വീടാകെ അടിച്ചുവാരി തുടച്ചിട്ടു. ബെഡ്ഷീറ്റ്, കർട്ടൻ എല്ലാം മാറ്റി, ഊദുപുകച്ച് ശ്വാസമൊന്ന് ഉള്ളിലേക്കെടുത്തു. നല്ല ഗന്ധം! എനിക്കിതിൻ്റെ മണം നല്ല ഇഷ്ട്ടാ, പക്ഷേ, അവനു പിടിക്കില്ല. തലവേദന വരുംപോലും. രണ്ട് റൂമും ഒരു ഡൈനിങ് ഹാളും കിച്ചനുമടങ്ങുന്ന ഈ ഫ്ലാറ്റാണെന്റെ സാമ്രാജ്യം. ഇവിടുത്തെ റാണിയും തോഴിയുമെല്ലാം ഞാൻതന്നെ. ഇടയ്ക്കു വന്നുപോകുന്ന അവനൊഴിച്ച് ആരുംതന്നെ എന്നെ ശല്യംചെയ്യാൻ ഇങ്ങോട്ടു വരാറില്ല. അല്ല ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ മൂഡ്പോലെയാണ് ഇവിടുത്തെ സാധനങ്ങളുടെ കിടപ്പ്. ഒരു ആഴ്ച കട്ടിൽ ചുമരിനോടു ചേർന്നാണെങ്കിൽ നെക്സ്റ്റ് വീക്ക് റൂമിന്റെ ഒത്ത നടുക്കായിരിക്കും. ശരീരം നന്നായി സോപ്പിട്ടുരച്ചു, ഷാമ്പൂപതപ്പിച്ച് കുറച്ചുനേരം മുടിയിൽ പിടിപ്പിച്ചു. ലാസ്റ്റ് കുളിയല്ലേ, ഒന്നിനും ഒരു കുറവ് വരരുത്. കിച്ചണിൽ കയറി നല്ലൊരു ചായയിട്ടു. കടുപ്പവും മധുരവും പാലുമെല്ലാം ഇത്തിരി കൂടുതൽ വേണമവന്. അവനെ ഓർത്ത് ചായക്കപ്പും ഒരു കൂട് ബിസ്കറ്റ്മായി ബാൽക്കണിയിലേക്കു നടന്നു. ടീപ്പോയിൽ കാല് കയറ്റിവെച്ച് നനഞ്ഞമുടി വിരിച്ചിട്ട് ബീൻബാഗിൽ ഇരുന്നു. എന്നെ…
Author: sabira latheefi
ആകാശത്തിന് തീ പിടിച്ച പോലെയുള്ള ചുവന്ന സന്ധ്യക്കാണവൾ കയറിവന്നത്. അവൾ എന്റെ ഒരേയൊരു പെങ്ങൾ ശാന്തി. പേരിലെങ്കിലും ശാന്തി കിടക്കട്ടെ എന്ന് കരുതി അച്ഛനറിഞ്ഞിട്ട പേരാണവൾക്കെന്നു എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. എന്റെ പെങ്ങളാണന്നെ ഉള്ളു കൈയിലിരിപ്പ് പറ്റെ മോശമാണ്. ഇന്നെന്തും കൊണ്ടാണാവോ വന്നിട്ടുള്ളത്. കഴിഞ്ഞ തവണ അവൾ വന്നു പോയതിന്റെ പുകില് തീർന്നത് ഒരാഴ്ച മുമ്പാണ്. പെങ്ങളല്ലേ ഇനി വിശേഷം ചോദിച്ചില്ലേൽ അതിന്റെ പഴിയും എന്റെ പെണ്ണിന് കിട്ടും. ഞാനവളെ തങ്കം എന്ന് വിളിക്കുന്നത് കേൾക്കുമ്പോളേ ശാന്തിക്ക് കലി കയറും. ആ മോന്ത നോക്കി എങ്ങനെ എന്റെ തങ്കം എന്നൊക്കെ വിളിക്കാൻ തോന്നുന്നു എന്ന് പറഞ്ഞവളെന്നെ കളിയാക്കും. തങ്കമണി എന്ന പേര് ചുരുക്കി വിളിക്കുകയാണെന്നൊക്കെ അവൾക്കറിയാം. എന്നാലും എന്തെങ്കിലും പറഞ്ഞു അവൾക്കു പ്രശ്നമുണ്ടാക്കണം. വിശേഷം ചോദിക്കാൻ നാവു തരിക്കുമ്പോൾ മനസ് ഇതൊക്കെ മുന്നിലിടും. എന്തായാലും ഇന്ന് എന്തോ കൂടിയ പ്രശ്നവുമായിട്ടാണ് വന്നതെന്ന് തോന്നുന്നു. മുഖമൊക്കെ ചുവന്നു ചുവന്നു ഒരു പരുവമായിട്ടുണ്ട്. കണ്ണീരുണങ്ങിയ…
എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തെളിച്ചത് എന്റുപ്പയാണ്, ഞാൻ കണ്ടതിൽ ഏറ്റവും വലിയ പുസ്തകപുഴു. മൂന്നാം ക്ലാസ്സിലേക്ക് പാസായിട്ടും മലയാള അക്ഷരമാല തെറ്റാതെ വായിക്കാനോ തെറ്റില്ലാതെ എഴുതാനോ എനിക്കറിയുമായിരുന്നില്ല. ഇന്നത്തെ പോലെ അല്ല. കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുക എന്നല്ലാതെ പഠിത്തകാര്യത്തിൽ വീട്ടുകാർക്ക് വലിയ ഉത്തരവാദിത്തം അന്നുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ചുറ്റുമുള്ള കുട്ടികളൊക്കെ അങ്ങനെ തന്നെ. വീട്ടിൽ വെച്ച് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നതോ, പഠനകാര്യത്തിൽ ശ്രദ്ധിക്കുന്നതൊന്നും എന്റെയോർമയിലില്ല.ഒട്ട് മിക്ക ഗൃഹനാഥന്മാരും ഗൾഫിലും ആയിരിക്കും. അവരൊക്കെ വരിക രണ്ടും മൂന്നും വർഷം കൂടുമ്പോളും. പക്ഷെ ഉപ്പ പത്തുമാസം കൂടുമ്പോൾ വരും.പലർക്കും അത് വലിയ അത്ഭുതവും ആയിരുന്നു. വിഷയത്തിൽ നിന്നും വ്യതിചലിച്ചുപോയല്ലോ.. അങ്ങനെ ഒരിക്കൽ നാട്ടിൽ വന്ന സമയത്താണ് എനിക്ക് അക്ഷരം വായിക്കാനറിയില്ല എന്ന സത്യം ഉപ്പ ഉൾക്കൊണ്ടത്, പിന്നെ ഒന്നാം ക്ലാസ്സിലെ കേരള പാഠാവലി വാങ്ങി എന്നെ എഴുത്തിനിരുത്തി. ഒരു മാസം കൊണ്ട് ഉപ്പാന്റെ ട്യൂഷൻ ഫലിച്ചു. ഉപ്പ പോകുമ്പോൾ കുറെ ബാലപ്രസിദ്ധികരണങ്ങൾ…
പെണ്ണിനെ പേറ്റുയന്ത്രവും പോറ്റുയന്ത്രവും മാത്രമായി പരിഗണിച്ചിരുന്ന കാലങ്ങൾ പിന്നിട്ട് സ്ത്രീപുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്ന, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന, ഉന്നത കലാലയങ്ങളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ അഡ്മിഷൻ നേടുന്ന ഇക്കാലത്ത്, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീക്ക് നേരേ ലൈംഗികചൂഷണങ്ങളടക്കം സംഭവിക്കുന്നുവെന്നത് പുരോഗമന സമൂഹത്തിന് ഏറെ നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണെന്നു പറയാതെ വയ്യാ. മൂന്നാഴ്ച്ച മുമ്പാണ് കൊൽക്കത്തയിൽ ഒരു ലേഡീഡോക്ടർ തന്റെ തൊഴിലിടത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയായി മരണപെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആ ഡോക്ടർ എന്തുമാത്രം പീഡനം സഹിച്ചാണ് കൊല്ലപ്പെട്ടത് എന്നു വ്യക്തമാക്കുന്നു. അതാണെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ബലാൽസംഗമല്ല, അവസാനത്തേതാവാൻ യാതൊരു സാധ്യതയുമില്ല. തൊഴിലിടങ്ങളിലും, കലാലയങ്ങളിലും, സ്കൂളിലും ബസിലും ട്രെയിനിലും എന്നു വേണ്ടാ സ്വന്തം വീട്ടിൽപോലും ലൈംഗികമായി ആക്രമിക്കപെട്ട നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഏറ്റവും ഒടുവിലായി ഒരു കോടി ആറു ലക്ഷം രൂപ ചിലവഴിച്ച്, നാലര വർഷംമുമ്പ് തയ്യാറാക്കിയ എന്നാൽ ഈ കഴിഞ്ഞ ആഴ്ച മാത്രം വെളിച്ചം കണ്ട ഹേമാകമ്മിറ്റി റിപ്പോർട്ട് കേരളീയ പൊതുസമൂഹത്തെ…
