”ലിംക ബുക്ക് ഓഫ് റക്കോർഡ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം “ മനോഹരമായി വേഷം ധരിച്ച ഒരു യുവതി മൈക്കുമായി സ്റ്റേജിലേക്കു വന്നു. കല്യാണിയുടെ കൈ പിടിച്ച് പ്രഭ മുൻ നിരയിൽത്തന്നെ ചെന്നിരുന്നു. അരുണും കാർത്തികയും പിറകിലായി വരുന്നതേയുള്ളു. ” 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഞങ്ങൾ നടത്തിയ ഒരു ജനറൽ നോളജ് മത്സരത്തിൻ്റെ വിജയികൾക്ക് മെഡൽ നൽകാനും അവരെ അനുമോദിക്കാനുമാണ് നാമിന്നിവിടെ കൂടിയിരിക്കുന്നത്”. ” ആദ്യമായി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ കൊച്ചു മിടുക്കി കല്യാണി അരുണിനെ വേദിയിലേക്കു ക്ഷണിക്കുന്നു” അരുണിൻ്റെ കൈ പിടിച്ച് ആ നാലു വയസ്സുകാരി സ്റ്റേജിലേക്കു കയറുന്നതു കണ്ട് പ്രഭയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ” ഐ. ടി ഉദ്യോഗസ്ഥരായ അരുണിൻ്റെയും കാർത്തികയുടെയും മകളാണ് എൽ.കെ.ജി.യിൽ പഠിക്കുന്ന കല്യാണി. മോളുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അരുണിൻ്റെ അമ്മ പ്രഭാവതി മാമിനെയും ഞങ്ങൾ അനുമോദിക്കുന്നു. “ ഹർഷാരവങ്ങൾക്കിടയിലൂടെ സമ്മാനങ്ങളും സ്വർണ്ണ മെഡലുമായി കല്യാണിക്കുട്ടി…
Author: Suma Jayamohan
“അമ്മേ… അമ്മേ… അങ്ങോട്ടൊന്നു നോക്ക് “ മോൻ തോളിൽ പിടിച്ചുലച്ചപ്പോഴാണ് ലേഖ കണ്ണുതുറന്നത്. വല്ലാത്തൊരു തലവേദന ഇന്നലെ മുതലേ അലട്ടാൻ തുടങ്ങിയതാണ്. ട്രെയിനിൽ കയറിയപ്പോഴേ മയങ്ങിപ്പോയി. “അമ്മാ എന്തു രസമാ അല്ലേ?” മോൻ വെളിയിലേക്കു കൈ ചൂണ്ടി. പച്ച വിരിച്ച നെൽപ്പാടങ്ങളെ പുറകിലേക്കു തള്ളി മാറ്റി ട്രെയിൻ പായുകയാണ്. ദൂരെ വെള്ളം വറ്റിത്തുടങ്ങിയ പാടങ്ങളിൽ കൊക്കുകളുടെ നീണ്ട നിര കണ്ട് മോനെന്തോ പറഞ്ഞു. ട്രെയിനിൻ്റെ കടകട ശബ്ദത്തിൽ അവൻ്റെ ശബ്ദം അലിഞ്ഞു പോയി. പെട്ടെന്നാണ് വെള്ള ചുരിദാറണിഞ്ഞ ടി. ടി. ഇ യെ കണ്ടത്. പുറംതിരിഞ്ഞു നിന്നിരുന്ന അവർ ആ ഭാഗത്തെ അവസാനത്തെ ടിക്കറ്റും പരിശോധിച്ച് അടുത്ത ഭാഗത്തേക്കു നടന്നു. “ങേ… മേഘയല്ലേ അത്?” രഘുവിൻ്റെ രൂക്ഷമായ നോട്ടത്തിൽ അവൾ ശബ്ദം താഴ്ത്തി. “മുഖത്തിൻ്റെ വശം കണ്ടിട്ട് മേഘയെപ്പോലെ “അവൾ പറഞ്ഞു. ” ഒന്നു മിണ്ടാതിരിക്ക് ലേഖാ, അതാരെങ്കിലുമാകട്ടെ. കഴിഞ്ഞാഴ്ചത്തെ അനുഭവം ഓർമ്മയുണ്ടല്ലോ. ” അവൾ മേഘേ എന്നു വിളിച്ച്…
