അത്യുഷ്ണം വിതച്ചു സൂര്യൻ ഉഗ്രതാണ്ഡവമാടിയ ആ മധ്യാഹ്‌നവേളയിൽ സുമതിയുടെ മനസ്സും ഉരുകുകയായിരുന്നു. അസ്വസ്ഥത നുരയുന്ന മനസ്സിനെ ശാന്തമാക്കാൻ കുറച്ചു നേരം കണ്ണടച്ച് കിടന്നുറങ്ങാൻ ശ്രമിച്ചു. പക്ഷേ ഉറക്കം അകലെയാണ്. നാളെ കൂടിയേ ഈ വീട്ടിൽ കഴിയാനാകൂ. അതു കഴിഞ്ഞാൽ ഇവിടുന്നിറങ്ങണം. പിന്നെയുള്ള ദിവസങ്ങൾ ആ ഒറ്റമുറിവീട്ടിൽ തള്ളിനീക്കണം. അവിടുന്ന് ആർക്കും ഇറക്കിവിടാനാവില്ല എന്നൊരു സമാധാനമുണ്ട്. ഒരു ആയുസ്സിന്റെ ശേഷിപ്പായി കിട്ടിയതാണ് ആ വീട്. പക്ഷേ ആരോടും പരാതിയില്ല. വെറുമൊരു വേലക്കാരിയ്ക്ക് ഇത്രയെങ്കിലും തരാൻ താരമോൾക്കും ഹരിക്കുഞ്ഞിനും തോന്നിയല്ലോ. അതു തന്നെ അവരുടെ നല്ല മനസ്സ്. നാല്പതു വർഷം ഇവിടെ കഴിഞ്ഞു കൂടി ഈ വീടിന്റെ ഭാഗമായപ്പോൾ വേലക്കാരിയാണെന്ന് മറന്നു പോയിരുന്നു. സുമതിയുടെ മനസ്സിൽ ഭൂതകാലത്തിലെ രംഗങ്ങൾ തെളിഞ്ഞു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ ആയിരുന്നെങ്കിലും മൂന്നു പെണ്മക്കളെയും അച്ഛനും അമ്മയും കരുതലോടെ വളർത്തി. പഠിപ്പ് നിർത്തി തയ്യൽ പഠിക്കുന്ന കാലത്താണ് ദാസനെ ആദ്യമായി കാണുന്നത്. അയാളുടെ നോട്ടവും ഭാവവുമൊന്നും ആദ്യം മുതൽക്കേ ഇഷ്ടമായിരുന്നില്ല.…
Author: Sreeja Ajith
മനുഷ്യമനസ്സിൽ നന്മ തൻ വെളിച്ചം മങ്ങിത്തുടങ്ങുമീ ദിനങ്ങൾ കലികാലത്തിൻ ലക്ഷണമോ? ഓർത്തുനോക്കിയാലറിയാം സത്യം, തിന്മയും നന്മയുമുണ്ടായിരുന്നു ഉലകിൽ അനാദികാലം മുതലേ, ധർമ്മത്തെ നിലനിർത്തുവാനല്ലോ ഭൂമിയിൽ അവതാരങ്ങൾ വന്നതും പ്രവർത്തിച്ചതും. സമ്പത്തിനും സൗഭാഗ്യങ്ങൾക്കുമായ് അന്യന്റെ രക്തം ചിന്തിടാൻ മടിയില്ലാ മനുഷ്യമനസ്സിലല്ലോ കരാളരൂപിയാം കലി തൻ വാസം.
“ആരായിരിക്കും ഈ കൊറിയർ അയച്ചത്?” ശുഭ ഓർമ്മകളിൽ തിരഞ്ഞു. രാവിലെ ഒരു കൊറിയർ ഉണ്ടെന്നു പറഞ്ഞു ഫോൺ വന്നപ്പോൾ തുടങ്ങിയ ആകാംക്ഷയാണ്. പാക്കറ്റിലെ അഡ്രസ് നോക്കി. ഏതോ ഒരു നിതിൻ ആണ് അയച്ചിരിക്കുന്നത്. അങ്ങനെ ഒരു പേര് ഓർമ്മയിൽ തിരഞ്ഞു പരാജയപ്പെട്ടു. പൊതി തുറന്നപ്പോൾ ഒരു നീലക്കടലാസ്സ് താഴെ വീണു. പരിചിതമായ കയ്യക്ഷരം കണ്ടപ്പോൾ ഹൃദയം ഒരു നിമിഷം നിലച്ചു. വിറയ്ക്കുന്ന കൈകളോടെ കത്ത് വായിച്ചു. “ശുഭയ്ക്ക്, ഇത്രയും നാളുകൾക്കു ശേഷം വീണ്ടും നിന്റെ ജീവിതത്തിലേക്ക് കടന്നു കയറുന്നതിൽ തെറ്റുണ്ടോ എന്നറിയില്ല. എങ്കിലും എന്റെ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുമ്പോൾ അതിന്റെ ആദ്യത്തെ കോപ്പി നിനക്ക് അയയ്ക്കാതിരിക്കാൻ കഴിയുന്നില്ല. നിതിൻ എന്റെ സഹായിയാണ്. ഇതു നമ്മുടെ കഥയാണ്. പറയാൻ കഴിയാതെ പോയ എന്റെ മനസ്സ് ഇതിലുണ്ട്. വായിക്കുമല്ലോ. ഒരു പാട് സ്നേഹത്തോടെ, ……………………….. വിഷ്ണു.” കണ്ണുനീർ കാഴ്ചയെ മറയ്ക്കുവോളം അവൾ ആ കത്തിലേയ്ക്ക് നോക്കി നിന്നു. പുസ്തകത്തിന്റെ പേര് വായിച്ചു. “പറയാതെ പോയത്…
പാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ കഴിയുവത് തന്നെ മനുഷ്യജീവിതത്തിലെ മഹാഭാഗ്യം.