വെളുത്ത പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ ആകാശ ലോകത്തേക്ക് ചേക്കേറാൻ കൊതിക്കുകയായിരുന്നു എന്റെ ആത്മാവ്. വയ്യ കഴിവിന്റെ പരമാവധി ഈ ശരീരത്തിൽ പിടിച്ചു നിൽക്കാൻ നോക്കി.. ഇനിയും പറ്റുമെന്നു തോന്നുന്നില്ല. സ്റ്റം സെൽ ട്രാൻസ്‌പ്ലൻഷനു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതാണ് ഞാൻ. അഡ്മിറ്റ് ആയ പിറ്റേന്ന് രാവിലെ ഹിക് മാൻ ട്യൂബ് ഇട്ടു (It is a narrow tube that is put into a vein in the chest).4ലൈൻ ഉണ്ടായിരുന്നു. ഒന്ന് ബ്ലഡ് കളക്ട് ചെയ്യാനും, മറ്റൊന്ന് ആവശ്യമുള്ള സമയത്ത് ബ്ലഡ്, പ്ലേറ്റ് ലെറ്റസ് കയറ്റാനും, മൂന്നാമത്തേത് ആന്റിബയോട്ടിക് &കിമോ മെഡിസിനും, പിന്നെ ഉള്ളത് ഗ്ളൂക്കോസ് കയറ്റാനും. സ്റ്റം സെൽ ട്രാൻസ്‌പ്ലന്റേഷൻ എന്ന് പറയുന്നത് ശരീരം കീറി എന്തെങ്കിലും ഒഴിവാക്കുകയോ തുന്നി ചേർക്കുകയോ ചെയ്യുന്ന സർജറി അല്ല, മറിച്ച് അതി ശക്തമായ കിമോ മെഡിസിൻ തന്നു ശരീരത്തെ തളർത്തിയ ശേഷം നമ്മുടെ ശരീരത്തിലേക്കു മൂലകോശങ്ങൾ ബ്ലഡ് കയറ്റും…
“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല ദാരിദ്ര്യം കൊണ്ട് ജീവിതം വഴി മുട്ടി പോയ കുടുംബത്തെ കരക്കെത്തിക്കാൻ നടത്തിയ പെൺപ്രവാസത്തിന്റെ നേർസാക്ഷ്യം . പണ്ട് പണ്ട് പായ്കപ്പലിലും മറ്റുമായി നടത്തിയ ആൺപ്രവാസത്തിന്റെ കഥകൾ നാം ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ അന്നത്തെ പെൺപ്രവാസത്തെ കുറിച്ച് എവിടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ? അനുഗ്രഹീത എഴുത്തുകാരനായ ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ, ആടുജീവിതം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം മുല്ലപ്പൂ മണമുള്ള പകലുകൾ ഇതൊക്കെ വളരെ അധികം ത്രില്ലടിച്ചു വായിച്ച പുസ്തകങ്ങളാണ്. അതുപോലൊരു കഥയായിരിക്കും ഇതും എന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്. അത്രത്തോളം നമ്മെ ആകാംക്ഷഭരിതരാക്കുന്നില്ലെങ്കിലും ഇതും നല്ലൊരു വായനാനുഭവമാണ് നൽകിയത്. കേരളത്തിലെ ആദ്യകാല പെൺ പ്രവാസത്തിന്റെ അടരുകൾ തേടി ഞാനും നടക്കുകയായിരുന്നു മനു മാപ്പിളയുടെ കൂടെ, ജാനകിയുടെ കൂടെ, രാജേഷേട്ടന്റെ കൂടെ. ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് കുടുംബത്തിനു വേണ്ടി…
പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ ഇവരൊക്കെ കണ്ണ് തുറക്കു. പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോ ഇതിവിടെ അല്ല. പഞ്ചായത്ത് ആണ് ഇതിനു ലൈസൻസ് കൊടുക്കുന്നത്, ലൈസൻസ് റദ്ദാക്കാനുംആക്ഷൻ എടുക്കാനും അവർക്കാണ് അധികാരം എന്ന് പറഞ്ഞു മടക്കി. പഞ്ചായത്തിലേക്ക് ഇപ്പൊ മൂന്നാമത്തെ തവണയാണ് വരുന്നത്. ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുക എന്നല്ലാണ്ട് അവിടം വരെ ഒന്ന് വെന്ന് നോക്കാൻ കൂടി ഇവർക്കായിട്ടില്ല. പണമില്ലാത്തവൻ പിണം എന്ന ചൊല്ലവളോർത്തു. മഴ പൊടി പൊടിയായി പെയ്യുന്നുണ്ട്. നേർത്ത മഴയിൽ ഇങ്ങനെ നടക്കൽ ഒരു ശീലമായിരുന്നു പണ്ടൊക്കെ. തുള്ളി തുള്ളി പെയ്യുന്ന മഴത്തുള്ളിക്കിലുക്കത്തിൽ ചെറുതായി ഡാൻസ് ചെയ്തു അനിയനോടൊപ്പം ആടിത്തിമർത്ത നാളുകൾ ഓർത്തപ്പോൾ അവളിലൊരു ചിരിയുണർന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കി റോഡിൽ മഴക്കുഴികൾ ഒരുക്കിയിട്ടുണ്ട്. വെള്ളം നിറഞ്ഞത് കൊണ്ടു കുഴിയുടെ ആഴവും…
മോർച്ചറിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ് ചരട് പൊട്ടിയ പട്ടം പോലെ ഒരിടത്തും തങ്ങി നിൽക്കാതെ പാറി നടക്കുകയായിരുന്നു.മനസിന്റെ ഒരു ഭാഗം അവളെ കുറ്റപ്പെടുത്താൻ നോക്കുമ്പോ മറുഭാഗം വാശിയോടെ അവളെ ചേർത്തു നിർത്തി. ഇല്ല ആര് വിശ്വസിച്ചാലും അവൾ അങ്ങനെയല്ല എന്റെ മീരയെ എനിക്കറിയാം. മോർച്ചറിക്ക് പുറത്തു നല്ലൊരു ആൾക്കൂട്ടമുണ്ട്.അവന്റെയും ആളുകൾ ഉണ്ടാവുമായിരിക്കും കൂട്ടത്തിൽ. ബോഡി വിട്ടു കിട്ടാൻ ഇനിയും സമയമെടുക്കും. കണ്ണടച്ചിരുന്നു.എന്തായിരിക്കും ഇന്നലെ രാത്രി സംഭവിച്ചത്? തന്നെ സ്റ്റേഷനിലാക്കി അവൾ അങ്ങോട്ട് എന്തിനു പോയി? ആരാണവൻ?ആരോട് ചോദിക്കാൻ? എല്ലാം പറയേണ്ടവർ മണ്ണിലേക്ക് മടങ്ങാൻ ഒരുങ്ങി നിൽക്കുന്നു.ആൺ സുഹൃത്തിനോടൊപ്പം നൈറ്റ് ഡ്രൈവിന് പോയ യുവതിയും യുവാവും ആക്‌സിഡന്റിൽ മരണപെട്ടു എന്ന വാർത്ത വായിക്കും വരെ ഞാനും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ .ഓൺലൈൻ മീഡിയകൾ ആഘോഷിച്ച വാർത്തയിലെ അടിയിൽ വന്ന കമെന്റുകൾ.. ഒരു ഓക്കാനം വെളിയിലേക്ക് ചാടി, ഞാൻ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു.ആരുടെയോ കരണം പുകയ്ക്കുന്ന ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്. അടികൊണ്ടവനെ വലിച്ചു രണ്ടാളുകൾ പുറത്തേക്കു…