കുട്ടിത്തം നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങളെയാണ് എങ്ങും കാണാനാവുന്നത്. തോന്നുമ്പോൾ തോന്നുന്നതു ചെയ്ത് ആരെയും വകവെയ്ക്കാതെ തോന്നിയതുപോലെ നടക്കുന്ന നമ്മുടെ മക്കൾക്ക് എന്താണു പറ്റിയത്? വാക്കിലും പ്രവൃത്തിയിലും വയലൻസ് നിറയുകയാണെല്ലായിടത്തും. എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ് ‘ മുതൽ സഹപാഠിയെ മർദ്ദിച്ചു കൊല്ലുന്ന അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതു മുതൽ അക്രമികൾക്കു വീരപരിവേഷം കൽപ്പിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടു വരുന്ന രാസലഹരി വരെ……. ദൈവത്തിൻ്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന നമ്മുടെ കേരളം തന്നെയോ ഇത്?നമ്മുടെയൊക്കെ പ്രതികരണശേഷി നഷ്ടപ്പെട്ടു പോയോ? കണ്ണുകളും കാതുകളും തുറക്കാനേ തോന്നുന്നില്ല. ജന്മം നൽകിയ അച്ഛനേയും അമ്മയേയും സ്നേഹത്താൽ ചേർത്തു നിർത്തേണ്ട കൂടെപ്പിറപ്പുകളേയും പങ്കാളിയേയും സുഹൃത്തുക്കളേയും ഒക്കെ അരിഞ്ഞു വീഴ്ത്താൻ യാതൊരു മടിയുമില്ലാത്ത എത്രയോ പേരാണ് ചുററും. സഹപാഠികളെ ആക്രമിക്കുകയും പ്രാണനെടുക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ മന:സ്ഥിതി നമ്മെ ഭയപ്പെടുത്തുന്നില്ലേ? എന്തൊക്കെ കാരണങ്ങളാണ് നമുക്കു നിരത്താനാവുക? നമ്മുടെ മക്കൾക്ക് എന്തുകൊണ്ടാണ് ഇത്രയും…
വീണ്ടുമൊരു വനിതാദിനം കൂടി കടന്നുപോകുന്നു. ലോകമെമ്പാടും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയാണ്. ലിംഗ സമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി വാദിക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതുമായ ഒരു ആഗോള പ്രസ്ഥാനമായിത്തന്നെ നമുക്ക് ഈ ദിവസത്തെ കണക്കാക്കാം. ഒരോ വർഷത്തേയും വനിതാദിനത്തിന് ഒരു സവിശേഷ പ്രമേയം അഥവാ തീം ഉണ്ടായിരിക്കും. ഈ വർഷത്തെ തീം “പ്രവർത്തനം ത്വരിതപ്പെടുത്തുക ” എന്നതാണ്. ലിംഗസമത്വത്തിലേക്കുള്ള അടിയന്തിര നടപടികൾക്കു ഊന്നൽ നൽകുന്നതാണ് ഈ പ്രമേയം. രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക തുല്യത്യയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ഓർമ്മിപ്പിച്ചും സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുമാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. സ്ത്രീകളെ കൂടുതലായി പൊതുധാരയിലേക്കു നയിക്കാനും, ഇനിയും ലോകത്തിൻ്റെ പല ഭാഗങ്ങളിലും അസമത്വത്തിൻ്റെയും അടിമത്തത്തിൻ്റെയും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അനേകം സ്ത്രീജന്മങ്ങൾക്കു മോചനം നൽകുവാനും ഈ ദിനം നമ്മെ സഹായിക്കുന്നു.…
