾ ശ്വാസം കിട്ടാതെയലഞ്ഞപ്പോഴും എന്നിലെ ഞാനില്ലാതാവുമെന്ന് ഭയന്നപ്പോഴും കൊച്ചു കൊച്ചു കള്ളങ്ങൾ കൊണ്ടു നിന്നെ കൊതിപ്പിച്ചതും, മനസ്സിലെ മായാത്ത ചിത്രങ്ങൾ മാറാല കെട്ടാൻ തുടങ്ങിയ- തൊളിപ്പിച്ചതും കടമിഴി കോണിലെ വെള്ളത്തുള്ളികൾ മിഴിനീരല്ലെന്നു നിന്നോടു കള്ളം പറഞ്ഞതും എന്നുടെ തെറ്റായിരുന്നു. ഞാനൊറ്റക്ക് ഉണർന്നിരിക്കുന്ന ഇരുണ്ട യാമങ്ങളിൽ ദിനങ്ങളോരോന്നായി വിടചൊല്ലി പടിയിറങ്ങുന്ന നേരം കൂടോഴിഞ്ഞ കിനാക്കളിൽ തിരികെ എത്താൻ കൊതിപ്പൂ ഞാൻ.. കണ്ണീർക്കഥ പറഞ്ഞ രാത്രികളോട് വിട പറയുന്നു ഞാൻ.. എന്നുടെ തെറ്റുകളോട് വിട പറയുന്നു ഞാൻ.. ——- ജമിനി കെ രാജ്
