അകത്ത് മഴയുള്ള ആരോ വെയിലിനെ ഗർഭത്തിൽ ചുമന്നു പ്രസവിച്ചതെത്രെ കണ്ണീർ മണികൾ!
Author: സിന്ധു ഭാരതി
തമ്മിൽ ഒട്ടിപ്പോയ രണ്ടു പ്രാണൻ്റെ ഇതളുകൾ നിനയ്ക്കാതെ വന്നൊരു കാറ്റിൽ തട്ടി കീറവേ കടലാസു പൂക്കളായി…
കണ്ണുകളെഴുതാറില്ലെങ്കിലും കൺതടങ്ങളെഴുതാറുണ്ടവളിൽ സ്നേഹനിരാസങ്ങളുടെ നിരാലംബങ്ങളുടെ കറുകറുത്ത മഷിപ്പാടുകളെ.. കവിത തീർന്നനേകമക്ഷരങ്ങളെ..
പുറമെ കാണുന്നവരറിയുന്നുണ്ടോ അടയേറ്റ ചൂടും തിളയും വേവും… ആ തവിട്ടു നിറം, സഹിച്ചു സഹിച്ചു പരുവം വന്ന തഴമ്പുകളെന്ന്.. മധുരതരമാകേണ്ടിടത്ത് അടിച്ചു വേവിച്ച് പായസമാക്കുന്ന പ്രഥമൻമാർ!
അവരുടെ ഗാലറിയിൽ പട്ടിണി ‘ഗ’ പോലെ ചുളുക്കിയ കുഞ്ഞു നട്ടെല്ലുകളില്ല. പലായനങ്ങൾ കയറ്റിറക്കങ്ങൾ ഏകി ‘സ’ പോലെ കൂട്ടിക്കെട്ടിയ ഭാണ്ഡങ്ങളില്ല. അവർ ലോകനേതാക്കൾ ഫോട്ടോഗ്രാഫർമാർ, ഉദയങ്ങൾ പരന്ന സ്വന്തമാകശങ്ങളെ പിന്നേയും പിന്നേയും പ്രഭയേറും ഫ്രെയിമുകളാക്കുന്ന തിരക്കിലെത്രെ!
പരിഗണനയുടെ ഉപ്പ് ഒരുപോലെ കൃത്യമായ് ഇട്ട് പാകപ്പെടുത്തി നല്കിയാൽ എനിക്കിത് വേണ്ടെന്നും പറഞ്ഞ് കുടുംബത്തെ നീക്കിവച്ച് ആരും എഴുന്നേറ്റ് വീട് വിട്ട് പോകില്ല.
ആരാണ് ആദിവാസി ? നിർമ്മല ടീച്ചർ ചോദിച്ചു. അട്ടപ്പാടി, മധു. പത്താം ക്ലാസുകാരൻ അമൽ കൃഷ്ണ പറഞ്ഞു. വെരിഗുഡ്! ടീച്ചർ അഭിനന്ദിച്ചു. ശേഷം കൂട്ടബെല്ലു കേട്ട് ടീച്ചറും കുട്ടികളും വീട്ടിലേക്ക് പോയി! വേരുകൾ കാട്ടിലും ഊരുകൾ നാട്ടിലുമായി ഒരു പുഴ മാത്രം ഒഴുകി.
അവർ നിങ്ങളെ ചതച്ച് ചുമന്ന പൾപ്പാക്കിയേക്കാം പച്ചയായ് മുറിച്ച് വെളുക്കെ തൊലിയുരിഞ്ഞ് കുഴിച്ചു മൂടിയേക്കാം. വിത്താവുക നിങ്ങൾ, കറുത്തു പോയെന്നാലും. ഒരു നിങ്ങൾ പൊട്ടിമുളച്ച് ഉള്ളിലെ കൊച്ചുദേശത്തിൻ്റെ ദേശീയചിഹ്നമാകുന്നതു കാണാം.
എന്നും ഗ്രഹ്യമായിരുന്നൊരാ ഗ്രന്ഥം അന്നൊരു നാളിലെന്നിലെ പെങ്ങളിലൊരു പാഠം പരിഭാഷ തെറ്റിച്ചു വരച്ചു! ഇന്ന്, തെളിയാത്ത ബന്ധത്തിൻ ചിത്രമായ് ആ ഗ്രന്ഥം..!