എന്തൊരു മഴയാണ്. രാവിലെ എഴുന്നേറ്റപ്പോഴേ മഴതന്നെ. വരാന്തയിലേക്കിറങ്ങാൻ പോലും വയ്യാത്ത പോലെ കാറ്റും. ജാലകത്തിനരികിൽ കസേരയിട്ടിരുന്ന് ഗായത്രി പുറത്തെ മഴയിലേക്കു കണ്ണുനട്ടിരുന്നു. വേറെയെന്താണ് ചെയ്യാനുള്ളത്? പെട്ടെന്നാണ് ഒരു വലിയ കാറ്റ് അകത്തേക്കടിച്ചു കയറിയത്. മേശമേലിരുന്ന പേപ്പറുകൾ മുറിയാകെ പറന്നു നടന്നു. അവളെഴുന്നേറ്റു. ആ പേപ്പറുകളോരോന്നായി പെറുക്കിയെടുത്തു. പെട്ടെന്നാണ് അതിലൊന്നിൽ അവളുടെ കണ്ണുകളുടക്കിയത്. പത്രത്തിൻ്റെ കൂടെ വന്ന ഒരു നോട്ടീസാണ്. “നേതാജി ആർട്ട്സ് ആൻ്റ് കൾച്ചറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ തുഷാർ നയിക്കുന്ന ഗാനമേള. ഏപ്രിൽ 2 ന് സോപാനം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഗാനമേളയിലും തുടർന്നുള്ള സാംസ്കാരിക സമ്മേളനത്തിലും എല്ലാ സഹൃദയരേയും സംഗീതപ്രേമികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ” തുഷാർ…… മറവിയുടെ കയങ്ങളിലേക്ക് മന:പൂർവം തള്ളിയിടാൻ ശ്രമിച്ചിട്ടും കൂടുതൽ മിഴിവോടെ ഓർമ്മകളിലേക്കോടിയെത്താറുള്ള പ്രിയ കൂട്ടുകാരൻ. തുഷാറിനേക്കുറിച്ചോർത്തപ്പോൾ തന്നെ ഇളം ചൂടുള്ള ഒരു പുതപ്പുകൊണ്ടു പൊതിഞ്ഞതു പോലെ അവളുടെ മനസ്സു തുടിച്ചു. എത്ര വർഷങ്ങളായിക്കാണും? നീണ്ട പന്ത്രണ്ടു വർഷങ്ങൾ…….. ജീവപര്യന്തം തടവിനു…
“ടീ… പ്രണയത്തിൻ്റെ നിറമെന്താ?” പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ അതു കേട്ടില്ല. അവൻ ചോദ്യം ആവർത്തിച്ചു. അവൾ പുരികമുയർത്തി “എന്തിൻ്റെ നിറം? ചായയുടെയോ?” “എടീ ബുദ്ദൂസേ… പ്രണയത്തിൻ്റെ നിറമെന്താന്നല്ലേ ചോദിച്ചത്?” അവനവളുടെ മെലിഞ്ഞ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു. “എനിക്കറിയില്ല. നീ തന്നെ പറ” “എനിക്കറിയാഞ്ഞിട്ടല്ലേ ചോദിച്ചത് ” അവൾ ഒരു കവിൾ ചായ കുടിച്ചിട്ട് ഗ്ലാസ് താഴെ വെച്ചു “വെളുപ്പ് ” “പോടീ… വെളുപ്പ് സമാധാനത്തിൻ്റെ നിറമല്ലേ? അതൊന്നുമല്ല. ” “അതെന്താ സമാധാനത്തിൻ്റെ നിറം പ്രണയത്തിനു വന്നാൽ…?” അവൾ പണ്ടേ തർക്കിക്കാൻ മിടുക്കിയാണ്. ഫീസു കൊടുക്കാൻ നിവൃത്തിയുണ്ടായിരുന്നെങ്കിൽ അമ്മയവളെ വക്കീലാക്കിയേനേ. “എടീ പ്രണയത്തിൽ എന്നും സമാധാനക്കേടല്ലേ. പിന്നെങ്ങനെ വെളുപ്പാകും?” “ഓ… അതു ശരിയാണല്ലോ. ” അവൾ നഖം കടിച്ചു. “എടീ ഞാൻ പറയാം ചുവപ്പ്… ചുവപ്പു തന്നെ. പ്രണയിക്കുന്നവർ ചുവന്ന…
