സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾപൂത്തുലഞ്ഞു നിൽക്കുംനവയൗവ്വനമല്ലോ മർത്യജീവിതത്തിൻ വസന്തകാലം.മോഹങ്ങളെ കൈയ്യിലൊതുക്കിടാൻആവേശം നിറയും കാലം,മാനം തൊട്ടുയർന്നു പറന്നിടാൻഊർജ്ജം സിരകളിൽ നിറയും കാലം.വികാരങ്ങൾ തൻ തിരകളെവിവേകത്തിൻ ചങ്ങലകളാൽനിയന്ത്രിക്കേണ്ടും കാലം.
Author: Sreeja Ajith
പൂർണ്ണതയെന്നത് മനോഹരമാം സങ്കല്പം മാത്രമല്ലോ, പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ, രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ, പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും, അതൃപ്തി തൻ തീയിൽ ഉരുകിടുന്നു. ഉലകിൽ കാണും വസ്തുക്കളെല്ലാം അപൂർണ്ണമായ് തന്നെ ചമച്ചു ദൈവം. സുന്ദരമാം പനിനീർപ്പൂവിനു മൂർച്ചയേറും മുള്ളെന്ന പോലെ, വെളിച്ചത്തിന് പിന്നിലുണ്ട് സുനിശ്ചിതമാം തമസ്സും. കുളിരേകും ശൈത്യം കഴിഞ്ഞാലെത്തും ചുട്ടുപൊള്ളും ഗ്രീഷ്മവും. സമ്പൂർണനല്ല മനുഷ്യനും, പക്ഷേ മനസ്സിൽ നിറയും സംതൃപ്തിയും ശുഭചിന്തകളുമവനെ, പൂർണ്ണത തൻ നിറവിലെത്തിച്ചിടും.
അനന്തമാം സാഗരം പോൽ അറിവുകൾ അനേകമീയുലകിൽ ക്ഷണികമാം തൻ ജീവിതത്തിൽ മർത്യന് സ്വന്തമാക്കീടാൻ കഴിയുവതെത്രെയോ തുച്ഛം.
പുത്തൻ പ്രതീക്ഷകൾ തൻ പുതിയ വെളിച്ചവുമായ് വീണ്ടുമെത്തിടുന്നു നവവാസരം. വരവേറ്റിടാം നമുക്കീ പുതുപുലരിയെ ശുഭചിന്തകളോടെ, ആമോദമോടെ. നന്ദി ചൊല്ലിടാം സർവ്വേശ്വരന് നമുക്കായീ ഭൂവിൽ കനിഞ്ഞുനൽകിയ നിമിഷങ്ങൾക്കായ്, പൊൻപുലരികൾക്കായ്.
വിട പറഞ്ഞകലുമീ വാസരത്തിൻ അന്ത്യമാം നിമിഷങ്ങളിൽ ഓർത്തിടാം നമുക്കീ വർഷം നൽകിയ നന്മകൾ, സന്തോഷങ്ങൾ, പാഠങ്ങൾ, ദുഃഖങ്ങളും, നന്ദിയേകിടാം അവയ്ക്കെല്ലാം. മറക്കാതെ ഓർത്തുവെയ്ക്കേണം ചിലതെല്ലാം, പക്ഷേ പൊറുത്തു നൽകാം അവയെല്ലാം. വരവേറ്റിടാം പുതുവർഷത്തെ കല്മഷം തീണ്ടാ മനമോടെ.