ഒന്ന് കോഴിക്കോട് പോയി വരുമ്പോഴേക്കും ബൈപാസ് റോഡരികിൽ മൂന്നോ നാലോ ഇടങ്ങളിലെങ്കിലും അറേബ്യൻ ഗ്രേപ്പ് ബോൾ ജ്യൂസ് എന്നെഴുതി വെച്ച കുഞ്ഞു പെട്ടിക്കടയും അതിനു മേലെ ഒരു കുടയും കാണാം. വഴിയരികിൽ ആദ്യമേ റെഡി ആക്കി വെക്കുന്ന ജ്യൂസ് കുടിക്കാൻ തെല്ലു പേടി ഉള്ളത് കൊണ്ടു ഇത് വരെ അതിനു ശ്രമിച്ചിട്ടില്ല. സ്വന്തമായി ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ആദ്യ ശ്രമം പരാജയമായിപ്പോയി. കുടിക്കാൻ പറ്റാതെയല്ല അതിന്റെ ഒരു ടേസ്റ്റിലേക്ക് എത്തിയില്ല. ഇപ്പൊ ഇടയ്ക്കിടെ മുന്തിരി വാങ്ങി ഉണ്ടാക്കി സൂക്ഷിച്ചു വെക്കുന്നു. രണ്ടാഴ്ചയോളം ഫ്രിഡ്ജിൽ വെച്ചു സൂക്ഷിക്കാം. എന്നാൽ മൂന്നു നാല് ദിവസത്തിനപ്പുറത്തേക്ക് കടക്കില്ല അപ്പോളേക്കും കുട്ടികൾ തീർത്തു തരും. അത്രക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും ഇഷ്ടം അതിന്റെ ആ പർപ്പിൾ കളർ ആണ്. ആഹാ കാണുമ്പോ തന്നെ കുടിക്കാൻ തോന്നും. ഇതിനു നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ജ്യൂസ് മുന്തിരി -500gm(നല്ല കളർ ഉള്ളത് ആണെങ്കിൽ നല്ലത് ) ബ്ലാക്ക് സീഡ്‌ലസ് മുന്തിരി -250gm…
എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. വ്യത്യസ്ത രൂപത്തിൽ ആണെന്ന് മാത്രം. ഹിന്ദുക്കൾ ശബരിമലക്ക് പോകുന്നതിനു മുന്നോടിയായും, ക്രിസ്ത്യാനികൾ പെസഹ ദിവസത്തിന് മുന്നോടിയായും നാല്പതും അമ്പതും ദിവസങ്ങളിൽ നോമ്പ് പിടിക്കുന്നു. ജൂതന്മാർ എല്ലാ ശനിയാഴ്ചയും (സാബത്തു നാൾ )നോമ്പെടുക്കുന്നുണ്ട്. അങ്ങനെ എല്ലാ സമൂഹങ്ങളിലും വ്രതം നില നിന്നിരുന്നു എന്ന് കാണാം. ചിലർക്ക് മത്സ്യ മാംസാദികൾ ഭക്ഷണത്തിൽ നിന്നൊഴിവാക്കിയാൽ മതി. അതെ സമയം ഇസ്ലാമിലെ നോമ്പിൽ പകൽ പൂർണമായും ആഹാരപാനീയങ്ങൾ ഉപേക്ഷിക്കണം. നോമ്പിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ളത് “നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത(തഖ്വ) യുള്ളവരായി തീരാൻ.” എന്നാണ്. ഇതിൽ നിന്നും മുമ്പുള്ള സമുദായങ്ങൾക്കും നോമ്പ് ഉണ്ടായിരുന്നുവെന്നും ഉദ്ദേശം ജീവിതത്തിനു മേൽ ഒരു കണ്ട്രോൾ പവർ ഉണ്ടാകുവാനും വേണ്ടിയാണു എന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. മനുഷ്യനു തന്റെ മനസിന്റെ മേൽ ഒരു നിയന്ത്രണം കൊണ്ട് വരാൻ സാധിക്കുക എന്നതാണ് ഉദ്ദേശം. നോമ്പ് സമയത്ത് ഉദയം മുതൽ അസ്തമയം വരെ…