വരവുചെലവുകൾ തൻ കണക്കുകൾ കൃത്യമായ്, സന്തുലനം ചെയ്തു മുന്നോട്ട് പോകുകിൽ ധനത്തിനു ക്ഷാമം നേരിടുകില്ല ചിലപ്പോൾ, അപ്രതീക്ഷിതമാം വഴിത്തിരിവുകൾ നൽകി ജീവിതം പരീക്ഷിച്ചിടാതിരുന്നാൽ. പണത്തിൻ കണക്കു തുലനം ചെയ്യുന്നത് പോൽ, സരളമല്ല സ്നേഹത്തിൻ കൊടുക്കൽ വാങ്ങലുകൾ, ഏറെ സ്നേഹം പകർന്നു കൊടുത്താലും ചിലപ്പോൾ, അവഗണന മാത്രം തിരികെ ലഭിച്ചിടും. ആത്മാർഥതയോടെ ചെയ്യും കർമ്മങ്ങൾ തെറ്റിദ്ധരിച്ചു പഴിച്ചിടും ലോകം. കണക്കു വെച്ചിടാം പണത്തിനു, പക്ഷേ,അളക്കാൻ കഴിയില്ല മനുഷ്യമനസ്സിനെ.
ഇപ്പോൾ കുറച്ചു ദിവസങ്ങളായി നാം എന്നും വായിക്കുന്ന വാർത്തകളിൽ കൗമാരക്കാരായ കുട്ടികളുടെയും യൗവനത്തിലേയ്ക്ക് കാലൂന്നിയ ചെറുപ്പക്കാരുടെയും അക്രമസ്വാഭാവമാണല്ലോ നിറഞ്ഞു നിൽക്കുന്നത്. ആരാണ് ഇതിനു കാരണം? ഒരു പരിധി വരെ മുതിർന്നവർ തന്നെയാണ്. ഈ സംഭവങ്ങളുടെ തുടക്കം കുറിച്ചത് മൊബൈൽ ഫോൺ പിടിച്ച അധ്യാപകനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയ വിദ്യാർത്ഥയുടെ വാർത്തയാണ്. അതിൽ ആ വിദ്യാർത്ഥിയെ പിന്താങ്ങുന്ന അനേകം പേർ ഉണ്ടെന്നത് ഒരു അദ്ധ്യാപിക എന്ന നിലയിൽ എനിക്ക് അങ്ങേയറ്റം വേദനാജനകമായി തോന്നി. ഏറ്റവും വെറുക്കപ്പെടേണ്ടവരാണ് അധ്യാപകർ എന്ന രീതിയിലാണ് അതിൽ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മൊബൈൽ ഫോൺ സ്കൂളിൽ നിരോധിച്ചിട്ടുള്ളത് ഗവണ്മെന്റ് തന്നെയാണ്. ഇനി അത് സ്കൂളിൽ അനുവദിച്ചാൽ എത്ര രക്ഷിതാക്കൾ ആ തീരുമാനത്തെ അനുകൂലിക്കും എന്ന് കൂടി ഒന്ന് ആലോചിച്ചു നോക്കുക. മൊബൈൽ ഫോൺ എന്തെങ്കിലും അത്യാവശ്യത്തിനു കൊണ്ടു വന്നാൽ അത് ക്ലാസ്സ് തീരുന്നത് വരെ ക്ലാസ്സ് ടീച്ചറെ ഏല്പിക്കാനുള്ള സൗകര്യം മിക്കവാറും സ്കൂളുകൾ ചെയ്യാറുണ്ട്. എന്നിട്ടും ആ വിദ്യാർത്ഥി ഫോൺ കയ്യിൽ…
അടുത്തൊരു ജന്മമുണ്ടെങ്കിൽ, സ്ത്രീയാകണോ പുരുഷനാകണോ, എന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ ഏതു സ്വീകരിക്കും? പലരും പല മറുപടികളും പറയുമായിരിക്കും. പക്ഷേ ഇനിയെത്ര ജന്മങ്ങളുണ്ടെങ്കിലും എനിക്ക് സ്ത്രീയായിത്തന്നെ ജനിച്ചാൽ മതി. നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഏതൊരു കാര്യത്തിനും ഗുണവും ദോഷവുമുണ്ട്. “പെണ്ണായിപ്പിറന്നെന്നാൽ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ?”