നമ്മുടെ സംസ്ഥാനത്ത് ചൂടു ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഊഷ്മാവ് ദിനം പ്രതി രണ്ടോമൂന്നോ ഡിഗ്രി കൂടുന്നുവെന്ന് വാർത്തകളിലൂടെ നാമറിയുന്നുണ്ട്. ഈ കടുത്ത ചൂടിൽ നിന്നെങ്ങനെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും? വെയിൽ കൊള്ളാതിരുന്നിട്ടു മാത്രം കാര്യമില്ല. വീട്ടിനുള്ളിലും പൊള്ളുന്ന ചൂടു വായുവാണുള്ളത്. എല്ലാവർക്കും എപ്പോഴും എസിയുടെ തണുപ്പിലിരിക്കാൻ പറ്റുമോ? അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫാനിട്ടാലും തഥൈവ. അപ്പോൾ നാമെങ്ങനെയാണ് ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യുന്നത്? അതിനു പല മാർഗ്ഗങ്ങളുണ്ട്. അവയിൽ ഏറ്റവും എളുപ്പവും ചിലവില്ലാത്തതുമായ മാർഗ്ഗമാണ് ധാരാളം ശുദ്ധജലം കുടിക്കുക എന്നത്. നിങ്ങൾ ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാറുണ്ടോ? ആവശ്യത്തിനു ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നിങ്ങൾക്കറിയില്ലേ? പ്രായപൂർത്തിയായ മനുഷ്യശരീരത്തിൽ 60% ഉം നിങ്ങളുടെ രക്തത്തിൽ 90 % വും ജലമാണ്. വേണ്ടത്ര വെള്ളം കുടിക്കുമ്പോൾ ദശലക്ഷക്കണക്കിനു വഴികളിലൂടെ ശരീരത്തിനു മുഴുവൻ ഗുണം ചെയ്യുകയാണു നാം ചെയ്യുന്നത്. നമ്മുടെ ദഹനത്തിലും രക്തചംക്രമണത്തിലും ജലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രകൃതി…
എന്തൊരിരുട്ടാണ്… ദേഹം മുഴുവൻ പൊടി മൂടി. കണ്ണുതുറക്കാൻ പറ്റുന്നേയില്ല. ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി… ർ… ർ… അലമാര തുറക്കുന്ന ശബ്ദം. ” ചേച്ചീ… ഈ കളിപ്പാട്ടങ്ങളൊക്കെ എടുത്തു മാറ്റട്ടെ? ഇതൊക്കെ വേണ്ടതാണോ? ” അതാരുടെ ശബ്ദമാണ്? കേട്ടു നല്ല പരിചയം തോന്നുന്നല്ലോ. അലമാര തുറന്നു. വെളിച്ചം കണ്ണുകളിലേക്കുതുളച്ചുകയറുന്നു. വളരെ പ്രയാസപ്പെട്ടാണ് കണ്ണുകൾ തുറന്നത്. പൊടി തുടച്ചു വൃത്തിയാക്കാൻ വരുന്ന വിജയൻ ചേട്ടനാണ്. “വിജയാ അതെല്ലാമെടുത്തു താഴെക്കൊണ്ടിട്ടേക്ക്. വെറുതെ സ്ഥലം കളയാൻ വെച്ചിരിക്കുന്നതെന്തിനാ ” അച്ഛനാണല്ലോ “അയ്യോ… വിജയാ കളയല്ലേ. എല്ലാം പുറത്തെടുത്തു വെക്ക്. ഞാനങ്ങോട്ടു വരട്ടെ” അമ്മ ഓടിക്കയറി വരുന്നുണ്ട്. ഇവരെന്നാണു വന്നത്? കുറെ ദിവസമായി കാണാറേയില്ലായിരുന്നു. തുണി വിരിയ്ക്കാൻ മുകളിൽ വരുമ്പോഴൊക്കെ ഞങ്ങളെ ഒന്നു നോക്കാതെ അമ്മ താഴേക്കു പോകാറില്ല. “വിജയാ, ഇത് പൊടിതുടച്ച് ഇവിടെ വെച്ചേക്ക്. ഞാനെടുത്തു വെച്ചോളാം. എന്തൊരു പൊടിയാണ് ” അമ്മ രണ്ടുമൂന്നുവട്ടം തുമ്മി. ” നീയവിടെ ആ പൊടിയിൽ നിൽക്കണ്ട. താഴോട്ടു…
