വിലയേറും പാരിതോഷികങ്ങളല്ല, സ്ഥാനമാനങ്ങളല്ല, ആത്മാർത്ഥയോടെ ചെയ്തിടും പ്രവർത്തികൾക്കു നൽകും അംഗീകാരത്തിൻ പുഞ്ചിരിയും നല്ല വാക്കുകളുമല്ലോ മനസ്സെന്നും കൊതിപ്പതും, എന്നാൽ നേടാൻ ദുഷ്കരവും.
Author: Sreeja Ajith
പുരുഷനെന്നു അഭിമാനമോടെ നിവർന്നു നിന്നു പറയാൻ പഠിപ്പിയ്ക്കും മാതാപിതാക്കൾ ഓർത്തിടേണം, മനുഷ്യരായ് ഭൂമിയിൽ പിറന്നിടുമെല്ലാവരും സമന്മാരല്ലോ, അഭിമാനമോടെ ജീവിതം നയിക്കാൻ അവകാശമുണ്ട് ഓരോ മനുഷ്യനും. ഉള്ളിൽ നന്മയും സ്നേഹവും നിറയുകിൽ മാത്രം സ്ത്രീയാകിലും പുരുഷനാകിലും മർത്യജന്മം സാർത്ഥകമായിടൂ.
പ്രഭാതകിരണങ്ങൾ പതിയെ ജാലകപ്പഴുതിലൂടെ വിരുന്നെത്തിടും നേരം, വിദൂരദേശങ്ങളിലെ വിശേഷങ്ങളുമായെത്തിടും വിരുന്നുകാരനല്ലോ ദിനപത്രം. കൗതുകങ്ങൾ, ദുരന്തങ്ങൾ, സ്തോഭജനകമാം കഥകൾ, എല്ലാം ഒറ്റക്കുടക്കീഴിൽ അക്ഷരങ്ങളായ് നിരത്തിടുന്നു. ചുടുചായയോടൊപ്പം ദിനമതിൽ ഉന്മേഷം നിറച്ചിടും സഹയാത്രികനല്ലോ പത്രം.
ലോകമാകും പൂന്തോട്ടത്തിൽ ജന്മമെടുക്കും മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ. സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു പരിപാലിച്ചിടുകിൽ വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി, നയനങ്ങൾക്കമൃതമായിടും. അല്ലായ്കിലോ കരിഞ്ഞു വീണിടുമീ ഭൂമിയിലവർ. ഒരു ദിനമല്ല, ഓരോ ദിനവും കരുതലും സ്നേഹവും നൽകീടണം ശിശുക്കൾക്കു. കാത്തുരക്ഷിക്കേണമവരെ തിന്മ തൻ നിഴൽ തീണ്ടിടാതെ.
ആർദ്രമാം ഹൃദയസരസിൽ നിന്നുറവയെടുത്തു, കനിവോലും വാക്കിൽ നന്മ നിറയും പ്രവർത്തിയിൽ നിറഞ്ഞൊഴുകും സുന്ദരമാം നദിയല്ലോ ദയ.
തനുവരികിലെന്നാലും മനസ്സുകൾ തമ്മിൽ സമുദ്രദൂരങ്ങൾ താണ്ടിപോകേണ്ടും അകലങ്ങൾ സൃഷ്ടിച്ചിടുമ്പോൾ ഇനിയൊരു നാളും അരികിലെത്താനാവാത്ത പോൽ ശിഥിലമായ് പോയിടുന്നു സ്നേഹബന്ധങ്ങൾ.
കയ്പ്പേറും അനുഭവങ്ങൾ കൊണ്ട് പരീക്ഷിച്ചിടും നേരവും ജീവിതം പകർന്നു നൽകും ഇത്തിരി മധുരങ്ങൾ സംതൃപ്തിയോടെ നുകർന്നിടാൻ വേണം മർത്യന് ശുഭപ്രതീക്ഷകൾ മണിദീപം കൊളുത്തിവെച്ച തെളിമയേറും മനം.
ഉള്ളിൽ മധുരമൊരു ഗീതം പോൽ നിറഞ്ഞു തുളുമ്പും അനുരാഗം, എന്നും മനുഷ്യമനസ്സിനെ തരളിതമാക്കിടും മൃദുവികാരം. അനാദികാലം മുതൽ കവികൾ പാടിപുകഴ്ത്തിടും രാഗം.
പ്രഭാകിരണങ്ങൾ ചൊരിഞ്ഞു ചുറ്റിലും നിറയുമന്ധകാരമകറ്റും ദീപത്തിൻ ഒളിമങ്ങിടാതെ കാത്തിടാനായ്, വേണം അഗ്നിയെ ജ്വലിപ്പിച്ചിടും എണ്ണ മുടങ്ങാതെ. നന്മ തൻ കൈത്തിരി തെളിയും മനുഷ്യമനസ്സാം ദീപത്തെ പടുതിരി കത്താതെ, കെടാതെ കാക്കാനായ് സദ് വിചാരങ്ങളാകും എണ്ണ പകർന്നു ചുറ്റിലും നിറയും തിന്മകൾ തൻ പ്രചണ്ഡമാം കൊടുംകാറ്റിൽ നന്മ തൻ തിരിനാളമണയാതെ സൂക്ഷിച്ചിടേണം വിവേകികൾ.
സുഗന്ധം പരത്തി കണ്ണിനും കരളിനും ഇമ്പമേകും മുല്ലപ്പൂക്കൾ, മനോജ്ഞമായൊരു കാഴ്ച തന്നെ. സാമീപ്യം കൊണ്ട് മുല്ലപ്പൂപോൽ ചുറ്റിലും സുഗന്ധം പരത്തി വെളിച്ചമേകും മനുഷ്യരുമുണ്ടൊരുപാട് പേർ നമുക്കുചുറ്റും.