എന്ന് കവി പാടിയത് ചില സ്ത്രീകൾക്ക് മാത്രമേ ബാധകമാവുന്നുള്ളു. സ്ത്രീകൾ എല്ലാ രംഗത്തും മുന്നേറുന്ന ഇക്കാലത്ത് കണ്ണീരു കുടിക്കണോ അതോ പ്രതികരിക്കണോ എന്ന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കുറച്ചു പേർക്കെങ്കിലുമുണ്ട്. കുറച്ചു പേർ എന്നു പറഞ്ഞത് മനഃപൂർവം തന്നെയാണ്. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട അഫ്ഗാനിലെ പെൺകുട്ടികൾ മനസ്സിൽ വരുന്നു. കിരാതന്മാർ അഴിഞ്ഞാടുന്ന ഒരു സാഹചര്യത്തിൽ ഏതൊരു മനുഷ്യനും ദുരിതങ്ങൾ അനുഭവിയ്ക്കുമ്പോൾ സ്ത്രീകൾ കൂടുതൽ കഷ്ടത്തിലാകുന്നു എന്നത് സത്യം തന്നെയാണ്.ആർഷഭാരത ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന രാമായണത്തിലും മഹാഭാരതത്തിലും പോലും സ്ത്രീകൾ പല ഉത്തമപുരുഷന്മാരുടെയും ഇച്ഛയ്ക്കനുസരിച്ചു മത്സരസമ്മാനവും, വനത്തിൽ ഉപേക്ഷിച്ചു കളയേണ്ടവളും, പണയ വസ്തുവും അഗ്നിശുദ്ധി നേടേണ്ടവളും അപമാനം ഭയന്നു…
മണ്ണുപോലവൾ പെണ്ണ് ജലവും പോഷകങ്ങളും കിട്ടിയെന്നാൽ, സ്നേഹത്തിൻ, കരുതലിൻ കരങ്ങൾ ചുറ്റുമുണ്ടെന്നാൽ വിത്തുകളെയുള്ളിൽപ്പേറി, നവമുകുൾക്ക് ജന്മമേകുന്നവൾ. സ്നേഹശൂന്യത തൻ താപത്തിൽ ഊഷരഭൂവായ് മാറുന്നവൾ. പൂപോൽ മൃദുലമാം പുറന്തോടിനുള്ളിൽ കാരിരുമ്പിൻ കരുത്തു പേറുന്നവൾ പെണ്ണ്. നീതി നിഷേധിച്ചിടുമ്പോൾ കണ്ണകിയെപ്പോൽ രാജപഥങ്ങൾ ചുട്ടെരിച്ചിടാൻ ശക്തമല്ലോ അവളുടെ നിശ്ചയദാർഢ്യം.
ജീവിതം മുന്നിൽ വെച്ചിടും മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും, സമ്പത്തും സൗഭാഗ്യവും ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും, അന്യർ തൻ നൊമ്പരങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ, വിജയാഹ്ലാദത്തിൽ അന്യർ തൻ കണ്ണീർ കലർന്നിട്ടുണ്ടെങ്കിൽ, വിജയിയെന്ന നേട്ടം ജലരേഖ പോൽ ക്ഷണികം.
മനുഷ്യജീവിതത്തെ അനുദിനം പുരോഗതിയിലെത്തിച്ചിടാൻ ശാസ്ത്രത്തിൻ സംഭാവനകൾ അതുല്യം തന്നെ. ലോകത്തെ കൈക്കുമ്പിളിലാക്കി മർത്യൻ ശബ്ദവേഗത്തിൽ സഞ്ചരിച്ചവൻ. ആകാശവും അലയാഴിയും കീഴടക്കി മർത്യൻ, ശാസ്ത്രത്തിൻ സഹായമോടെ. ശാസ്ത്രമെത്ര മഹത്തരമായാലും നന്മയ്ക്കായ് ഉതകിടാൻ വിവേകമോടെ ഉപയോഗിച്ചിടേണം നാം.