ഇന്ന് ഫെബ്രുവരി 4 : ലോക കാൻസർ ദിനം. അർബുദത്തേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിശോധനകളും ചികിത്സാ രീതികളും പ്രതിരോധ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ വർഷവും ആചരിക്കുന്നൊരു ദിനം. പല സംഘടനകളുടെ കൂട്ടായ്മയായ “ദ ഇൻ്റർനാഷണൽ യൂണിയൻ എഗൈൻസ്റ്റ് കാൻസർ (UICC)ആണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുക, ലോകമെമ്പാടുമുള്ള സർക്കാരുകളേയും വ്യക്തികളേയും കാൻസറിനെതിരേ പ്രതിരോധ നടപടികളെടുക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം 2025-2027 ലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം ‘യുണൈറ്റഡ് ബൈ യുണീക്ക് ” എന്നതാണ്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള കാൻസർ പരിചരണത്തിൻ്റെ വ്യത്യസ്തമായ മാനങ്ങളും മാറ്റങ്ങളുണ്ടാക്കാനുള്ള വഴികളുമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. അവബോധം വളർത്തുന്നതിൽ നിന്നും നടപടികളെടുക്കുന്നതിലേക്കുള്ള ഒരു നീണ്ട യാത്രയാണത്. സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ അതിരുകൾക്കപ്പുറത്തേക്ക് നയിക്കുന്ന ഒരു ഏകീകരണ പരിപാടിയാണിത്. അങ്ങനെ കാൻസറിനെതിരെ ശക്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടും. ‘യുണൈറ്റഡ് ബൈ യുണീക് അഥവാ സവിശേഷതകളുടെ ഐക്യപ്പെടൽ’ എന്ന മുദ്രാവാക്യം…
ഒരു ട്രെയിനിംഗ് പ്രോഗ്രാമിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. തോളൊപ്പം മുറിച്ചിട്ട മുടി. തിളങ്ങുന്നതെങ്കിലും വിഷാദച്ഛവികലർന്ന കണ്ണുകൾ. ഒരു നനുത്ത പുഞ്ചിരി ചുണ്ടുകൾക്കിടയിൽ ഒളിച്ചു കളിക്കുന്നുണ്ട്. ഒരു പിങ്കു ചൂരിദാറണിഞ്ഞ് ഹാളിൻ്റെ ഓരത്തുള്ളൊരു കസേരയിലിരുന്ന് അതീവ ശ്രദ്ധയോടെ നോട്ടുകൾ കുറിച്ചെടുക്കുന്ന ഒരു യുവതി. എന്തോ കാര്യത്തിന് രഞ്ചു പുറകിൽ നിന്നു വിളിച്ചപ്പോഴാണ് അവളെൻ്റെ കണ്ണിലുടക്കിയത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമിനെത്തിയതായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അൻപത് കെമിസ്ട്രി അദ്ധ്യാപകർ. മടുപ്പിക്കുന്ന വീട്ടു ജോലികളിൽ നിന്നും ആസിഡ് മണം നിറഞ്ഞ ലാബുകളിൽ നിന്നും പഠിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു പറ്റം ടീനേജുപിള്ളേരിൽ നിന്നും താൽക്കാലികമായെങ്കിലും ഒരു മോചനം ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. കാത്തു കാത്തിരുന്നു മഴ ലഭിച്ച വേഴാമ്പലുകളേപ്പോലെ ആഹ്ലാദഭരിതമായ മനസ്സുകളുമായാണ് ഞങ്ങൾ വന്നെത്തിയത്. ഭർത്താവിനേയും മക്കളേയും കുറിച്ചുള്ള…