ക്രിസ്തുമസ് എന്നാലോചിയ്ക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്നത് വർണ്ണഭംഗിയേറും നക്ഷത്രവിളക്കുകളാണ്. ജാതിമതഭേദമന്യേ മിക്കവാറും വീടുകളിൽ പല വർണ്ണത്തിലുള്ള നക്ഷത്രങ്ങൾ ഡിസംബർ തുടക്കത്തിലേ തെളിയാൻ തുടങ്ങും. മഞ്ഞിന്റെ തണുപ്പും ഇളം കാറ്റും ചേർന്ന് പ്രകൃതി ഏറ്റവും മനോഹരിയായി അണിഞ്ഞൊരുങ്ങുന്ന കാലം കൂടിയാണ് ക്രിസ്തുമസ് കാലം. ചുറ്റിലും നിറഞ്ഞു നില്ക്കുന്ന ഉത്സവപ്രതീതി മനസ്സിലും ഉന്മേഷത്തിന്റെ അലകൾ വിടർത്തുന്നു. എന്റെ ജന്മദേശമായ തൃശൂർ നഗരം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശമായതിനാൽ നക്ഷത്രവിളക്കുകളും പുൽക്കൂടിനുള്ള അലങ്കാരങ്ങളുമായി നവംബർ മാസം കഴിയാനാവുമ്പോഴേയ്ക്കും ഒരുങ്ങിത്തുടങ്ങും. ഹൈറോഡും ലൂർദ്പള്ളിയുമെല്ലാം പുണ്യജനനത്തിന്റെ വരവേൽപ്പിനായി മായികസൗന്ദര്യം പ്രസരിപ്പിച്ചു നിൽക്കുന്ന കാഴ്ച മനോജ്ഞമാണ്. കാലവർഷവും തുലാവർഷവും കഴിഞ്ഞു വാനം തെളിഞ്ഞു. മഴയുടെ കെടുതികൾ വിട്ടുമാറി. എന്നാൽ വേനൽചൂട് തുടങ്ങിയിട്ടുമില്ല. അങ്ങനെ എല്ലാം കൊണ്ടും സുഖകരമായ കാലാവസ്ഥ.വിപണിയിൽ എങ്ങും നക്ഷത്രങ്ങളും പുൽക്കൂടും ഉണ്ണിയേശുവിന്റെയും മാലാഖമാരുടെയും ചെറുരൂപങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖംമൂടിയും തൊപ്പികളും എങ്ങും കാണാം. കടകളുടെ മുന്നിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ രൂപവും, ചിലയിടങ്ങളിൽ സാന്താക്ലോസിന്റെ വണ്ടിയും…
കണ്ണന്റെ പ്രണയത്തിൻ സാക്ഷിയാം യമുന, വിശ്വമഹാത്ഭുതമാം താജ്മഹലിൻ ഭംഗിയ്ക്ക് മാറ്റ്കൂട്ടിയ പ്രണയനദി. ഇന്നുമൊഴുകിടുന്നു ശാന്തമായെങ്കിലും മനുഷ്യന്റെ ആർത്തി മാലിന്യക്കടലായ് മാറ്റിയീ സുന്ദരചിത്രത്തെ. കണ്ണനും രാധയും ഷാജഹാനുമെല്ലാം ഭൂതകാലത്തിൻ തിരശ്ശീല മാറ്റിനോക്കി നെടുവീർപ്പിടുന്നുണ്ടാകാം നിത്യവും യമുനയെ നോക്കി.
അടിമ തന്നെയെന്നും മനുഷ്യൻ, സ്വന്തം മോഹങ്ങൾ തൻ, ആത്മബന്ധങ്ങൾ തൻ, ദൗർബല്യങ്ങൾ തൻ അടിമ.
മഴവില്ല് പോൽ ഒരിക്കൽ മാഞ്ഞു പോയ സ്വപ്‌നങ്ങൾ, ക്ഷണനേരം മാത്രം തെളിഞ്ഞു നിന്ന സ്നേഹവെളിച്ചങ്ങൾ, പിന്നെയും തിരിച്ചുവരും ചിലപ്പോൾ ജീവിതപാതയിൽ. വീണ്ടുമവയെ എത്തിപ്പിടിയ്ക്കാനോടും ചാപല്യം നിറയും ഹൃദയം. ഓർത്തിടേണമപ്പോൾ അവ പണ്ട് പകർന്നു തന്ന വേദനയും നീറ്റലും. പിന്നെയും ഭ്രമിപ്പിയ്ക്കും മായക്കാഴ്ച്ചകളിൽ സ്വയം മറക്കും ഹൃത്തിനെ ശാസിച്ചു നിർത്തേണം.
സുഗന്ധം പരത്തിയണിഞ്ഞൊരുങ്ങി ഉദ്യാനത്തിനലങ്കാരമായ് നിൽക്കും പാരിജാതസൂനങ്ങൾ നിറയ്ക്കുന്നു മനസ്സിൽ സുന്ദരവാസന്തഋതു പകരും ശുഭപ്രതീക്ഷകൾ തൻ നവ്യാനുഭൂതികൾ.
